സായ് പല്ലവിയും ശിവകാര്‍ത്തികേയനും ഒന്നിച്ച് കഴിഞ്ഞ വര്‍ഷമിറങ്ങി വലിയ വിജയമായി മാറിയ ചിത്രമായിരുന്നു അമരന്‍. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മേജര്‍ മുകുന്ദ് വരദരാജന്റെ യഥാര്‍ത്ഥ ജീവിതത്തെ കുറിച്ചാണ് പറഞ്ഞത്.
ശിവകാര്‍ത്തികേയന്‍ മേജര്‍ മുകുന്ദ് വരദരാജായി എത്തിയപ്പോള്‍ പങ്കാളിയായ ഇന്ദു റെബേക്ക വര്‍ഗീസ് ആയി എത്തിയത് സായ് പല്ലവി ആയിരുന്നു. തമിഴ് സംസാരിക്കുന്ന മലയാളി പെണ്‍കുട്ടി ആയിട്ടാണ് സായ് പല്ലവി അഭിനയിച്ചത്.
അമരന്‍ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നടി മാളവിക മോഹനന്‍. അമരന്‍ എന്ന സിനിമ വിജയിക്കാനുള്ള കാര്യങ്ങളില്‍ ഒന്ന് നന്നായി എഴുതിയ ശക്തമായ സ്ത്രീ കഥാപാത്രമാണെന്ന് മാളവിക മോഹനന്‍ പറയുന്നു.
അമരന്‍ നല്ല സിനിമയാണെന്നും ശിവകാര്‍ത്തികേയന്‍ നന്നായി പെര്‍ഫോം ചെയ്തുവെന്നിരുന്നാലും സായ് പല്ലവിയുടെ കഥാപാത്രം ആളുകള്‍ക്ക് കണക്ട് ചെയ്യാന്‍ കഴിഞ്ഞതിനാലാണ് സിനിമ വിജയിച്ചതെന്നും മാളവിക പറഞ്ഞു.
സിനിമയില്‍ ഒരു സ്ത്രീ കഥാപാത്രത്തെ നന്നായി എഴുതിയാല്‍ അത് ആ സിനിമയെ സഹായിക്കുക മാത്രമേ ഉള്ളുവെന്നും ഇക്കാര്യം എല്ലാ എഴുത്തുകാരും മനസിലാക്കി നല്ല സ്ത്രീ കഥാപാത്രങ്ങളെ എഴുതട്ടെയെന്ന് താന്‍ ആഗ്രഹിക്കുവെന്നും മാളവിക കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാളവിക മോഹനന്‍.
‘അമരന്‍ എന്ന സിനിമ വിജയിക്കാനുള്ള ഒരു കാരണം അതിലെ നന്നായി എഴുതിയ സ്ത്രീ കഥാപാത്രമാണ്. ശിവകാര്‍ത്തികേയന്‍ അടിപൊളിയാണ്, സിനിമ മനോഹരവുമാണ്. എന്നിരുന്നാലും ആളുകള്‍ക്ക് കണക്ട് ചെയ്യാന്‍ കഴിയുന്ന വിധമുള്ളതായിരുന്നു അതിലെ സ്ത്രീ കഥാപാത്രം. സായ് പല്ലവി അത് പോട്രെയിറ്റ് ചെയ്ത രീതിയും അവതരിപ്പിച്ച രീതിയുമെല്ലാം ആളുകള്‍ക്ക് കൂടുതല്‍ കണക്റ്റായി.
ഒരു സ്ത്രീ കഥാപാത്രത്തെ നന്നായി എഴുതിയാല്‍ അത് ആ സിനിമയെ ഉയര്‍ത്തുക മാത്രമേ ഉള്ളു. ഒരു തരത്തിലും അത് ആ സിനിമയെ മോശമായി ബാധിക്കില്ല. കൂടുതല്‍ എഴുത്തുകാരും ഇക്കാര്യം മനസിലാക്കി നല്ല സ്ത്രീ കഥാപാത്രങ്ങളെ എഴുതണമെന്നാണ് എന്റെ ആഗ്രഹം.
Content highlight: Malavika Mohanan talks about Sai Pallavi’s Character in Amaran Movie