ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പൊലീസുകാർ മരണപ്പെട്ടു. ആക്രമണം നടത്തിയ മൂന്ന് ഭീകരരെ വധിച്ചുവെന്നും പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ജമ്മു കശ്മീർ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് നേതൃത്വം നൽകി സൈന്യത്തിന്റെയും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിന്റെയും (സി.ആർ.പി.എഫ്) സഹായത്തോടെ നടന്ന ഏറ്റുമുട്ടലിൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഉൾപ്പെടെ ഏഴ് പൊലീസുകാർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ കത്വയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസോ സുരക്ഷാ സേനയെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഒരു സെലക്ഷൻ ഗ്രേഡ് കോൺസ്റ്റബിൾ ഉൾപ്പെടെ മരിച്ച മൂന്ന് പൊലീസുകാരും എസ്.ഡി.പി.ഒ ബോർഡറിലെ പി.എസ്.ഒമാരാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് (ജെ.ഇ.എം) അംഗങ്ങളാണെന്ന് കരുതപ്പെടുന്ന ഒരു കൂട്ടം തീവ്രവാദികൾക്കായി ജമ്മു കശ്മീർ പൊലീസിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്ബാഗിലെ ഘാട്ടി ജുത്താന പ്രദേശത്തെ ജാഖോലെ ഗ്രാമത്തിന് സമീപമാണ് ആക്രമണം നടന്നത്. ഏകദേശം അഞ്ച് തീവ്രവാദികളായിരുന്നു വെടിവെയ്പ്പ് നടത്തിയത്. ഹിരാനഗറിൽ ഞായറാഴ്ച നടന്ന വെടിവയ്പ്പിനുശേഷം രക്ഷപ്പെട്ട അതേ ഭീകര സംഘമാണ് ഈ ഏറ്റുമുട്ടലിൽ ഉൾപ്പെട്ട തീവ്രവാദികൾ എന്ന് സുരക്ഷാ ഏജൻസികൾ സംശയിക്കുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അന്താരാഷ്ട്ര അതിർത്തിക്കടുത്തുള്ള സാനിയാൽ ഗ്രാമത്തിലെ വനങ്ങളിൽ താമസിക്കുന്ന ഒരു പ്രാദേശിക ദമ്പതികളാണ് തീവ്രവാദികളെ ആദ്യം കണ്ടത്. വിറക് ശേഖരിക്കുമ്പോഴായിരുന്നു ഗണേശും ഭാര്യ ജ്യോതിയും തീവ്രവാദികളെ കണ്ടത്.
Content Highlight: 3 policemen killed, 3 terrorists gunned down in encounter in J&K’s Kathua