‘വിശുദ്ധ അംബ്രോസ്’ എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്ത വ്യക്തിയാണ് ഗിരീഷ് എ. ഡി. പരിമിതമായ സമയപരിധിയില്‍ നിന്ന് കൊണ്ട് തന്നെ തന്റെ ക്രാഫ്റ്റ് തെളിയിച്ച സംവിധായകനാണ് അദ്ദേഹം. സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ അരങ്ങേറിയ രസകരമായ മുഹൂര്‍ത്തങ്ങളായിരുന്നു വിശുദ്ധ അംബ്രോസ്.
തുടര്‍ന്ന് ബിലഹരിയുടെ ‘അള്ളു രാമേന്ദ്രന്‍’ എന്ന ചിത്രത്തില്‍ സഹ രചയിതാവായി ഒരു മുഴുനീള സിനിമയില്‍ ഗിരീഷ് തന്റെ തുടക്കം കുറിച്ചു. തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ ഗിരീഷ് എന്ന യുവസംവിധായകനെ മലയാള സിനിമക്ക് സമ്മാനിക്കുകയാണ് ജോമോന്‍ ടി ജോണിന്റെ നിര്‍മ്മാണ സംരംഭം.
സ്‌കൂള്‍ കാലഘട്ടം പ്രമേയമാക്കി ചിത്രീകരിച്ച സിനിമകള്‍ ഒരുപാട് നിലനില്‍ക്കെ തന്നെ വേറിട്ട് നില്‍ക്കുന്ന ഹാസ്യ നിമിഷങ്ങള്‍ കൊണ്ട് നിറഞ്ഞു നില്‍ക്കുന്ന ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍.
ജെയ്‌സണ്‍ എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ജീവിതത്തെ ചുറ്റി പറ്റി നില്‍ക്കുന്ന കഥാ സന്ദര്ഭങ്ങളാണ് ചിത്രത്തില്‍ ഉടനീളം. അവന്റെ ജീവിതത്തിലേക്ക് യാദൃശ്ചികമായി വന്ന് ചേരുന്ന വ്യക്തികളും, അവമൂലം ഭവിക്കുന്ന സംഭവങ്ങളെ ഹാസ്യത്തിന്റെ ഭാഷയില്‍ പറയുകയാണ് സംവിധായകന്‍. .പ്ലസ് വണ്‍, പ്ലസ് ടൂ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍ സംഭവിക്കുന്ന നര്‍മ്മ മുഹൂര്‍ത്തങ്ങളെ പ്രേക്ഷകനോട് ലളിതമായി പറയുന്നതില്‍ വിജയിച്ച ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍.
കൃത്യമായ കഥയെ പിന്തുടര്‍ന്ന് പോകുന്ന ശൈലിയല്ല സംവിധായകന്‍ പിന്തുടരുന്നത്, പകരം സ്‌കൂള്‍ കാലഘട്ടത്തില്‍ സംഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള സന്ദര്‍ഭങ്ങളെ റിയലിസ്റ്റിക് പരിചരണത്തിലൂടെ പറയുന്ന ശൈലിയാണ്.
ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നിറച്ച് കൈയ്യടികള്‍ വാങ്ങുവാന്‍ ഒരു ശ്രമവും ചിത്രത്തിന്റെ ഭാഗത്ത് നിന്നില്ല. വിശുദ്ധ അംബ്രോസില്‍ സ്‌കൂള്‍ പിള്ളേരുടെ നുറുങ്ങ് നിമിഷത്തിലെ നര്‍മ്മത്തില്‍ ചാലിച്ച ചലച്ചിത്ര ആവിഷ്‌ക്കരമായിരുന്നു, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ അതില്‍ പ്രകടമായ ക്രാഫ്റ്റിന്റെ മുഴുനീള അനുഭവമാണ്.
ഒരു കഥയെ പിന്തുടരാതെ തന്നെ, പ്രേക്ഷകനോട് ചേര്‍ന്ന് നിന്ന് നര്‍മ്മം പറഞ്ഞ് രസിപ്പിക്കുവാന്‍ ഗിരീഷും ഡിനോയ് പൗലോസും ചേര്‍ന്ന് രചിച്ച തിരക്കഥയ്ക്ക് വിജയകരമായി സാധിച്ചു എന്ന് നിസ്സംശയം പറയാം.അതിന് പുറമെ രചിച്ച ഹാസ്യത്തെ ഫലപ്രദമായി സ്‌ക്രീനില്‍ അവതരിപ്പിക്കുന്നതില്‍ സിനിമയിലെ അഭിനേതാക്കള്‍ വഹിച്ച പങ്ക് പ്രേക്ഷകരെ ത്രസിപ്പിക്കുന്നതില്‍ മുന്നിട്ട് നിന്ന ഘടകമാണ്.
