സി.ബി.ഐക്ക് പൂട്ടിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍; അനുവാദമില്ലാതെ അന്വേഷണം നടത്താനുള്ള അവകാശം നീക്കി
national news
സി.ബി.ഐക്ക് പൂട്ടിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍; അനുവാദമില്ലാതെ അന്വേഷണം നടത്താനുള്ള അവകാശം നീക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd October 2020, 11:21 am

ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ സി.ബി.ഐക്ക് അന്വേഷണം നടത്താനുള്ള നിരുപാധിക അനുമതി എടുത്തുകളഞ്ഞ് ഉദ്ദവ് താക്കറെ സര്‍ക്കാര്‍.

മഹാരാഷ്ട്രയില്‍ ശിവസേന-ബി.ജെ.പി പോര് മുറുകുന്നതിനിടയിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി.ബി.ഐയ്ക്ക് അനായാസം സംസ്ഥാനത്ത് അന്വേഷണം നടത്താന്‍ അനുവദിച്ചിരുന്ന അനുമതി സര്‍ക്കാര്‍ എടുത്ത് കളഞ്ഞത്.

ഇനിമുതല്‍ മഹാരാഷ്ട്രയില്‍ സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ കൂടി അനുമതി ആവശ്യമാകും. നേരത്തെ പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ്, ചത്തീസ്ഗഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള ജനറല്‍ കണ്‍സന്റ് എടുത്തുമാറ്റിയിരുന്നു.

ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തില്‍ ടെലിവിഷന്‍ റേറ്റിങ്ങ് തട്ടിപ്പ് അന്വേഷിക്കാന്‍ സി.ബി.ഐ അപേക്ഷ സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഉദ്ദവ് താക്കറെ സി.ബി.ഐ അന്വേഷണത്തിനുള്ള ജനറല്‍ കണ്‍സെന്റ് നീക്കം ചെയ്തത്.

അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടി.വി ഉള്‍പ്പെടെ മൂന്നു ചാനലുകള്‍ക്കെതിരെ റേറ്റിങ്ങ് തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

രണ്ട് മാസം മുന്‍പ് ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ മുംബൈ പൊലീസില്‍ നിന്നും കേസ് സി.ബി.ഐക്ക് വിടാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ബീഹാറില്‍ രജിസ്റ്റര്‍ ചെയ്ത് കേസിന്റെ അടിസ്ഥാനത്തിലായിരുന്നു സുപ്രീം കോടതിയുടെ വിധി.

കേസ് സി.ബി.ഐക്ക് വിട്ടതിന് പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാരും ബി.ജെ.പിയും തുറന്ന പോരിലേക്ക് എത്തിയിരുന്നു.

റേറ്റിങ്ങ് തട്ടിപ്പ് കേസില്‍ മുംബൈ പൊലീസ് തന്നോട് വിരോധം തീര്‍ക്കുകയാണ് എന്നായിരുന്നു അര്‍ണബ് ഗോസ്വാമി വാദിച്ചത്. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവും അര്‍ണബ് ഗോസ്വാമി മുന്നോട്ട് വെച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Maharashtra Withdraws Blanket Consent To CBI To Probe Cases In State