'മുഹമ്മദ് ദ മെസ്സഞ്ചര്‍ ഓഫ് ഗോഡ്' പ്രദര്‍ശിപ്പിക്കാനാകാത്തതിന് കാരണം കേന്ദ്രസര്‍ക്കാര്‍: ബീനാ പോള്‍
IFFK 2018
'മുഹമ്മദ് ദ മെസ്സഞ്ചര്‍ ഓഫ് ഗോഡ്' പ്രദര്‍ശിപ്പിക്കാനാകാത്തതിന് കാരണം കേന്ദ്രസര്‍ക്കാര്‍: ബീനാ പോള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th December 2018, 11:05 pm

തിരുവനന്തപുരം: ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ മുഹമ്മദ് ദ മെസ്സഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയാതിരുന്നതിന് കാരണം കേന്ദ്രസര്‍ക്കാരെന്ന് അക്കാദമി വൈസ് ചെയര്‍പേഴ്‌സണും ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ ബീനാ പോള്‍. പ്രദര്‍ശനാനുമതി തേടി ആഴ്ചകള്‍ക്കു മുന്‍പേ അപേക്ഷ നല്‍കിയിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ സിനിമ പ്രദര്‍ശിപ്പിക്കണോ വേണ്ടയോ എന്ന് അറിയിച്ചില്ലെന്നും ബീനാ പോള്‍ പറഞ്ഞു.

ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചതായി അറിയിക്കുന്നതു വഴിയുണ്ടാകുന്ന പ്രതിഷേധങ്ങള്‍ ഭയന്നാണ് മറുപടിയൊന്നും നല്‍കാത്തത്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ കള്ളക്കളിയാണ് വെളിപ്പെടുത്തുന്നതെന്നും ചലച്ചിത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കവേ ബീന പറഞ്ഞു.

Read Also : യോഗിയെ വിളിക്കൂ രാജ്യത്തെ രക്ഷിക്കു; മോദിക്കെതിരെ യുപിയില്‍ വ്യാപക പ്രചരണം

മറുപടിയൊന്നും നല്‍കാതെ അപേക്ഷയെ അവഗണിച്ച് കേന്ദ്രം കേരളത്തോടുള്ള സമീപനം വെളിപ്പെടുത്തിയതായും അവര്‍ പറഞ്ഞു.

2015ല്‍ പുറത്തിറങ്ങിയ മജീദിയുടെ “മുഹമ്മദ് – ദ മെസെഞ്ചര്‍ ഓഫ് ഗോഡ്” പ്രദര്‍ശനമായിരുന്നു റദ്ദാക്കിയത്. പ്രവാചകന്‍ മുഹമ്മദിന്റെ ബാല്യകാലത്തെ അടയാളപ്പെടുത്തുന്ന ചിത്രമാണിത്.

ജൂറി ഫിലിംസ് വിഭാഗത്തില്‍ രാത്രി 10.30ന് നിശാഗന്ധിയിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിക്കേണ്ടിയിരുന്നത്. എന്നാല്‍,
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാത്തതിനാല്‍ പ്രദര്‍ശനം റദ്ദാക്കുകയാണെന്ന് സംഘാടകര്‍ അറിയിക്കുകയായിരുന്നു.

ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ സെന്‍സര്‍ ചെയ്യാറില്ലെങ്കിലും സെന്‍സറിങ് വേണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. സര്‍ട്ടിഫിക്കറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് പ്രദര്‍ശനം റദ്ദാക്കുന്നതെന്ന് ഫെസ്റ്റിവല്‍ സംഘാടകര്‍ അറിയിക്കുകയായിരുന്നു.