വിമര്‍ശിക്കാന്‍ മുന്നിലുണ്ടായിരുന്ന കോണ്‍ഗ്രസും ലീഗും വോട്ടെടുപ്പ് സമയത്ത് മിണ്ടിയില്ല; എന്‍.ഐ.എയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത് കേരളത്തില്‍ നിന്നും എം.എ ആരിഫ് മാത്രം
India
വിമര്‍ശിക്കാന്‍ മുന്നിലുണ്ടായിരുന്ന കോണ്‍ഗ്രസും ലീഗും വോട്ടെടുപ്പ് സമയത്ത് മിണ്ടിയില്ല; എന്‍.ഐ.എയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത് കേരളത്തില്‍ നിന്നും എം.എ ആരിഫ് മാത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th July 2019, 2:12 pm

 

ന്യൂദല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) കൂടുതല്‍ അധികാരം നല്‍കുന്ന ഭേദഗതി ബില്‍ ലോക്‌സഭയില്‍ വോട്ടിനിട്ടപ്പോള്‍ ബില്ലിനെ എതിര്‍ക്ക് കേരളത്തില്‍ നിന്നും വോട്ടു ചെയ്തത് എം.എ ആരിഫ് എം.പി മാത്രം. ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടുന്ന തരത്തില്‍ ബില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാട്ടി ബില്ലിനെ വിമര്‍ശിച്ച കേരളത്തില്‍ നിന്നടക്കമുള്ള കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ഡി.എം.കെ എം.പിമാര്‍ വോട്ടെടുപ്പ് സമയത്ത് ബില്ലിനെ അനുകൂലിക്കുന്നതാണ് കണ്ടത്.

ആറിനെതിരെ 278 വോട്ടുകള്‍ക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊണ്ടുവന്ന ബില്‍ പാസായത്. ആരിഫിനു പുറമേ എ.ഐ.എം.ഐ.എം എം.പിമാരായ അസദുദ്ദീന്‍ ഉവൈസി, ഇംതിയാസ് ജലീല്‍, സി.പി.ഐ.എം അംഗങ്ങളായ  പി.ആര്‍ നടരാജന്‍, സി.പി.ഐയുടെ കെ. സുബ്ബരായന്‍, നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഹസ്‌നൈന്‍ മസൂദി എന്നിവരാണ് ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത്.

സര്‍ക്കാര്‍ കൊണ്ടുവരുന്ന ഭേദഗതി ബില്ലുകളില്‍ സാധാരണ വോട്ടെടുപ്പ് നടക്കാറില്ലെങ്കിലും അസദുദ്ദീന്‍ ഉവൈസി ആവശ്യപ്പെട്ടതു പ്രകാരമാണ് വോട്ടെടുപ്പിന് അമിത് ഷാ സമ്മതിച്ചത്. വോട്ടെടുപ്പ് നടന്നാല്‍ ആരൊക്കെ ഭീകരതയ്‌ക്കെതിരെ നിലപാടെടുക്കുന്നു, ആരൊക്കെ ഒപ്പം നില്‍ക്കുന്നു എന്ന് വ്യക്തമാകുമെന്ന് പറഞ്ഞായിരുന്നു അമിത് ഷാ വോട്ടെടുപ്പിന് തയ്യാറായത്. ഇതോടെയാണ് ഡി.എം.കെയും കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസുമടക്കമുള്ള പാര്‍ട്ടികള്‍ ബില്ലിനെ അനുകൂലിച്ചത്.

ബില്‍ ഭേദഗതി സംബന്ധിച്ച ചര്‍ച്ചയില്‍ വിയോജിപ്പ് അറിയിച്ച മുസ്‌ലിം ലീഗ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുംവിധം സുരക്ഷാ ഏജന്‍സികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിനോട് യോജിപ്പില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ ഉപകരണം മാത്രമായി എന്‍.ഐ.എ മാറിയെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ വിമര്‍ശിച്ചു. ന്യൂനപക്ഷങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ് ഭേദഗതിയെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

എന്‍.ഐ.എയ്ക്ക് ഇതുവരെ സംഘടനകളെ നിരോധിക്കാനും സ്വത്തു വകകള്‍ കണ്ടുകെട്ടാനുമാണ് അധികാരമുണ്ടായിരുന്നത്. ഇപ്പോള്‍ ഭേദഗതിയിലൂടെ വ്യക്തികളുടെ കാര്യത്തിലും എന്‍.ഐ.എക്ക് സമാനമായ അധികാരം ലഭിയ്ക്കും. സൈബര്‍ ക്രൈമുകള്‍, മനുഷ്യക്കടത്ത്, വിദേശ രാജ്യങ്ങളിലെ ഭീകരവാദ കേസുകള്‍ എന്നിവ നേരിട്ട് അന്വേഷിക്കാനും എന്‍.ഐ.എയ്ക്ക് അധികാരമുണ്ടാവും.

ഒരു സമുദായത്തെ അകാരണമായി വേട്ടയാടാനാണ് നിയമം വഴിയൊരുക്കുകയെന്ന് ഡി.എം.കെ നേതാവ് എ. രാജ കുറ്റപ്പെടുത്തി. മനുഷ്യാവകാശങ്ങള്‍ക്കു നേര്‍ക്കുള്ള കടന്നു കയറ്റമാണ് പുതിയ ഭേദഗതിയെന്ന് കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി കുറ്റപ്പെടുത്തി.