Kerala News
പൊലീസൊന്നും വേണ്ട; 1600 രൂപ ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന 62 ലക്ഷം മനുഷ്യരുണ്ടിവിടെ, മുഖ്യമന്ത്രിയെ അവര്‍ കൃഷ്ണമണി പോലെ സംരക്ഷിക്കും: എം.സ്വരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 01, 06:24 pm
Wednesday, 1st March 2023, 11:54 pm

കോഴിക്കോട്: കേരളത്തിന്റെ മുഖ്യമന്ത്രിക്ക് പൊലീസിന്റെ സുരക്ഷ ആവശ്യമില്ലെന്നും കേരളാ സര്‍ക്കാരിന്റെ ഗുണഭോക്താക്കളായ പൊതുജനം അദ്ദേഹത്തെ കണ്ണിലെ കൃഷ്ണ മണി പോലെ സംരക്ഷിക്കുമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. കരിങ്കൊടി കാണിക്കാന്‍ വരുന്ന കോണ്‍ഗ്രസുകാര്‍ക്ക് അപകടം സംഭവിക്കാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കാനാണ് പൊലീസെന്നും, മുഖ്യമന്ത്രിയുടെ വാഹനം ഓടിക്കുന്നവര്‍ മനുഷ്യരാണെന്നും അപകടം എപ്പോഴും ഉണ്ടാകാമെന്നും സ്വരാജ് പറഞ്ഞു.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ തുടക്കത്തില്‍ കണ്ണൂരില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. പ്രസംഗത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.

‘മുഖ്യമന്ത്രിക്ക് കറുപ്പിനോട് അസഹിഷ്ണുത ഒന്നുമില്ല. ഈ ജാഥ ഉദ്ഘാടനം ചെയ്യാന്‍ വന്ന മുഖ്യമന്ത്രി വന്നത് കറുത്ത കാറിലാണ്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ യൂണിഫോമിന്റെ നിറം കറുപ്പാണ്. കറുപ്പിനോട് എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ അങ്ങനെ ചെയ്യുമോ. പന്നെ എന്തിനാണ് പൊലീസിനെ അണിനിരത്തുന്നതെന്ന് ചോദിക്കുന്നവരുണ്ടാകും.

അവരോട്, മുഖ്യമന്ത്രിക്ക് വലിയ പൊലീസ് വലയത്തിലുള്ള സംരക്ഷണം ആവശ്യമില്ല. അങ്ങനെ ഒരു സംരക്ഷണത്തിന്റെ ആവശ്യം വന്നാല്‍, പൊലീസ് വേണ്ട. അതിനായി, 62 ലക്ഷം മനുഷ്യരിവിടെ മാസം തോറും 1600 രൂപ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ട്. ഈ സര്‍ക്കാരിന്റെ ഗുണഭോക്താക്കളാണവര്‍. അവര്‍ കണ്ണിലെ കൃഷ്ണമണി പോലെ കേരളത്തിന്റെ മുഖ്യമന്ത്രിയെ കാത്തുസംരക്ഷിക്കും. അതിന് ഒരു പൊലീസിന്റെയും സഹായം ആവശ്യമില്ല,’ എം. സ്വരാജ് പറഞ്ഞു.

ഇന്ധനസെസ് വര്‍ധിപ്പിച്ചതിന്റെ ഭാഗമായുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ പൊലീസ് വര്‍ധിപ്പിച്ച പശ്ചാത്തലത്തിലാണ് സ്വരാജിന്റെ പ്രസംഗം നടക്കുന്നത്.

അതേസമയം, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ പാലക്കാട് ജില്ലയിലാണിപ്പോഴുള്ളത്.