Child Abuse
അഞ്ച് മാസത്തിലേറെ കുട്ടികളെ ലൈംഗികമായി അക്രമിച്ച മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 01, 03:11 pm
Saturday, 1st June 2019, 8:41 pm

കോട്ടയം: കുട്ടികളെ ലൈംഗികമായി അക്രമിച്ച മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. ആലുവ കടുങ്ങല്ലൂര്‍ സ്വദേശി യൂസഫിനെയാണ് വൈക്കം തലയോലപറമ്പ് പൊലിസ് അറസ്റ്റ് ചെയ്തത്. അഞ്ച് മാസത്തിലേറെ യൂസഫ് ആണ്‍കുട്ടികളെ അടക്കം ലൈംഗികമായി അക്രമിച്ചതായാണ് പരാതി.

അക്രമണത്തിനിരയായ പെണ്‍കുട്ടി വീട്ടില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തായത്. സംഭവം അറിഞ്ഞ മാതാപിതാക്കള്‍ ആദ്യം മഹല്ല് കമ്മറ്റിയില്‍ പരാതി നല്‍കി. ഇതോടെ അധ്യാപകനെ പുറത്താക്കി.

തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇതറിഞ്ഞ യൂസഫ് ഒളിവില്‍ പോയി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹം കൊടുങ്ങല്ലൂരില്‍ പിടിയിലായത്.

രണ്ട് വര്‍ഷം മുമ്പാണ് യൂസഫ് അധ്യാപകനായി മണകുന്നത്ത് എത്തുന്നത്. മദ്രസയില്‍ പഠിപ്പിക്കുന്നതിനിടെയുള്ള സമയത്തായിരുന്നു കുട്ടികളെ യൂസഫ് ലൈംഗികമായി അക്രമിച്ചിരുന്നത്.

കഴിഞ്ഞ ജനുവരി മുതല്‍ രണ്ടാഴ്ച മുമ്പ് വരെ പല ദിവസങ്ങളിലായി ലൈംഗികാക്രമണം നടന്നുവെന്നാണ് പൊലിസ് കണ്ടെത്തിയത്. ഒരു കുട്ടിയുടെ മാതാപിതാക്കള്‍ മാത്രമാണ് പൊലീസിന് പരാതി നല്‍കിയത്.

യൂസഫിനെ മണകുന്നത്തെത്തിച്ച് തെളിവെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം വിശദമായ ചോദ്യം ചെയ്യലിന് അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങും.