കൊല്‍ക്കത്ത: ഹാത്രാസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി മരിച്ച ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് നിര്‍ബന്ധിച്ച് സംസ്‌ക്കരിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനേയും വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര.
മോദിയുടേയും യോഗിയുടേയും പുതിയ ഇന്ത്യയില്‍ ഇതാണ് പുതിയ നിയമമെന്ന് യു.പി പൊലീസിന്റെ നടപടി ചൂണ്ടിക്കാട്ടി മഹുവ മൊയ്ത്ര വിമര്‍ശിച്ചു.
” ഹാത്രാസ് ബലാത്സംഗക്കേസിലെ ഇരയുടെ മൃതദേഹം അവരുടെ കുടുംബത്തെ അറിയിക്കാതെ സംസ്‌ക്കരിച്ചു. മോദിയുടെ പുതിയ ഇന്ത്യ, യോഗിയുടെ പുതിയ നിയമം, ഇന്ത്യയുടെ പുതിയ നിയമം,” മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് നിര്‍ബന്ധിച്ച് സംസ്‌ക്കരിച്ചതായി ബന്ധുക്കള്‍ നേരത്തെ പറഞ്ഞിരുന്നു.
”മൃതദേഹം പൊലീസ് ബലമായി പിടിച്ചെടുത്തു. എന്റെ പിതാവ് ഹാത്രാസിലെത്തിയപ്പോള്‍ അദ്ദേഹത്തെ ഉടന്‍ തന്നെ (ശ്മശാനത്തിലേക്ക്) പൊലീസ് കൊണ്ടുപോയി, ” എന്ന് യുവതിയുടെ സഹോദരന്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞിരുന്നു.
സംഭവത്തില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക