'ഫലസ്തീൻ കേരളത്തിലാണ്, അവിടെ കൊല്ലപ്പെട്ടവർ ഞങ്ങളുടെ സഹോദരങ്ങളുമാണ്'; ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചർച്ചക്കെതിരെ എം. സ്വരാജ്
Kerala News
'ഫലസ്തീൻ കേരളത്തിലാണ്, അവിടെ കൊല്ലപ്പെട്ടവർ ഞങ്ങളുടെ സഹോദരങ്ങളുമാണ്'; ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചർച്ചക്കെതിരെ എം. സ്വരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th November 2023, 8:08 pm

തിരുവനന്തപുരം: “ഫലസ്തീൻ കേരളത്തിലോ?” എന്ന ഏഷ്യാനെറ്റ്‌ ന്യൂസിലെ ചർച്ചക്കെതിരെ സി.പി.ഐ.എം നേതാവ് എം. സ്വരാജ്.

കേരളത്തിൽ ഫലസ്തീന് വേണ്ടി സമീപകാലങ്ങളിൽ വലിയ രീതിയിൽ ചർച്ചകളും റാലികളും നടക്കുന്ന സാഹചര്യത്തിലാണ് ഫലസ്തീൻ കേരളത്തിലാണോ? എന്ന ചോദ്യം ഉന്നയിച്ച് വിനു വി. ജോൺ ന്യൂസ്‌ അവർ ചർച്ച നടത്തിയത്.

ഇസ്രഈൽ – ഹമാസ് യുദ്ധം നടക്കുന്നത് ഗസയിലാണെങ്കിലും ചർച്ച കേരളത്തിലാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ പ്രതിപക്ഷം മറ്റ് വിഷയങ്ങൾ ശ്രദ്ധിക്കാതെ ഫലസ്തീൻ വിഷയം മാത്രം ചർച്ച ചെയ്യുകയുമാണെന്നും വിനു വി. ജോൺ ചർച്ചയിൽ പറഞ്ഞിരുന്നു.

ആഫ്രിക്കയിലെ ജനങ്ങൾ അനുഭവിച്ച പീഡനങ്ങളെ കുറിച്ച് എൻ.വി. കൃഷ്ണവാര്യർ ആഫ്രിക്ക എന്ന കവിത എഴുതിയപ്പോൾ ഏഷ്യാനെറ്റ്‌ ഇല്ലാതിരുന്നത് കൊണ്ട് ആഫ്രിക്ക കേരളത്തിലോ എന്ന ചോദ്യം കവിക്ക് കേൾക്കേണ്ടി വന്നില്ലെന്ന് സ്വരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

അമേരിക്കൻ ഉപരോധത്തിൽ കഷ്ടപ്പെടുന്ന ക്യൂബൻ ജനതക്കും സാമ്രാജ്യത്വ അധിനിവേശം കാരണം ശവപ്പറമ്പായ ഇറാഖിനും ഡി.വൈ.എഫ്.ഐ സഹായമെത്തിച്ചപ്പോൾ ഈ രാജ്യങ്ങളൊന്നും കേരളത്തിൽ അല്ലല്ലോ എന്ന് ആരും ചോദിച്ചിട്ടില്ലെന്ന് സ്വരാജ് പറഞ്ഞു.

അമേരിക്കക്കെതിരെ വിയറ്റ്‌നാമിന് ഐക്യദാർഢ്യവുമായി ലോകമെങ്ങുമുള്ള കലാലയങ്ങൾ ആർത്തിരമ്പിയതിനെ കുറിച്ചും സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ വാർത്ത പുറത്തുവന്ന് മിനിട്ടുകൾക്കകം തിരുവനന്തപുരത്ത് പ്രതീകാത്മകമായി അമേരിക്കൻ പ്രസിഡന്റിനെ തൂക്കിലേറ്റിയതും ഏഷ്യാനെറ്റിന് ഓർമയില്ലേ എന്ന് സ്വരാജ് ചോദിച്ചു.

സ്വന്തം ജനതയുടെ ചോരയിൽ കഴുത്തറ്റം മുങ്ങിനിൽക്കുന്ന ഫലസ്തീനിലെ അവശേഷിക്കുന്ന മനുഷ്യരോട് ഐക്യപ്പെടേണ്ടത് ഈ ഭൂമിയിലെ സകലരുടെയും കടമയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഫലസ്തീൻ കേരളത്തിലോ? എന്നു ചോദിക്കുന്നവരേ നിങ്ങളോട് ഞങ്ങൾ ഉറപ്പിച്ചു പറയുന്നു. അതെ, ഫലസ്തീൻ കേരളത്തിലാണ്. കേരളത്തിൽ തന്നെയാണ്. അവിടെ കൊല്ലപ്പെട്ടവർ ഞങ്ങളുടെ സഹോദരങ്ങളുമാണ്.

‘ഫലസ്തീൻ കേരളത്തിലോ?’ എന്ന അരാഷ്ട്രീയതയുടെ അശ്ലീല ചോദ്യം ഉയർത്തിയവർ ഒന്നു സ്റ്റുഡിയോയ്ക്ക് പുറത്തിറങ്ങി നോക്കൂ.
ഇന്ന് ലോകമാകെ പാറുന്നത് ഫലസ്തീന്റെ പതാകയാണ്. മനുഷ്യത്വം കൈമോശം വന്നിട്ടില്ലാത്ത ലോകജനത മുദ്രാവാക്യം മുഴക്കുന്നത് ഫലസ്തീന് വേണ്ടിയാണ്.

 

ലണ്ടനിലെ പ്രതിഷേധ റാലിയിൽ മൂന്ന് ലക്ഷത്തിലധികം മനുഷ്യരാണ് അണിനിരന്നത്. ഫലസ്തീൻ ലണ്ടനിലോ? എന്ന ചോദ്യം അവിടെ ഒരു മാധ്യമവും ഉയർത്തിയിട്ടില്ല.

റോമിൽ, ഡബ്ലിനിൽ, ഗ്ലാസ്ഗോയിൽ, ജനീവയിൽ, സ്വീഡനിൽ, ടൊറോന്റോയിൽ, ഡെന്മാർക്കിൽ, തുർക്കിയിൽ, ജോർദാനിൽ …..
എന്തിനധികം അമേരിക്കയിലെ ജൂതൻമാർ ഇസ്രഈൽ ക്രൂരതയ്ക്കെതിരെ വാഷിങ്ടണിലെ കാപ്പിറ്റോൾ ഹില്ലിലേക്ക് നടത്തിയ കൂറ്റൻ പ്രതിഷേധ മാർച്ച് മുതൽ നെതന്യാഹുവിന്റെ വീടിനു മുന്നിൽ പ്രതിഷേധ റാലി നടത്തിയ ജറുസലേമിലെ ജൂതസമൂഹം വരെ ഫലസ്തീനിലെ വേട്ടയാടപ്പെടുന്ന മനുഷ്യരോടൊപ്പമാണെന്ന് എത്ര നൂറ്റാണ്ടുകൾ കഴിഞ്ഞാലാണ് നിങ്ങൾക്ക് മനസിലാവുക?’ സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

പാർലമെന്റ് അംഗത്വവും മന്ത്രിസ്ഥാനവും വിലയ്ക്കുവാങ്ങുന്ന മുതലാളിയെ പ്രീതിപ്പെടുത്താൻ സ്വന്തം മനസാക്ഷിയെ സ്റ്റുഡിയോയിൽ പൂട്ടിവെക്കുകയാണ് എന്നും സ്വരാജ് ആരോപിച്ചു.

Content Highlight: M Swaraj against Asianet News debate on Palestine