കേരളത്തിന് പുറത്തുള്ള കഥയും ഫ്രെയിമും തേടുന്ന മലയാള ചിത്രങ്ങള്‍; പ്രേമലു മുതല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വരെ
Entertainment
കേരളത്തിന് പുറത്തുള്ള കഥയും ഫ്രെയിമും തേടുന്ന മലയാള ചിത്രങ്ങള്‍; പ്രേമലു മുതല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വരെ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th April 2024, 9:39 pm

വിഷു റിലീസ് ചിത്രങ്ങളായ ആവേശവും വര്‍ഷങ്ങള്‍ക്ക് ശേഷവും വന്നതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് കേരളം വിട്ട് പുറത്തേക്ക് പോകുന്ന മലയാള സിനിമയെ കുറിച്ചാണ്. ഇന്ന് പല ചിത്രങ്ങളുടെ ലൊക്കേഷനുകളും കഥ നടക്കുന്ന പശ്ചാത്തലവും കേരളത്തിന് പുറത്തുള്ള സ്ഥലങ്ങളാണ്.

ഈയിടെ ഇറങ്ങിയ മലയാള സിനിമകളുടെ ഭൂരിഭാഗം സീനുകളോ മൊത്തം സീനുകളോ ഷൂട്ട് ചെയ്തിരിക്കുന്നത് കേരളത്തിന് പുറത്താണ് എന്ന രസകരമായ കാര്യമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

അതില്‍ ആദ്യമെത്തിയ ചിത്രം പ്രേമലുവായിരുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രേമലു. ഹൈദരാബാദിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ ചിത്രം ഒരുങ്ങിയത്. മമിത ബൈജു, നസ്‌ലെന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ പെര്‍ഫെക്ട് റോം കോം എന്റര്‍ടൈനറായിരുന്നു.

ജാന്‍-ഏ-മനിന് ശേഷം ചിദംബരത്തിന്റെ സംവിധാനത്തില്‍ യുവതാരനിര ഒന്നിച്ച മഞ്ഞുമ്മല്‍ ബോയ്‌സായിരുന്നു രണ്ടാമതെത്തിയ ചിത്രം. കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലെ ഗുണാ കേവിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്.

ചിത്രത്തിന്റെ സെറ്റിട്ടത് കേരളത്തിലാണെങ്കിലും പ്രധാനമായും കൊടൈക്കനാലിന്റെ പശ്ചാത്തലത്തിലായിരുന്നു ചിത്രം മുന്നോട്ട് പോയത്. ഒരു മലയാളസിനിമ തമിഴ്നാട്ടില്‍ നിന്ന് നേടുന്ന ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടാന്‍ മഞ്ഞുമ്മല്‍ ബോയ്സിന് സാധിച്ചിരുന്നു.

മൂന്നാമതെത്തിയ ചിത്രമായിരുന്നു ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇത്. പൃഥ്വിരാജ് സുകുമാരന്‍ നജീബ് എന്ന പ്രവാസിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സൗദി അറേബ്യയുടെ പശ്ചാത്തലത്തില്‍ നടന്ന കഥയായിരുന്നു.

വിഷു റിലീസ് ചിത്രമായ ആവേശം ബാംഗ്ലൂര്‍ പശ്ചാത്തലമാക്കിയായിരുന്നു ഒരുങ്ങിയത്. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍ രംഗന്‍ എന്ന ഗുണ്ടാ കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. ചിത്രത്തിന് തിയേറ്ററില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇത്തവണത്തെ വിഷു റിലീസായി എത്തിയ അടുത്ത ചിത്രമായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം. സിനിമാ ആഗ്രഹവുമായി തമിഴ്‌നാട്ടിലെ കോടമ്പാക്കത്തേക്ക് പോകുന്ന രണ്ടു സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തിന്റെ വലിയൊരു ഭാഗവും ചിത്രീകരിച്ചിരിക്കുന്നത് തമിഴ്‌നാട്ടിലാണ്. ഹൃദയത്തിന് ശേഷം പ്രണവ് മോഹന്‍ലാലും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. തിയേറ്ററില്‍ മികച്ച പ്രതികരണമാണ് ഈ ചിത്രവും നേടുന്നത്.

Content Highlight: Malayalam Films Looking For Stories And Frames Outside Of Kerala