വളഞ്ഞവഴി എന്തിന്, 56 ഇഞ്ച് സ്റ്റൈലില്‍ അയാളെ പിടിച്ചുപുറത്താക്ക്; മോദിയോട് മഹുവ
ന്യൂദല്‍ഹി: ലഖിംപൂര്‍ കൂട്ടക്കൊലയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.
കേന്ദ്രമന്ത്രി അജയ് മിശ്രയെ നേരെ പിടിച്ച് പുറത്താക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മഹുവ ആവശ്യപ്പെട്ടു.
” വിശ്വസിക്കൂ, ഇന്ന് രാജിവെക്കാനുള്ള ‘പണികള്‍’ അജയ് മിശ്ര തുടങ്ങിക്കഴിഞ്ഞു.ശരിയായ കാര്യം ചെയ്യൂ മോദി ജീ, 56 ഇഞ്ച് സ്റ്റൈലില്‍ അയാളെ നേരെ പിടിച്ചുപുറത്താക്ക്,” മഹുവ പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റി നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരെ കൊലപ്പെടുത്തിയിരുന്നു.
അറസ്റ്റിലായ ആശിഷിനെതിരെ പുതിയ കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആയുധം ഉപയോഗിച്ചുളള വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
ഒക്ടോബര്‍ മൂന്നിന് ലഖീംപൂരില്‍ നടന്ന ആക്രമണത്തില്‍ മനഃപൂര്‍വവും കരുതിക്കൂട്ടി ഉള്ളതുമാണെന്നും കേസില്‍ പിടിയിലായ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ കൂടി ചേര്‍ക്കണമെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിക്കുകയായിരുന്നു.
സ്ഥലത്ത് വെടിവെപ്പ് നടന്നുവെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഐ.പി.സി 307, 326, 334 എന്നീ വകുപ്പുകള്‍ കൂടി ചേര്‍ത്തത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചനയടക്കമുള്ള വകുപ്പുകള്‍ നേരത്തെ ചേര്‍ത്തിരുന്നു.
അമിത വേഗത്തില്‍ വാഹനമോടിക്കല്‍, അശ്രദ്ധ കാരണം മരണം സംഭവിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ എടുത്ത് മാറ്റിയാണ് എഫ്.ഐ.ആര്‍ പുതുക്കിയത്. മറ്റ് 12 പ്രതികള്‍ക്കെതിരെയും പുതിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
സംഭവം ആസൂത്രതമായിരുന്നുവെന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കേന്ദ്രമന്ത്രി അജയ് മിശ്ര കഴിഞ്ഞ ദിവസം ജയിലിലെത്തി ആശിഷ് മിശ്രയെ കണ്ടത് വിവാദമായിരുന്നു. കേന്ദ്രമന്ത്രിയെ എത്രയും വേഗം പുറത്താക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പാര്‍ലമെന്റില്‍ ഈ ആവശ്യം പ്രതിപക്ഷം ഉയര്‍ത്തുകയും ചെയ്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Hilights: Mahua against Ajay Mishra