Kerala News
തൃപ്പൂണിത്തുറയിലെ യു.ഡി.എഫ് വിജയം അധാര്‍മികം; ഹൈക്കോടതി വിധി പ്രതീക്ഷിച്ചത്: എം. സ്വരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 29, 06:23 pm
Wednesday, 29th March 2023, 11:53 pm

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. ബാബു മതചിഹ്നം ഉപയോഗിച്ചുവെന്ന ഹരജി നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. ഹൈക്കോടതി വിധി പ്രതീക്ഷിച്ചതാണെന്നും തൃപ്പൂണിത്തുറയിലെ യു.ഡി.എഫ് വിജയം അധാര്‍മികമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

യഥാര്‍ത്ഥ ജനവിധിയെ അട്ടിമറിച്ചാണ് യു.ഡി.എഫ് തൃപ്പൂണിത്തുറയില്‍ വിജയം നേടിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തെരഞ്ഞടുപ്പ് നിയമങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് തൃപ്പൂണിത്തുറയില്‍ യു.ഡി.എഫ് വിജയിച്ചത്. ജനവിധി അട്ടിമറിച്ചു. അതുകൊണ്ടാണ് കേസുമായി മുന്നോട്ടുപോകാന്‍ പാര്‍ട്ടി തീരുമാനിച്ചത്. തുടര്‍ന്നും കേസുമായി മുന്നോട്ട് പോകുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പികാനാകുമെന്നാണ് കരുതുന്നത്,’ എം. സ്വരാജ് പറഞ്ഞു.

അതേസമയം, വോട്ടര്‍മാര്‍ക്ക് നല്‍കിയ സ്ലിപ്പില്‍ അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് ബാബു വോട്ട് തേടിയെന്ന എം. സ്വരാജിന്റെ ആരോപണത്തിലെ തടസവാദ ഹരജിയാണ് ഹൈക്കോടതി തള്ളിത്. കേസില്‍ വിശദമായി തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് കോടതി
വ്യക്തമാക്കി.