മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ടിനി ടോം. മിമിക്രിയില്‍ നിന്നാണ് അദ്ദേഹം സിനിമയിലേക്ക് വരുന്നത്. 1998ല്‍ പുറത്തിറങ്ങിയ പഞ്ചപാണ്ഡവര്‍ ആയിരുന്നു ടിനി ടോമിന്റെ ആദ്യ സിനിമ.
എന്നാല്‍ മമ്മൂട്ടി നായകനായ പട്ടാളം എന്ന ചിത്രത്തിലൂടെയാണ് ടിനി സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. മമ്മൂട്ടി നായകനായ രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന് കരിയര്‍ ബ്രേക്ക് ലഭിക്കുന്നത്.
ടിനി ടോമിന്റെ കരിയറിലെ മികച്ച സിനിമകളില്‍ ഇന്നും ആളുകള്‍ ഓര്‍ക്കുന്ന സിനിമയാണ് ഇന്ത്യന്‍ റുപ്പി. 2011ല്‍ പൃഥിരാജ് സുകുമാരനെ നായകനാക്കി രഞ്ജിത്തായിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്.
ചിത്രത്തില്‍ നടന്‍ തിലകനും ഒരു പ്രധാനവേഷത്തില്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ തിലകനെ കുറിച്ച് പറയുകയാണ് ടിനി ടോം. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടിനി.
‘എന്റെ അപ്പന് ഏറ്റവും ഇഷ്ടമുള്ള സിനിമാ നടന്‍ ആയിരുന്നു തിലകന്‍ ചേട്ടന്‍. അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചപ്പോഴാണ് അപ്പന് എന്നോട് ഒരു താത്പര്യമൊക്കെ തോന്നിയത്. ‘ഇവന്‍ അവിടെ വരെയൊക്കെ എത്തിയോ’ എന്നാകും അദ്ദേഹം ചിന്തിച്ചത്.
അപ്പന് തിലകന്‍ ചേട്ടനെ അത്രയേറെ ഇഷ്ടമാണ്. ഏകദേശം തിലകന്റെ സ്വഭാവം തന്നെയായിരുന്നു അപ്പന് ഉണ്ടായിരുന്നത്. കുട്ടികളുടെ ദുര്‍വാശി മാത്രമായിരുന്നു അദ്ദേഹത്തിന്. തോന്നിയതൊന്നും വിളിച്ചു പറയല്ലേയെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ‘പറയണ്ടല്ലേ. എന്നാല്‍ വേണ്ട’ എന്നാണ് അദ്ദേഹം പറയുക.
നമ്മള്‍ ചോറ് തിന്നുമ്പോള്‍ ‘അധികം ചോറ് തിന്നരുത്. ഷുഗര്‍ വരും’ എന്നാകും അദ്ദേഹം പറയുക. പക്ഷെ ആ സമയത്ത് ചേട്ടന്‍ തിന്നുന്നത് അലുവയാകും.
ചേട്ടന്‍ അലുവ ആണല്ലോ തിന്നുന്നതെന്ന് ചോദിച്ചാല്‍ ‘ഞാന്‍ തോന്നിവാസിയല്ലേ. എനിക്ക് എന്തുമാകാം. നീ അങ്ങനെയല്ലല്ലോ’ എന്നാണ് തിലകന്‍ ചേട്ടന്‍ പറയുക (ചിരി),’ ടിനി ടോം പറയുന്നു.
Content Highlight: Tini Tom Talks About Thilakan