ഏറ്റവും സ്വതന്ത്രമായി ചെയ്യാന്‍ പറ്റിയ സിനിമ ഇതാണ്, ആ സ്ത്രീയുടെ ജീവിതത്തില്‍ നിന്നാണ് കഥ കിട്ടിയത്: മഹേഷ് നാരായണന്‍
Entertainment news
ഏറ്റവും സ്വതന്ത്രമായി ചെയ്യാന്‍ പറ്റിയ സിനിമ ഇതാണ്, ആ സ്ത്രീയുടെ ജീവിതത്തില്‍ നിന്നാണ് കഥ കിട്ടിയത്: മഹേഷ് നാരായണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th December 2022, 11:20 am

ദിവ്യ പ്രഭ, കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് അറിയിപ്പ്.

ദല്‍ഹിയിലെ ഗ്ലൗസ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ഹരീഷിന്റെയും രശ്മിയുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. രശ്മിയുടേതെന്ന പേരില്‍ ഒരു അശ്ലീല വീഡിയോ പ്രചരിക്കുന്നതും തുടര്‍ന്ന് ദമ്പതിമാര്‍ നേരിടുന്ന പ്രശ്നങ്ങളുമാണ് സിനിമ പറയുന്നത്. ഡിസംബര്‍ 16ന് നെറ്റ്ഫ്ളിക്സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

തന്റെ സിനിമാ കരിയറില്‍ ഏറ്റവും സ്വതന്ത്രമായി ചെയ്യാന്‍ സാധിച്ച സിനിമയാണ് അറിയിപ്പ് എന്ന് പറയുകയാണ് സംവിധായകന്‍ മഹേഷ് നാരായണന്‍. കൗമുദി ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”സത്യം പറഞ്ഞാല്‍ ഇത്രയും കാലം ചെയ്തത് കൊമേഴ്‌സ്യല്‍ ചേരുവകളുള്ള സിനിമകളാണ്. ഞാന്‍ എപ്പോഴും വിശ്വസിക്കുന്നത് ഒരു മധ്യവര്‍ത്തി സിനിമയിലാണ്. ബിഗ് സ്‌ക്രീന്‍ സിനിമയില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍.

അതില്‍ നിന്നൊക്കെ കുറച്ച് മാറി, ഇപ്പോഴാണ് സത്യം പറഞ്ഞാല്‍ സ്വതന്ത്രമായി ഒരു സിനിമ ചെയ്യാന്‍ പറ്റിയത്.

സത്യമായും ഏറ്റവും സ്വതന്ത്രമായി ചെയ്യാന്‍ പറ്റിയ സിനിമ അറിയിപ്പാണ്. അതുകൊണ്ടാണ് ഇതില്‍ നിര്‍മാണപങ്കാളിയായതും,” മഹേഷ് നാരായണന്‍ പറഞ്ഞു.

അറിയിപ്പിന്റെ കഥയിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ചും മഹേഷ് അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

”ഞാന്‍ ചുറ്റുപാട് നിന്നും കഥ കണ്ടെത്തുന്ന മനുഷ്യനാണ്. ഒരു യാത്രക്കിടയില്‍ ഡി.എന്‍.എ പത്രത്തില്‍ വന്ന ഒരു ആര്‍ട്ടിക്കിള്‍ വായിക്കാനിടയായി. ബോംബെയില്‍ ബാങ്കില്‍ ജോലി ചെയ്യുന്ന ഒരു സ്ത്രീ, അവരെ പോലെയുള്ള വേറൊരു സ്ത്രീയുടെ പോണ്‍ വീഡിയോ കുറച്ച് സൈറ്റുകളില്‍ പ്രചരിച്ചു.

ബാങ്കില്‍ ജോലി ചെയ്യുന്ന ഇവരെ അന്വേഷിച്ച് പലരും വരാന്‍ തുടങ്ങി. പതുക്കെപതുക്കെയാണ് ഇവര്‍ക്കിത് മനസിലായത്. അങ്ങനെ അവര്‍ പൊലീസില്‍ പരാതിപ്പെടുകയും അവര്‍ അല്ല വീഡിയോയിലുള്ളതെന്ന് തെളിയിക്കുകയും ചെയ്തു. പക്ഷെ അപ്പൊഴേക്കും സാഹചര്യങ്ങള്‍ വഷളായി, അവരുടെ ജോലി നഷ്ടപ്പെട്ടു.

അങ്ങനെ ബോംബെ ഹൈക്കോടതിയില്‍ അവര്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തു. ‘വീഡിയോയിലുള്ള സ്ത്രീ താനല്ല’, എന്നുള്ള ഡിക്ലറേഷന്‍ വേണം എന്നായിരുന്നു അത്. അപ്പൊ ജഡ്ജി ആക്ഷേപരൂപത്തില്‍ ഒരു ചോദ്യം ചോദിച്ചു, ‘നിങ്ങളുടെ കൂടെ ഭര്‍ത്താവുണ്ടല്ലോ, ജോലി ഇനിയും കിട്ടുമല്ലോ, വേറെ കുഴപ്പമൊന്നുമില്ലല്ലോ’, എന്ന്.

അതിന് അവര്‍ പറഞ്ഞ മറുപടി ഇതായിരുന്നു, ‘ഇന്ത്യയില്‍ ഞാന്‍ ജീവിക്കുന്നിടത്തോളം കാലം, ഇന്ത്യന്‍ പൗരത്വം ഉള്ളിടത്തോളം എന്റെ കയ്യില്‍ ഇങ്ങനെയൊരു രേഖയുണ്ടെങ്കില്‍ നാളെ എന്റെ നേരെ നോക്കുന്ന ഓരോ വ്യക്തിക്കും നേരെ എനിക്കിത് കാണിക്കാം,’ എന്നാണ്. ജഡ്ജി അത് കൊടുക്കുകയും ചെയ്തു. അതിനെക്കുറിച്ചായിരുന്നു ഈ ലേഖനം.

ഇത് എന്റെ മനസില്‍ കുറച്ചുകാലം കിടന്നു. ഇത് എപ്പോഴെങ്കിലും സിനിമയാക്കണമെന്ന ചിന്തയുണ്ടായിരുന്നു. ആലോചിക്കുന്ന കഥകള്‍ക്ക് കാലികമായി എന്തെങ്കിലും വേണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, നിരവധി വിദേശ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച അറിയിപ്പ് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബുസാന്‍ ചലച്ചിത്ര മേള, ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങിയവയിലും പ്രദര്‍ശിപ്പിച്ചു. ഐ.എഫ്.എഫ്.കെയിലെ മികച്ച ചിത്രങ്ങളുടെ മത്സര വിഭാഗത്തിലേക്കും അറിയിപ്പ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മഹേഷ് നാരായണന്‍ തന്നെയാണ് സിനിമയുടെ രചനയും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത്. ലവ്‌ലീന്‍ മിശ്ര, ഡാനിഷ് ഹുസൈന്‍, ഫൈസല്‍ മാലിക്, കണ്ണന്‍ അരുണാചലം തുടങ്ങിയ പ്രശസ്ത നാടക-ചലച്ചിത്ര താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Mahesh Narayanan talks about Ariyippu movie