'പശു നമുക്ക് പാല്‍ തരും- തെറ്റ്; കോഴി മുട്ട തരും- തെറ്റ് പുഴകള്‍ വെള്ളം തരും- തെറ്റ്
FB Notification
'പശു നമുക്ക് പാല്‍ തരും- തെറ്റ്; കോഴി മുട്ട തരും- തെറ്റ് പുഴകള്‍ വെള്ളം തരും- തെറ്റ്
എം. സുചിത്ര
Tuesday, 26th March 2019, 10:49 am

കുറച്ചുകാലത്തിനു ശേഷം ഹൃദയത്തില്‍ നിന്നു വന്ന ഒരു നല്ല പ്രഭാഷണം കേട്ടു. വി കെ ശ്രീരാമന്റേത്. പെരിയാറിന്റെ തീരത്ത് ഏലൂരിലെ പാതാളത്തുവച്ച്. ഉച്ചനേരത്ത്. നല്ല ചൂടില്‍.

നദികള്‍ അവിരാമം ഒഴുകേണ്ടതിന്റെ ആവശ്യകതെയെപ്പറ്റി നിരന്തരം പറഞ്ഞും പോരാടിയും മറഞ്ഞുപോയ ഡോക്ടര്‍ എ ലതയുടെ സുഹൃത്തുക്കള്‍ കഴിഞ്ഞ രണ്ടുമാസമായി സംസ്ഥാനത്തു നടത്തിവരികയായിരുന്ന “”ഒഴുകണം പുഴകള്‍””എന്ന കാംപെയ്ന്റെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടാമ്പിമുതല്‍ പൊന്നാനി വരെയുള്ള ഭാരതപ്പുഴയുടെ ദാരുണാസ്ഥിതി അദ്ദേഹം വിശദീകരിച്ചു. ” ഭാരതപ്പുഴയുടെ ഈ ഒരുഭാഗത്തെപ്പറ്റിയുള്ള അറിവു മതി ഇന്ത്യയിലെ മറ്റു പുഴകളുടെ സ്ഥിതി ഊഹിക്കാന്‍…”

” കാരുണ്യമില്ലാത്ത സ്വാര്‍ത്ഥതയാണ് മനുഷ്യന്റെ മുഖമുദ്ര. ഭൂമിയുടെ ഉടമസ്ഥര്‍ തങ്ങളാണെന്നു മനുഷ്യര്‍ വിശ്വസിക്കുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയില്‍ അവരവര്‍ക്ക് ഇഷ്ടമുള്ളതിനെ മാത്രമേ വളരാന്‍ അനുവദിക്കുകയുള്ളൂ. ഇഷ്ടമില്ലാത്തതൊന്നിനെയും ജീവിക്കാന്‍ സമ്മതിക്കുകയില്ല. ഒരു ചെറുചെടിയാണെങ്കില്‍പ്പോലും അതിന്റെ പിഴുതെറിയും…”

സുഹൃത്തായ നടന്‍ സലിം കുമാറിന്റെ ചെമ്മീന്‍കെട്ടു കാണാന്‍പോയ സംഭവം അദ്ദേഹം (സ്‌നേഹത്തോടെ) പറഞ്ഞു.
ചെമ്മീന്‍കെട്ടില്‍ ചെമ്മീനെയല്ലാതെ മറ്റൊരു ജീവിയേയും കാണുന്നില്ല. മറ്റൊരു മീന്‍കുഞ്ഞിനെപ്പോലും. സാധാരണഗതിയില്‍ തവളയും നീര്‍ക്കോലിയുമൊക്കെ ഉണ്ടാവേണ്ടതാണല്ലോ.

“” വെള്ളത്തില്‍ മറ്റൊരു ജീവിയേയും കാണുന്നില്ലല്ലോ?””
“” ഇത് ചെമ്മീന്‍കെട്ടല്ലേ, എന്റെ ചെമ്മീന്‍കെട്ടില്‍ ചെമ്മീനെയല്ലാതെ മറ്റൊന്നിനെയും വളരാന്‍ ഞാന്‍ അനുവദിക്കുകയില്ല,”” ശ്രീരാമന്‍ ചോദിച്ചു. “” അപ്പോള്‍ മറ്റേതിനെയൊക്കെ എന്തു ചെയ്തു?””
“” അതിനാണോ പ്രയാസം? ഓരോന്നിനെയും ഇല്ലാതാക്കാന്‍ ഓരോ മാര്‍ഗമുണ്ട്.”” സലീംകുമാര്‍ ചിരിച്ചു.

“”അതുപോലെത്തനെയാണ് നമ്മുടെയൊക്കെ ഏകവിളത്തോട്ടങ്ങളും. റബ്ബര്‍തോട്ടത്തില്‍ മറ്റെന്തിനെയെങ്കിലും വളരാന്‍ നമ്മള്‍ അനുവദിക്കുമോ ?””…

 

