ബംഗ്ലാ അക്കാദമി സ്ഥാനം രാജിവെച്ചുകൊണ്ട് മഹാശ്വേതാ ദേവിയുടെ പ്രതിഷേധം
India
ബംഗ്ലാ അക്കാദമി സ്ഥാനം രാജിവെച്ചുകൊണ്ട് മഹാശ്വേതാ ദേവിയുടെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th May 2012, 4:17 pm

കൊല്‍ക്കത്ത: മമത ബാനര്‍ജിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ബംഗാളി സാസാഹിത്യത്തിന് പ്രോത്സാഹനം നല്‍കുന്ന സ്വതന്ത്ര അക്കാദമിയുടെ അധ്യക്ഷ സ്ഥാനം ജ്ഞാനപീഠം അവാര്‍ഡ് ജേതാവ് മഹാശ്വേതാ ദേവി രാജിവച്ചു. ബംഗാള്‍ ഗവണ്‍മെന്റിന്റെ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പേരിലുള്ള അവാര്‍ഡില്‍ മമതാ ബാനര്‍ജിയുടെ കൈകടത്തലില്‍ പ്രതിഷേധിച്ചാണ് മഹാശ്വേതാ ദേവിയുടെ രാജി.

മഹാശ്വേതാ ദേവിയുടെ നേതൃത്വത്തില്‍ ബംഗാള്‍ ഗവണ്‍മെന്റിന്റെ വിദ്യാസാഗര്‍ അവാര്‍ഡിനു രണ്ട് എഴുത്തുകാരെ തെരഞ്ഞെടുത്തിരുന്നു. മഹാശ്വേതാ ദേവി അദ്ധ്യക്ഷയായ സമിതി രണ്ട് പേരെ അവാര്‍ഡിനായി നാമനിര്‍ദ്ദേശം നല്‍കിയിരുന്നു. ഷിബാജി ബന്ദോബാധ്യയുടെയും ഷങ്കര്‍ പ്രസാദ് ചക്രബര്‍ത്തിയുടെയും പേര് നിര്‍ദ്ദേശിക്കുകയും ഉന്നതാധികാര സമിതിയുടെ അംഗീകാരത്തിനായയക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഉന്നതാധികാര സമിതി ബന്ദോബാധ്യയെ തിരഞ്ഞെടുത്തു.

എന്നാല്‍ മമത ബാനര്‍ജി ഈ തീരുമാനത്തെ മറികടക്കുകയും തനിക്ക് വേണ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ അവാര്‍ഡ് നല്‍കുകയായിരുന്നുവെന്നും മഹാശ്വേതാ ദേവി ആരോപിച്ചു. ഈ നടപടിയില്‍ പ്രതിഷേധിച്ചാണു രാജി. തന്റെ സാഹിത്യ ജീവിതത്തില്‍ ഉണ്ടായ ഏറ്റവും അപമാനകരമായ നിമിഷമാണിതെന്നും രാജിക്കത്തില്‍ അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മഹാശ്വേതാ ദേവി കാര്യങ്ങള്‍ തെറ്റിധരിച്ചിരിക്കുകയാണെന്ന് നാടകപ്രവര്‍ത്തകയും ബംഗ്ലാ അക്കാദമിയുടെ വൈസ് പ്രസിഡന്റുമായ സൊണാലിമിത്ര പറഞ്ഞു.