World News
ഫലസ്തീന്‍ അനുകൂല പ്രതിഷേധവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ 300ലധികം വിസകള്‍ റദ്ദാക്കി; അവകാശവാദവുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 28, 02:51 am
Friday, 28th March 2025, 8:21 am

വാഷിങ്ടണ്‍: ഫലസ്തീന്‍ അനുകൂല പ്രതിഷേധവുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് 300ലധികം വിസകള്‍ റദ്ദാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥിയായ തുര്‍ക്കി യുവതിയെ കസ്റ്റഡിയില്‍ എടുത്തതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുമ്പോഴാണ് റൂബിയോ ഇക്കാര്യം വ്യക്തമാക്കിയത്.

ഗയാനയില്‍വെച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്ന റൂബിയോ ഫലസ്തീന്‍ അനുകൂലികളെ ഭ്രാന്തന്മാര്‍ എന്നും വിശേഷിപ്പിക്കുകയുണ്ടായി.

ദിവസങ്ങള്‍ക്ക് മുമ്പാണ് യു.എസിലെ ടഫ്റ്റ്‌സ് യൂണിവേഴ്സിറ്റിയിലെ തുര്‍ക്കി വിദ്യാര്‍ത്ഥിയായ റുമസ്യ ഒസ്തുര്‍ക്കിനെ യു.എസ് ഏജന്റുമാര്‍ കസ്റ്റഡിയിലെടുത്തത്. തൊട്ടുപിന്നാലെ ഇവരുടെ വിസയും റദ്ദാക്കി. ഫലസ്തീനെ പിന്തുണയ്ക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നടപടിയായിരുന്നു ഇത്.

‘ഇപ്പോള്‍ 300ല്‍ അധികം ആളുകളുടെ വിസ റദ്ദാക്കിയിട്ടുണ്ടാകാം. ഞങ്ങള്‍ എല്ലാ ദിവസവും ഇത് ചെയ്യുന്നുണ്ട്. ഈ ‘ഭ്രാന്തന്മാരെ’ കാണുമ്പോഴെല്ലാം ഞാന്‍ അവരുടെ വിസ എടുത്തുകളയും,’ മാര്‍ക്കോ റൂബിയോ പറഞ്ഞു.

ഇത്തരത്തില്‍ പ്രതിഷേധക്കാരെ നാടുകടത്തുന്ന പ്രക്രിയ എപ്പോഴെങ്കിലും അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അതിനായി ഇവര്‍ക്കുവേണ്ടി എല്ലാ ദിവസവും തെരച്ചില്‍ നടത്തുന്നുണ്ടെന്നും റൂബിയോ പ്രതികരിച്ചു.

ഒസ്തുര്‍ക്കിന്റെ വിസ റദ്ദാക്കിയത് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ വിസ റദ്ദാക്കലിലേക്ക് നയിച്ച കാരണമെന്താണെന്ന് റൂബിയോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് വഴി യു.എസില്‍ ഉപരിപഠനത്തിനെത്തിയ ഒസ്തുര്‍ക്ക് ടഫ്റ്റ്‌സിലെ ചൈല്‍ഡ് സ്റ്റഡി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഡോക്ടറല്‍ പ്രോഗ്രാമിലെ വിദ്യാര്‍ത്ഥിയാണ്. എഫ്-1 വിസയിലാണ് ഇവര്‍ യു.എസില്‍ തങ്ങിയിരുന്നത്.

ഇസ്രഈലുമായി ബന്ധമുള്ള കമ്പനികളില്‍ നിന്ന് പിന്മാറാനും ഫലസ്തീന്‍ വംശഹത്യയെ അംഗീകരിക്കാനുമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ സര്‍വകലാശാല നിരാകരിച്ചിരുന്നു. സര്‍വകലാശാലയുടെ ഈ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ക്യാമ്പസ് പത്രമായ ടഫ്റ്റ്‌സ് ഡെയ്‌ലിയില്‍ ഒസ്തുര്‍ക്ക് ഒരു വര്‍ഷം മുമ്പ് ഒരു ഒപ്പീനിയന്‍ എഴുതിയിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് സൂചന.

Content Highlight: US Secretary of State claims we have cancelled over 300 visas in connection with pro-Palestinian protests