Advertisement
Entertainment
'എന്താടാ എന്നെ വച്ച് എടുക്കാത്തത്?' എന്ന് മമ്മൂക്ക ചോദിച്ചു; ഒടുവില്‍ അയാള്‍ ചെയ്തതത്രയും മമ്മൂക്ക വീണ്ടും ചെയ്തു: മാഫിയ ശശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 17, 05:25 am
Monday, 17th March 2025, 10:55 am

വര്‍ഷങ്ങളായി സിനിമ ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുന്ന സ്റ്റണ്ട് മാസ്റ്ററാണ് മാഫിയ ശശി. പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന നിരവധി സംഘട്ടന രംഗങ്ങള്‍ അദ്ദേഹം കൊറിയോഗ്രഫി ചെയ്തിട്ടുണ്ട്. 68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ അയ്യപ്പനും കോശിയിലെ സംഘട്ടനത്തിനുള്ള അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

ഇപ്പോള്‍ ഹോളിവുഡ് സ്റ്റണ്ട് മാസ്റ്റേഴ്‌സിനെ മലയാളം ഇന്‍ഡസ്ട്രിയിലേക്ക് വിളിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് മാഫിയ ശശി. ഹോളിവുഡ് സ്റ്റണ്ട് ചെയ്യുന്നവരെ ഇങ്ങോട്ട് വിളിക്കുന്നത് ഓരോ സംവിധായകരുടെയും നിര്‍മാതാക്കളുടെയും താത്പര്യമാണെന്ന് മാഫിയ ശശി പറയുന്നു.

മാമാങ്കം എന്ന സിനിമക്ക് സ്റ്റണ്ട് ചെയ്യാന്‍ താന്‍ അടക്കം രണ്ടുപേര്‍ ഉണ്ടായിരുന്നുവെന്നും മമ്മൂട്ടിയുടെ സീനെല്ലാം അദ്ദേഹം ഡ്യൂപ്പിനെ വെച്ചാണ് ചെയ്തതെന്നും ശശി പറഞ്ഞു. എന്തുകൊണ്ടാണ് തന്നെ വെച്ച് അത് ചെയ്യാത്തതെന്ന് മമ്മൂട്ടി ചോദിച്ചെന്നും അവസാനം ഡ്യൂപ്പിന്റെ ശരീരം മാച്ചാകാത്തതിനാല്‍ മമ്മൂട്ടി തന്നെ അതെല്ലാം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഹോളിവുഡിലൊക്കെ നല്ല സ്റ്റണ്ട് സീന്‍ കണ്ടാല്‍ അത് ചെയ്തവരെ ഇവിടേക്കും വിളിക്കും. അതൊക്കെ നിര്‍മാതാക്കളുടെയും സംവിധായകരുടെയും താത്പര്യമാണ്. പുറത്തു നിന്നൊരാള്‍ പെട്ടെന്ന് വരുമ്പോഴുള്ള പ്രശ്‌നം ഇവിടുത്തെ രീതികളും താരങ്ങളുടെ ശൈലികളും മനസിലാകില്ല എന്നതാണ്. മാത്രമല്ല, ചെലവ് വളരെ കൂടുതലുമാണ്.

മാമാങ്കം എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ഒരു ഫോറിന്‍ സ്റ്റണ്ട് മാസ്റ്ററാണ്. കളരിയുടെ ആവശ്യങ്ങള്‍ക്കായി ഞാനും ഉണ്ട്. രാവിലെ മമ്മൂക്കയുടെ ഒരു ഷോട്ട് എടുത്തിട്ട് ബാക്കി മൊത്തം ഡ്യൂപ്പിനെക്കൊണ്ട് ചെയ്യിക്കാന്‍ തുടങ്ങി. മമ്മൂക്ക എന്നെ വിളി ച്ച് ചോദിച്ചു, ‘എന്താടാ അയാള്‍ എന്നെ വച്ച് എടുക്കാത്തത്?’ എന്ന്.

ഫോറിന്‍ മാസ്റ്റര്‍ കരുതിയത് മമ്മൂക്ക വലിയ സ്റ്റാറല്ലേ, മിനക്കെടുത്തിക്കണ്ട എന്നാണ്. പിന്നീട് ഷൂട്ട് ചെയതൊക്കെ കണ്ട് നോക്കിയപ്പോഴാണ് രസം. ഡ്യൂപ്പിന്റെ ശരീരം മാച്ചാകുന്നില്ല. ഒടുവില്‍ അയാള്‍ ചെയ്തതത്രയും മമ്മൂക്ക വീണ്ടും ചെയ്തു. ഡ്യൂപ് നോക്കി നിന്നു,’ മാഫിയ ശശി പറയുന്നു.

Content highlight: Mafia Sasi talks about Mammootty