Entertainment news
'വരാനാവില്ലേ' മഹാവീര്യറിലെ ആദ്യ വീഡിയോ ഗാനം നാളെ റിലീസ് ചെയ്യും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 01, 04:28 pm
Friday, 1st July 2022, 9:58 pm

പ്രേക്ഷകര്‍ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് നിവിന്‍ പോളിയും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളാവുന്ന മഹാവീര്യര്‍. മലയാളത്തില്‍ അധികം കാണപ്പെടാത്ത ടൈം ട്രാവല്‍ ജോണറിലാണ് മഹാവീര്യര്‍ ഒരുങ്ങുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ജൂലയ് രണ്ടിന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. വരാനാവില്ലേ എന്ന് തുടങ്ങുന്ന ഗാനമാണ് ജൂലയ് രണ്ടിന് വൈകിട്ട് ആറിന് റിലീസ് ചെയ്യുന്നത്. നിവിന്‍ പോളിയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 123 മ്യൂസിക്ക് എന്ന യൂട്യൂബ് ചാനലൂടെയാകും ഗാനം റിലീസ് ചെയ്യുക.

ആക്ഷന്‍ ഹീറോ ബിജു, 1983 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയും എബ്രിഡ് ഷൈനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മഹാവീര്യര്‍. ലാല്‍, ലാലു അലക്‌സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കിയാണ് എബ്രിഡ് ഷൈന്‍ മഹാവീര്യരുടെ തിരക്കഥയെഴുതിയത്. ജൂലൈ 21നാണ് മഹാവീര്യര്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്.

ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നര്‍മ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിരിക്കുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാന്‍ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.

Content Highlight :  Mahaveeryar first video song releasing tommorrow