ബാറ്റ് ചെയ്ത് മടുത്തു, പുതിയ റോളിൽ ഞെട്ടിച്ച് ധോണി! തല രണ്ടും കല്‍പ്പിച്ച് തന്നെ; വീഡിയോ
Cricket
ബാറ്റ് ചെയ്ത് മടുത്തു, പുതിയ റോളിൽ ഞെട്ടിച്ച് ധോണി! തല രണ്ടും കല്‍പ്പിച്ച് തന്നെ; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 17th May 2024, 1:57 pm

ഐ.പി.എല്ലില്‍ നാളെ നടക്കുന്ന ആവേശകരമായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് നേരിടുന്നത്. രണ്ട് ടീമിനും പ്ലേ ഓഫിലേക്ക് മുന്നേറണമെങ്കില്‍ വിജയം അനിവാര്യമാണ്. ബെംഗളൂരുവിന് മികച്ച റണ്‍ റേറ്റില്‍ ജയിച്ചാല്‍ മാത്രമേ അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ സാധിക്കൂ.

നിലവില്‍ 13 മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും ആറു സമനിലയും അടക്കം 14 പോയിന്റുമായി നാലാം സ്ഥാനത്താണ് ചെന്നൈ. മറുഭാഗത്ത് 13 മത്സരങ്ങളില്‍ നിന്നും ആറു വിജയവും ഏഴു തോല്‍വിയും അടക്കം 12 പോയിന്റുമായി ആറാം സ്ഥാനത്തുമാണ് ബെംഗളൂരു. ആദ്യ എട്ട് മത്സരങ്ങളില്‍ ഏഴെണ്ണവും പരാജയപ്പെട്ട റോയല്‍ ചലഞ്ചേഴ്‌സ് പിന്നീട് നടന്ന അഞ്ചു മത്സരങ്ങളും വിജയിച്ചുകൊണ്ട് ടൂര്‍ണമെന്റിലേക്ക് ശക്തമായി തിരിച്ചുവരികയായിരുന്നു.

ഇതിനോടകം തന്നെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ പ്ലേ ഓഫിന് യോഗ്യത നേടി കഴിഞ്ഞു.

ബെംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്സ് മുന്‍ നായകന്‍ എം.എസ് ധോണിയുടെ പരിശീലനത്തിനിടയുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ധോണി പരിശീലനത്തിന്റെ നെറ്റ്‌സില്‍ പന്തെറിയുന്ന വീഡിയോ ആണ് ചെന്നൈ സൂപ്പര്‍ കിങ്സ് അവരുടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ ഇതിനോടകം തന്നെ ആരാധകരില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഈ സീസണില്‍ ധോണി അവസാന ഓവറുകളില്‍ ആണ് ചെന്നൈക്ക് വേണ്ടി കൂടുതല്‍ മത്സരങ്ങളിലും കളത്തിലിറങ്ങിയത്. ഇതുവരെ 136 റണ്‍സ് ആണ് ധോണി ഈ സീസണില്‍ നേടിയിട്ടുള്ളത്. 226.26 സ്ട്രൈക്ക് റേറ്റില്‍ ആണ് ധോണി ബാറ്റ് വീശിയത്.

Content Highlight: M.S Dhoni practice video viral on Social Media