national news
ജമ്മു കാശ്മീർ; ലൈലത്തുൽ ഖദർ ദിനത്തിൽ ഔഖാഫ് ജുമാ മസ്ജിദിൽ നമസ്‌കാരം നിരോധിച്ച നടപടിയെ അപലപിച്ച് മിർവായിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
3 days ago
Friday, 28th March 2025, 7:04 am

ശ്രീനഗർ: പഴയ ശ്രീനഗർ നഗരത്തിലെ ചരിത്രപ്രസിദ്ധമായ ഔഖാഫ് ജുമാ മസ്ജിദിൽ ഷബ്-ഇ-ഖദ്ർ നമസ്കാരം വിലക്കിയ അധികാരികളുടെ തീരുമാനത്തെ അപലപിച്ച് കശ്മീരിലെ മുഖ്യ പുരോഹിതൻ മിർവൈസ് ഉമർ ഫാറൂഖ്.

വ്യാഴാഴ്ചക്കും വെള്ളിയാഴ്ചക്കും ഇടയിലുള്ള രാത്രിയിൽ, ചരിത്രപ്രസിദ്ധമായ ഔഖാഫ് ജുമാ മസ്ജിദിൽ രാത്രി മുഴുവൻ പ്രാർത്ഥനകൾ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെന്ന് എക്‌സിലെ ഒരു പോസ്റ്റിൽ മിർവായിസ് പറഞ്ഞു. ഈ തീരുമാനം അപലപനീയവും ഖേദകരവുമാണെന്ന് അദ്ദേഹം പറഞ്ഞു.

‘ലൈലത്തുൽ ഖദറിന്റെ വളരെ ആദരണീയമായ രാത്രിയിൽ, ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾ വിശുദ്ധവും അനുഗ്രഹീതവുമായ രാത്രിയിലുടനീളം അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും പാപമോചനം തേടുകയും ചെയ്യുമ്പോൾ, ശ്രീനഗറിലെ ഔഖാഫ് ജുമാ മസ്ജിദ് കേന്ദ്രം ജനങ്ങൾക്ക് വേണ്ടി തുറന്ന് കൊടുക്കില്ലെന്നും, അടച്ചിടുമെന്നും അവിടെ ശബ്ബത്തോ പ്രാർത്ഥനകളോ അനുവദിക്കില്ലെന്നും അധികാരികൾ അറിയിച്ചു.

തലമുറകളായി ഈ രാത്രിയിൽ ജുമാ മസ്ജിദ് സന്ദർശിക്കുന്ന പതിനായിരക്കണക്കിന് മുസ്‌ലിങ്ങൾക്ക് ആരാധനയും പ്രാർത്ഥനയും നിഷേധിക്കുകയാണ് അധികാരികൾ ചെയ്യുന്നത്. ഇത് അങ്ങേയറ്റം ഖേദകരവും അപലപനീയവുമാണ്, ഇത് അവർക്കും എനിക്കും വലിയ ദുഃഖവും നിരാശയും ഉണ്ടാക്കുന്നു,’ അദ്ദേഹം കുറിച്ചു.

സംഭവത്തിൽ ജില്ലാ അധികാരികളോ പൊലീസോ ഇതുവരെയും മറുപടി നൽകിയിട്ടില്ല. അതേസമയം, മുൻ മുഖ്യമന്ത്രിയും പി.ഡി.പി പ്രസിഡന്റുമായ മെഹബൂബ മുഫ്തിയും പള്ളി അടച്ചുപൂട്ടിയതിനെ അപലപിച്ചു.

ലൈലത്തുൽ ഖദറിലെ പുണ്യരാത്രിയിൽ ഔഖാഫ് മസ്ജിദ് അടച്ചുപൂട്ടിയത് കശ്മീരികൾക്കെതിരെ ചുമത്തിയ കൂട്ടശിക്ഷയുടെ മറ്റൊരു ഉദാഹരണമാണെന്ന് അവർ പറഞ്ഞു.

‘വിഘടനവാദം ഇല്ലാതാക്കിയെന്ന് അവകാശപ്പെടുകയും ആഘോഷിക്കുകയും ചെയ്യുന്ന സർക്കാർ ഓരോ കശ്മീരിയെയും വിഘടനവാദിയായി കാണുന്നത് തുടരുന്നു. എല്ലാവരും വളരെയധികം വിലമതിക്കുന്ന ഒരു രാത്രിയിൽ ഒരു ചരിത്രപ്രസിദ്ധമായ പള്ളിയിൽ ആരാധനാ അനുവദിക്കാതെ അടച്ചിടുമ്പോൾ, കാശ്മീരിൽ സാധാരണാവസ്ഥ പുനഃസ്ഥാപിച്ചുവെന്ന അവരുടെ വാദം തെറ്റാണെന്നത് തുറന്ന് കാട്ടുന്നു,’ മുഫ്തി പറഞ്ഞു.

താഴ്വ‌രയിൽ താമസിക്കുന്ന കശ്മീരി പണ്ഡിറ്റുകളുടെ സംഘടനയായ കശ്മീരി പണ്ഡിറ്റ് സംഘർഷ് സമിതിയും ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ജുമാ മസ്ജിദിൽ ഷബ്-ഇ-ഖദ്ർ പ്രാർത്ഥന നിരോധിച്ചതിന് അധികാരികളെ ശക്തമായി വിമർശിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ സാധാരണ നിലയിലാണെന്ന സർക്കാരിന്റെ വാദത്തെയും അവർ ചോദ്യം ചെയ്തു.

 

Content Highlight: J&K: Mirwaiz Umar Farooq condemns ban on Shab e Qadr prayers