എഡിറ്ററിന് സ്ക്രിപ്റ്റ് റൈറ്ററുടെ ക്രെഡിറ്റ് കൂടെ കിട്ടണം: മഹേഷ് നാരായണൻ
Film News
എഡിറ്ററിന് സ്ക്രിപ്റ്റ് റൈറ്ററുടെ ക്രെഡിറ്റ് കൂടെ കിട്ടണം: മഹേഷ് നാരായണൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th March 2024, 11:11 pm

ഒരു എഡിറ്ററിന് സ്ക്രിപ്റ്റ് റൈറ്ററുടെ ക്രെഡിറ്റ് കൂടെ നൽകണമെന്ന് സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായൺ. ഒരു മിനുട്ട് സീനിന് വേണ്ടിയിട്ട് ഏതാണ്ട് രണ്ട് രണ്ടര മണിക്കൂർ കാണേണ്ട അവസ്ഥയാണെന്നും അത്രത്തോളം ഫൂട്ടേജാണ് കൊടുക്കുന്നതെന്നും മഹേഷ് പറഞ്ഞു. ഒരു എഡിറ്റർ എഡിറ്റിങ് ടേബിളിൽ ഇരുന്നാണ് സ്ക്രിപ്റ്റ് ഉണ്ടാകുന്നതെന്നും മഹേഷ് നാരായണൻ കൂട്ടിച്ചേർത്തു. ക്യൂ സ്റ്റുഡിയോയുടെ ഡയറക്ടേഴ്സ് റൗണ്ട് ടേബിളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ എഡിറ്റ് ചെയ്യുന്ന സിനിമകളൊക്കെ ഡയറക്ടറുടെയും റൈറ്ററുടെയും സൈഡിലാണ് ഞാൻ നിൽക്കുന്നത്. അവരുടെ ഫീഡ്ബാക്ക് അനുസരിച്ചാണ് ഞാൻ കൂടുതലും വർക്ക് ചെയ്യുന്നത്. അതിലും നമ്മൾ ഓഡിയൻസിനെ കാണാറുണ്ട്. ഡയറക്ടറാണ് കഥ പറയേണ്ടത്.

സ്ക്രിപ്റ്റ് കേൾക്കുന്നതിന് മുമ്പായിട്ട് ഞാൻ നരേഷനാണ് പറയാൻ പറയുക. പുതിയ ഡയറക്ടർ ആണെങ്കിൽ ഇവരുടെ തലയിൽ നമുക്ക് സിനിമ മൊത്തം കാണാൻ പറ്റും. ഞാനെപ്പോഴും വിശ്വസിക്കുന്നത് എഡിറ്റ് പെർസ്പെക്റ്റീവിൽ സിനിമ കാണാൻ കഴിയുന്ന ഒരാൾക്ക് ഒരു സിനിമ നരേറ്റ് ചെയ്യാനും പറ്റണമെന്നാണ്.

എന്റെ പല സുഹൃത്തുക്കളായിട്ടുള്ള എഡിറ്റർമാരും ഈ പണി നിർത്തി. അവർ പറയുന്നത് ഒരു മിനുട്ട് സീനിന് വേണ്ടിയിട്ട് ഏതാണ്ട് രണ്ട് രണ്ടര മണിക്കൂർ കാണേണ്ട അവസ്ഥയാണ് എന്നാണ്. അത്രത്തോളം ഫൂട്ടേജാണ് കൊടുക്കുന്നത്. അവിടുന്ന് ഇവിടുന്ന് ഒക്കെയാണ് എടുക്കുന്നത്. ഇത് കണ്ടു തീർക്കുന്നത് എങ്ങനെയാണ്?

എഡിറ്റർ എന്ന് പറയുന്നത് ഒരു അസംബ്ലി മെഷീൻ പോലെയാണ്. ഇത് കൊണ്ടു വന്ന് തള്ളുകയാണ്. കൊണ്ടുവന്ന് തള്ളിയിട്ട് ഇതിൽനിന്ന് ഒരു സിനിമ ഉണ്ടാക്കി തരാൻ പറയും. ഞാൻ പലപ്പോഴും പല എഡിറ്റേഴ്സിനോടും പറയാറുണ്ട് നിങ്ങൾ റൈറ്ററുടെ ക്രെഡിറ്റ് കൂടെ എടുക്കണം എന്ന്. അഡീഷണൽ സ്ക്രീൻ പ്ലേ എന്ന് പറഞ്ഞാൽ എഡിറ്ററുടെ പേര് കൂടെ വരണം. അയാളാണ് എഡിറ്റിങ് ടേബിളിൽ ഇരുന്ന് ആ സ്ക്രിപ്റ്റ് ഉണ്ടാക്കുന്നത്. അങ്ങനെ ക്രെഡിറ്റ് കിട്ടണമെന്ന് പറയുന്ന പക്ഷക്കാരനാണ് ഞാൻ,’ മഹേഷ് നാരായൺ പറഞ്ഞു.

Content Highlight: Mahesh narayan about editor’s effort