“”ഭൂമിയിലെ സകലതും മനുഷ്യര്‍ക്കുവേണ്ടിയാണെന്ന തെറ്റായ പാഠങ്ങളാണ് പണ്ടുമുതലേ കുഞ്ഞുങ്ങളെപ്പോലും നമ്മള്‍ പഠിപ്പിക്കുന്നത്. ” പശു നമുക്ക് പാല്‍ തരും, കോഴി മുട്ട തരും, ലഗോണ്‍കോഴി ( പണ്ട് ബ്രോയിലര്‍ കോഴി പ്രചാരത്തിലില്ലായിരുന്നു) കൂടുതല്‍ മുട്ട തരും, പുഴകള്‍ വെള്ളം തരും ” തുടങ്ങിയ തരത്തില്‍ ” ഒക്കെ നമുക്ക് തരും തരും ” പാഠങ്ങള്‍. പാലും മുട്ടയും പുഴയിലെ വെള്ളാവുമൊക്കെ പലപല ന്യായങ്ങള്‍ പറഞ്ഞു കുറ്റബോധമില്ലാതെ നമ്മള്‍ കവര്‍ന്നെടുക്കുകയാണെന്ന സത്യം നമ്മള്‍ കുട്ടികളില്‌നിന്നു മറച്ചുവയ്ക്കു… മനുഷ്യരെക്കാള്‍ ബുദ്ധിശക്തിയും കായികശക്തിയുമുള്ള മറ്റേതെങ്കിലും ജീവിവര്‍ഗം വരികയും അവര്‍ നമ്മുടെ എല്‍ കെ ജി കുഞ്ഞുങ്ങള്‍ അച്ചാറിനു പറ്റിയതാണെന്നു പറഞ്ഞുപിടിച്ചുകൊണ്ടുപോകുന്ന കാലം ഉണ്ടായാലേ മനുഷ്യര്‍ക്ക് മനസ്സിലാവൂ…”

” നമ്മള്‍ സംസ്‌കാരത്തെക്കുറിച്ച് ഇപ്പോഴും പറയും. സംഹാരം നമ്മള്‍ എപ്പോഴേ മാറ്റിവച്ചുകഴിഞ്ഞു.. പണ്ട് .ഉച്ചനേരത്ത് ആരെങ്കിലും വീട്ടില്‍ കയറിവന്നാല്‍ അവരെ നമ്മള്‍ നമ്മുക്കു വേണ്ടി കരുതിയ ഭക്ഷണം കൊടുക്കും. നമ്മള്‍ കഴിച്ചില്ലെങ്കിലും അവരെ കഴിപ്പിക്കും. ഇപ്പോള്‍ നമ്മുടെ ചിന്താഗതി തന്നെ മാറിയിരിക്കുന്നു …നമ്മള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ആരെങ്കിലും വന്നാല്‍ ഇരിക്കൂ ഞാന്‍ ഭക്ഷണം കഴിച്ചിട്ടു വരാം എന്നു പറയും. ആഹാരസമയത്ത് അറിയിക്കാതെ ആരെങ്കിലും വീട്ടില്‍ കയറിവന്നാല്‍ അവര്‍ക്കു തീരെ സംസ്‌കാരമില്ല എന്നാണ് ഇപ്പോള്‍ നമ്മളൊക്കെ കരുതുന്നത്..””

“” നമുക്കൊക്കെ പലതരം സൗകര്യങ്ങള്‍ വേണം. ആ സൗകര്യങ്ങളെ നമ്മള്‍ വികസനം എന്നു പറയും. അവ വാഗ്ദാനം ചെയ്യുന്നവരെ നമ്മള്‍ നമ്മെ ഭരിക്കാനായി തിരഞ്ഞെടുക്കും. പുഴയെപ്പറ്റിയോ മഴയെപ്പറ്റിയോ മലയെപ്പറ്റിയോ മഞ്ഞിനെപ്പറ്റിയോ കാടിനെപ്പറ്റിയോ കടലിനെപ്പറ്റിയോ ആഴത്തിലറിയുന്ന ആശങ്കപ്പെടുന്ന ഒരു സര്‍ക്കാരും ഇതുവരെ ഇവിടെയുണ്ടായിട്ടില്ല. അത് നമ്മുടെ പരാജയമാണ്…”

” ഞാനും നികൃഷ്ടജീവിവര്‍ഗമായ മനുഷ്യരില്‍പ്പെട്ട ഒരാളാണ്. ഇതൊക്കെ ഇവിടെ പറഞ്ഞതിനുശേഷം ഞാന്‍ തിരിച്ചുപോവുന്നത് അതെ കൂട്ടത്തിലേക്ക്കു തന്നെയാണ് . എന്റെ ദു:സ്വഭാവങ്ങള്‍ എന്റെ മരണംവരെ എന്റെ കൂടെയുണ്ടാകും. ഇനി ഈ പ്രായത്തില്‍ ശീലങ്ങള്‍ മാറ്റാനോ നന്നാവാനോ കഴിയുമെന്നൊന്നും എനിക്ക് തോന്നുന്നില്ല.””

“” അതുകൊണ്ടാണ് എനിക്ക് നിങ്ങളെപ്പോലെയുള്ളവരോട് ആദരവ് തോന്നുന്നത്. ഈ കൊടും ചൂടില്‍ ഇവിടെ ഇത്തരം കാര്യങ്ങള്‍ പറയാന്‍ നിങ്ങള്‍ ഒത്തുചേരുന്നു എന്നത് വലിയ കാര്യമായി എനിക്ക് തോന്നുന്നു. ഞാന്‍ നിങ്ങളുറെ മുമ്പില്‍ നമിക്കുന്നു….””

( P.S; വി കെ ശ്രീരാമന്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍മയില്‍ നിന്നാണ് എഴുതുന്നത്. ചില വാക്കുകളും പറഞ്ഞ കാര്യങ്ങളുടെ ക്രമവും അങ്ങോട്ടുമിങ്ങോട്ടും മാറിയിട്ടുണ്ടാകാം. )

എം. സുചിത്ര
മാധ്യമപ്രവര്‍ത്തക