ന്യുദല്‍ഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമെന്ന എന്‍.സി.പി, കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികളുടെ ഹരജിയില്‍ ഇന്ന് രാവിലെ 11.30ന് വാദം കേള്‍ക്കും. ശനിയാഴ്ച രാത്രി തന്നെ വാദം കേള്‍ക്കണമെന്ന വാദം ഉന്നയിച്ചിരുന്നെങ്കിലും കോടതി പരിഗണിച്ചില്ല.
ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിനെ സത്യപ്രതിഞ്ജ ചെയ്യാന്‍ അനുവദിച്ച മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയുടെ നടപടി ഏകപക്ഷീയവും വഞ്ചനാപരവുമാണെന്നും എം.എല്‍.എമാരെ ബി.ജെ.പി ചാക്കിട്ടുപിടിക്കുന്നത് തടയാന്‍ 24 മണിക്കൂറിനകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഹരജിയില്‍ പറയുന്നുണ്ട്.
കോടതിയില്‍ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ന് ഹരജി പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയെ സുപ്രീംകോടതിയില്‍ തടയുകയും മുതിര്‍ന്ന അഭിഭാഷകന്‍ ദേവ്ദത്തും പൊലീസും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തിരുന്നു.
നിലവില്‍ ചീഫ് ജസ്റ്റിസ് ദല്‍ഹിക്കുപുറത്താണ്. കുടുംബസമേതം തിരുപ്പതിയിലെത്തിയ അദ്ദേഹം നാളെ തിരികെയെത്തും. അതേസമയം ബി.ജെ.പി തിരിച്ചടിയായി അജിത് പവാറിനെ നിയമസഭ കക്ഷി നേതൃസ്ഥാനത്ത് നിന്ന് എന്‍.സി.പി മാറ്റി.
ജയകാന്ത് പാട്ടീല്‍ ആണ് പുതിയ നിയമസഭ കക്ഷി നേതാവ്. പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെയാണ് ജയകാന്തിന് ചുമതലയുള്ളത്. ഇതോടെ അജിത് പവാറിന് എം.എല്‍.എമാര്‍ക്ക് വിപ്പ് കൊടുക്കാന്‍ കഴിയില്ല.