പ്രധാന കഥാപാത്രങ്ങളില്‍ ഭൂരിഭാഗം പേര്‍ കുട്ടികളും പുതുമുഖങ്ങളും ആയി നിലനില്‍ക്കെ അവരില്‍ നിന്ന് വേണ്ടുന്ന വിധത്തിലുള്ള പ്രകടനം പ്രതിഫലിപ്പിക്കുന്നതില്‍ ഗിരീഷ് എന്ന സംവിധായകന്റെ പുലര്‍ത്തിയ സൂക്ഷ്മതയും പരിശ്രമവും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. കുമ്പളങ്ങി നൈറ്റ്‌സിലെ ഫ്രാങ്കിക്ക് ശേഷം മാത്യൂസിന്റെ പക്വതയുള്ള മറ്റൊരു അഭിനയം കാഴ്ചവെച്ച ചിത്രം കൂടിയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍.
കുമ്പളങ്ങിയില്‍ തമാശയുണ്ടെങ്കിലും, ഫ്രാങ്കിയിലൂടെ അധികം തമാശ പറഞ്ഞിരുന്നില്ല, എന്നാല്‍ ഈ ചിത്രത്തില്‍ മാത്യൂസിന് സ്വാഭാവിക നര്‍മ്മം അവതരിപ്പിക്കുവാന്‍ ഏറെ സാധ്യതയുള്ള തിരക്കഥയാണ്. കഥാപാത്രം ചിരിക്കാതെ പ്രേക്ഷകനെ ചിരിപ്പിക്കുക എന്ന വെല്ലുവിളിയെ മാത്യൂസ് എന്ന കുട്ടിക്ക് വിജയകരമായി മറിക്കടക്കുവാന്‍ സാധിച്ചു. എന്തിനെയും അമര്‍ഷത്തോടെയും, മടുപ്പോടെയും സ്വീകരിക്കുന്ന ജെയ്‌സണ്‍ എന്ന കഥാപാത്രത്തെ ഗൗരവത്തോടെ കാണിക്കുമ്പോള്‍ തന്നെ അവന്‍ പോകുന്ന സന്ദര്ഭങ്ങളെയും സംഘര്ഷങ്ങളെയും പ്രേക്ഷകന്റെ മനസ്സില്‍ ചിരി വരുത്തുന്നതില്‍ മാത്യൂസിന് എളുപ്പത്തില്‍ സാധ്യമായി.
ഒപ്പം ജെയ്‌സണ്‍ എന്ന കഥാപാത്രത്തോടൊപ്പം ഉണ്ടായിരുന്ന പുതുമുഖങ്ങളായ എല്ലാ കുട്ടികളും പ്രതീക്ഷയും ചിരിയും ഉയര്‍ത്തുന്ന പ്രകടനം കാഴ്ചവെച്ചു. വിനീത് ശ്രീനിവാസന്‍ എന്ന നടന്‍ ഇതുവരെ അവതരിപ്പിച്ച കഥാപാത്രത്തില്‍ നിന്നും തീര്‍ത്തും വേറിട്ട് നില്‍ക്കുന്ന കഥാപാത്രമാണ് രവി പത്മനാഭന്‍ എന്ന അധ്യാപകന്റെ വേഷം.
തമാശ വിതക്കുന്ന ഒരു വില്ലനായാണ് രവി പത്മനാഭന്‍ എന്ന കഥാപാത്രത്തെ അനുഭവപ്പെട്ടത്. അതില്‍ വിനീത് ശ്രീനിവാസന്‍ എന്ന നടന് സാധിച്ചു എന്നത് സിനിമയുടെ പകിട്ട് കൂട്ടുന്ന കാര്യമാണ്. ഇന്ന് വരെ ചെയ്ത കഥാപാത്രങ്ങള്‍ മാറ്റി നിര്‍ത്തി അദ്ദേഹം കംഫര്‍ട് സോണില്‍ നിന്ന് പുറത്ത് വന്ന ചിത്രമാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍.
ജോമോന്‍ ടി ജോണും വിനോദ് ഇല്ലംപിള്ളിയും ചേര്‍ന്നൊരുക്കിയ ഛായാഗ്രഹണം വേര്‍ത്തിരിവില്ലാതെ ദൃശ്യ വിനിമയം ചെയ്യുന്നതില്‍ മുന്നിട്ട് നിന്നു. ലളിതമായി പറയേണ്ട കഥയുടെ ഒപ്പം അതേ ലാളിത്യം പുലര്‍ത്തി കൊണ്ട് തന്നെ ഛായാഗ്രഹണ മികവ് പുലര്‍ത്താന്‍ സാധിച്ചു. ‘ജാതിക്ക തോട്ടം’ എന്ന ഗാനം ചിത്രം റിലീസ് ആകുന്നതിനു മുന്‍പ് തന്നെ പ്രേക്ഷകനെ രസിപ്പിച്ചിരുന്നു. ചിത്രത്തിലും ജസ്റ്റിന്‍ വര്‍ഗ്ഗീസിന്റെ സംഗീതം വ്യത്യസ്ഥതയോടെ കൈകാര്യം ചെയ്ത് തന്നെ സിനിമയ്‌ക്കൊപ്പം സഞ്ചരിച്ചു.