മുംബൈ: ബലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് അർണബ് ഗോസ്വാമി ബാർക്ക് സി.ഇ.ഒയുമായി നടത്തിയ വിവാദ വാട്സ്ആപ്പ് ചാറ്റിൽ നടപടി സ്വീകരിക്കാൻ സാധിക്കുമോ എന്നാരാഞ്ഞ് മഹാരാഷ്ട്ര സർക്കാർ. ഒഫീഷ്യൽ സീക്രട്ട്സ് ആക്ടിന്റെ പരിധിയിൽ അർണബിനെതിരെ കേസെടുക്കാൻ സാധിക്കുമോ എന്നതിൽ സംസ്ഥാന സർക്കാർ നിയമവിദഗ്ധരോട് ആരാഞ്ഞിട്ടുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു.
സർക്കാരുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ എങ്ങനെ അർണബ് ഗോസ്വാമിക്ക് ലഭിച്ചുവെന്നും പത്രസമ്മേളനത്തിൽ അനിൽ ദേശ്മുഖ് ചോദിച്ചു.
”വാട്സ്ആപ്പ് ചാറ്റ് ബലാക്കോട്ട് ആക്രമണത്തെക്കുറിച്ച് അർണബ് ഗോസ്വാമിക്ക് നേരത്തെ അറിയുമായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവിട്ടത്. പ്രധാനമന്ത്രിക്കും, പ്രതിരോധ മന്ത്രിക്കും ആർമി ചീഫിനും മാത്രം അറിയുന്ന ഇത്തരം അതീവ രഹസ്യ വിവരങ്ങൾ എങ്ങിനെയാണ് അർണബിന് ലഭിച്ചത് എന്നതിൽ കേന്ദ്ര സർക്കാർ ഉത്തരം പറയണം,” അനിൽ ദേശ്മുഖ് പറഞ്ഞു.
ഒഫീഷ്യൽ സീക്രട്ട്സ് ആക്ട്,1923 ഉപയോഗിച്ച് അർണബിനെതിരെ കേസെടുക്കാൻ സാധിക്കുമോ എന്നത് ഞങ്ങൾ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയും നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് ന്യായീകരിച്ചുകൊണ്ട് അർണബ് രംഗത്തെത്തിയിരുന്നു. പുല്‍വാമയ്ക്ക് ശേഷം ഇന്ത്യ തിരിച്ചടിക്കുമെന്ന് കരുതുന്നതില്‍ എന്താണ് തെറ്റെന്നാണ് അര്‍ണാബ് ഗോസ്വാമി ചാറ്റ് ന്യായീകരിച്ചുകൊണ്ട് ചോദിച്ചത്.
പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി 2019 ഫെബ്രുവരി 26ന് ഇന്ത്യ ബാലക്കോട്ട് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തെ കുറിച്ച് അര്‍ണബിന് നേരത്തെ അറിയാമായിരുന്നെന്നും ഇരുവരും തമ്മിലുള്ള ചാറ്റ് വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. 2019 ഫെബ്രുവരി 23ന് നടന്നെന്ന് പറയുന്ന ചാറ്റില്‍ ‘മറ്റൊരു വലിയ കാര്യം ഉടന്‍ സംഭവിക്കും’ എന്ന് അര്‍ണബ് പറയുന്നുണ്ട്.
അതിന് അര്‍ണബിന് ബാര്‍ക്ക് സി.ഇ.ഒ. ആശംസ അറിയിക്കുന്നുമുണ്ട്. അതിന് മറുപടിയായി തന്റെ ഓഫീസില്‍ വന്നാലറിയാം ഇപ്പോഴവിടെ ഉള്ള ആളുകളുടെ ഊര്‍ജമെന്നും തനിക്ക് ഒരു മാസം കൂടി ദല്‍ഹിയില്‍ തുടരേണ്ടതുണ്ടെന്നും അര്‍ണബിന്റേതായി പുറത്ത് വന്ന ചാറ്റില്‍ വിശദീകരിക്കുന്നു. ബി.ജെ.പി ആ വര്‍ഷവും തെരഞ്ഞെടുപ്പില്‍ തൂത്തുവാരുമെന്ന അറിയിപ്പും ചാറ്റില്‍ നല്‍കുന്നുണ്ട്.
പുല്‍വാമ ആക്രമണം മറ്റെല്ലാ മാധ്യമങ്ങളേക്കാളും നേരത്തെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞതിലൂടെ തങ്ങള്‍ക്ക് വന്‍വിജയം നേടാനായെന്നാണ് അര്‍ണബിന്റെ ചാറ്റില്‍ പറയുന്നത്.
2019 ഫെബ്രുവരി പതിനാലിന് പുല്‍വാമ ആക്രമണം നടന്ന ദിവസം വൈകീട്ട് ഈ വര്‍ഷം കശ്മീരില്‍ നടന്ന ഏറ്റവും വലിയ തീവ്രവാദ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മറ്റെല്ലാവരേക്കാളും 20 മിനിറ്റ് മുന്‍പിലാണ് തങ്ങളെന്നാണ് അര്‍ണബ് പറയുന്നത്. ‘ഈ ആക്രമണം നമുക്ക് വന്‍വിജയമാക്കാനായി’ എന്നും അര്‍ണബ് പറയുന്നുണ്ട്. ഈ ചാറ്റില്‍ മോദിയെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.