കേന്ദ്രമന്ത്രിമാര്‍ക്ക് മൂന്ന് കുട്ടികള്‍ വീതമുള്ളപ്പോള്‍ ലക്ഷദ്വീപില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കുന്നതെങ്ങനെയെന്ന് മഹുവ
national news
കേന്ദ്രമന്ത്രിമാര്‍ക്ക് മൂന്ന് കുട്ടികള്‍ വീതമുള്ളപ്പോള്‍ ലക്ഷദ്വീപില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കുന്നതെങ്ങനെയെന്ന് മഹുവ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th May 2021, 4:14 pm

കൊല്‍ക്കത്ത: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ പട്ടേലിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.

നിലവിലെ കേന്ദ്ര പ്രതിരോധ, വിദേശകാര്യ, റോഡ് ഗതാഗത മന്ത്രിമാര്‍ക്കെല്ലാം മൂന്ന് കുട്ടികള്‍ വീതമുണ്ട്. ഈ സാഹചര്യത്തില്‍ ലക്ഷദ്വീപിലെ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കുന്ന കരട് നിയമം ദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ എങ്ങനെയാണ് അവതരിപ്പിക്കുകയെന്ന് മഹുവ ചോദിച്ചു.

നേരത്തെ ലക്ഷദ്വീപില്‍ വികസനത്തിന്റെ പേരില്‍ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെയും അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെയും അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയിരുന്നു. വികസനം എന്ന പേരില്‍ നടത്തുന്ന നടപടികളെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ പങ്കുവെച്ചുകൊണ്ടാണ് പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയിരിക്കുന്നത്.

‘ലക്ഷദ്വീപില്‍ വികസനം വരുന്നു! ഇവിടെയുമിതാ വീണ്ടും അച്ഛേ ദിന്‍ വരുന്നു,’ എന്ന കുറിപ്പിനൊപ്പമാണ് കാര്‍ട്ടൂണ്‍ പങ്കുവെച്ചത്.

തെങ്ങിന് കാവി പെയിന്റടിക്കുന്ന പ്രഫുല്‍ പട്ടേലിനോട് ‘എന്റെ വീട്’ എന്ന് കരയുന്ന ലക്ഷദ്വീപുകാരന്റെ കാര്‍ട്ടൂണ്‍ ആണ് ഭൂഷണ്‍ പങ്കുവെച്ചിരിക്കുന്നത്. ലക്ഷദ്വീപുകാരനോട് ഞങ്ങള്‍ ഇത് ഭംഗിയാക്കുകയാണെന്നാണ് പ്രഫുല്‍ പട്ടേല്‍ പറയുന്നത്. ചിത്രത്തില്‍ ലക്ഷദ്വീപില്‍ നടപ്പാക്കിയ ഗുണ്ടാ ആക്ട്, ഫാം അടച്ചു പൂട്ടിയ നടപടി, ഹിന്ദു രാഷ്ട്രം എന്നിവയെല്ലാം സൂചിപ്പിക്കുന്നുണ്ട്.

അതേസമയം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ ദ്വീപില്‍ നിന്ന് തന്നെ പ്രതിഷേധം ഉയരുമ്പോഴും ജനവിരുദ്ധ നടപടികളുമായി മുന്നോട്ട് പോവുകയാണ് അധികൃതര്‍. അഡ്മിനിസ്ട്രേറ്ററെ ന്യായീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ലക്ഷദ്വീപ് കളക്ടര്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു.

വികസനത്തിനായുള്ള ശ്രമങ്ങളാണ് ദ്വീപില്‍ നടക്കുന്നതെന്നും ദ്വീപിലെ ജനങ്ങളുടെ പിന്തുണ ഭരണകൂടത്തിനുണ്ടെന്നുമായിരുന്നു കളക്ടര്‍ എസ്. അസ്‌കര്‍ അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

ടൂറിസം രംഗത്ത് പുതിയ പദ്ധതികള്‍ നടപ്പിലാക്കുകയാണെന്നും അനധികൃത കയ്യേറ്റക്കാരെയാണ് ഒഴിപ്പിച്ചിട്ടുള്ളതെന്നും കളക്ടര്‍ പറഞ്ഞു.

ഇപ്പോള്‍ സ്ഥാപിത താല്‍പര്യക്കാര്‍ നുണപ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ക്ക് വേണ്ടി സ്വാശ്രയ സംഘങ്ങള്‍ തുടങ്ങി. കൂടാതെ ദ്വീപില്‍ ഇന്റര്‍നെറ്റ് സൗകര്യവും ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് കളക്ടറുടെ വാദം.

എന്നാല്‍ ദ്വീപില്‍ 15 സ്‌കൂളുകള്‍ അടക്കാന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഫിഷറീസ് വകുപ്പിലെ 39 ഉദ്യോഗസ്ഥരെയാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയത്. വാര്‍ത്താ സമ്മേളനം നടത്തിയ കളക്ടര്‍ക്കെതിരെ പ്രതിഷേധിച്ച 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

 

Content Highlights: Mahua Moitra slams Praful Khoda Patel