ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങിയ മാലികിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ മഹേഷ് നാരായണന്‍. മാലികില്‍ നിമിഷ സജയന്‍ ചെയ്ത കഥാപാത്രത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ മഹേഷ് സംസാരിക്കുന്നത്. നിമിഷയുടെ കഥാപാത്രത്തെക്കുറിച്ച് പറയുന്ന കൂട്ടത്തില്‍ ടേക്ക് ഓഫിലെ പാര്‍വതിയുടെ കഥാപാത്രത്തെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു.
ടേക്ക് ഓഫില്‍ പാര്‍വതിയെ എന്തിനാണ് ഇത്രയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ഒരു സ്ത്രീയായി ചിത്രീകരിച്ചിരിക്കുന്നതെന്ന് ഒരുപാട് സ്ത്രീകള്‍ തന്നോട് ചോദിച്ചിട്ടുണ്ടെന്ന് മഹേഷ് പറയുന്നു. എന്നാല്‍ മാലികില്‍ നിമിഷയുടെ കഥാപാത്രം അങ്ങനെയല്ലെന്നും പ്രണയം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്.
‘ഇത്രയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സ്ത്രീയായതുകൊണ്ട് അവരെ കാണാന്‍ തന്നെ തോന്നുന്നില്ലല്ലോ എന്ന് ടേക്ക് ഓഫില്‍ പാര്‍വതിയെ കണ്ട ശേഷം ചിലര്‍ പറഞ്ഞിരുന്നു. എന്നാല്‍ മാലികില്‍ അങ്ങനെയല്ല. എല്ലാ കഥാപാത്രങ്ങള്‍ക്കും വേരിയേഷന്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. പ്രണയവും വിരഹവും ദുഖവും പ്രതികാരവും എല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്ന സിനിമയായിട്ടാണ് ഞാന്‍ മാലികിനെ കാണുന്നത്,’ മഹേഷ് നാരായണന്‍ പറഞ്ഞു.
മാലികിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളോടും കഴിഞ്ഞ ദിവസം മഹേഷ് നാരായണന്‍ പ്രതികരിച്ചിരുന്നു. ചിത്രത്തില്‍ ഇസ്‌ലാമോഫോബിക് ഘടകങ്ങളുണ്ടെന്നുള്ള പ്രതികരണങ്ങളോടും ബീമാപ്പള്ളി വെടിവെപ്പുമായുള്ള ബന്ധത്തെ കുറിച്ചുള്ള വാദങ്ങളോടുമാണ് മഹേഷ് നാരായണന്‍ പ്രതികരിച്ചത്.