ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന് നാലാം ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എട്ട് വിക്കറ്റുകള്‍ക്കാണ് ലഖ്നൗ പരാജയപ്പെടുത്തിയത്. ലഖ്നൗവിന്റെ തട്ടകമായ ഏകാന സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ലഖ്നൗ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്നൗ 19 ഓവറില്‍ എട്ട് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
മത്സരം പരാജയപ്പെട്ടെങ്കിലും ചെന്നൈക്ക് വേണ്ടി അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച എം.എസ് ധോണിയുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഏറെ ശ്രദ്ധ നേടിയത്. ഒമ്പത് പന്തില്‍ പുറത്താവാതെ 28 റണ്‍സായിരുന്നു ധോണി നേടിയത്. 311.11 സ്‌ട്രൈക്ക് റേറ്റില്‍ മൂന്ന് ഫോറുകളും രണ്ട് സിക്‌സുകളും ആണ് ധോണി അടിച്ചെടുത്തത്.
The 1️⃣0️⃣1️⃣m six that took us back to ‘1️⃣1️⃣! 🦁⏪#EndrendrumThala 🦁💛
മുംബൈ ഇന്ത്യന്‍സിനെതിരായ കഴിഞ്ഞ മത്സരത്തിലും ധോണി അവസാന ഓവറുകളില്‍ മിന്നും പ്രകടനമാണ് നടത്തിയിരുന്നത്. മുംബൈക്കെതിരെ നാലു പന്തില്‍ മൂന്ന് സിക്‌സറുകള്‍ ഉള്‍പ്പെടെ 20 റണ്‍സ് ആയിരുന്നു തോണി നേടിയത്. 500 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു ധോണി ബാറ്റ് വീശിയത്.
ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു അവിസ്മരണീയമായ നേട്ടമാണ് ധോണിയെ തേടിയെത്തിയിരിക്കുന്നത്. ഐ.പി.എല്ലില്‍ തുടര്‍ച്ചയായ രണ്ടു മത്സരങ്ങളില്‍ 300+ സ്‌ട്രൈക്ക് റേറ്റില്‍ 20+ റണ്‍സ് നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് ധോണി സ്വന്തം പേരില്‍ കുറിച്ചത്.
ധോണിക്ക് പുറമേ ചെന്നൈ ബാറ്റിങ്ങില്‍ സ്റ്റാര്‍ ഓണ്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ 40 പന്തില്‍ പുറത്താവാതെ 57 റണ്‍സും 24 പന്തില്‍ 36 റണ്‍സും മോയിന്‍ അലി 20 പന്തില്‍ 30 റണ്‍സും നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.
ആതിഥേയര്‍ക്ക് വേണ്ടി ക്രുണാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റും മോഹ്‌സിന്‍ ഖാന്‍, യാഷ് താക്കൂര്‍, രവി ബിഷ്‌നൊയ്, മാര്‍ക്കസ് സ്റ്റോണിസ് എന്നിവര്‍ ഓരോ വീതം വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.
ലഖ്നൗവിനായി നായകന്‍ കെ.എല്‍. രാഹുല്‍ 53 പന്തില്‍ 82 റണ്‍സ് നേടി നിര്‍ണായകമായി. ഒമ്പത് ഫോറുകളും മൂന്ന് സിക്‌സുകളും ആണ് രാഹുലിന്റെ ബാറ്റില്‍ നിന്നും പിറന്നത്. മറുഭാഗത്ത് സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം ക്വിന്റണ്‍ ഡി കോക്ക് 43 പന്തില്‍ 54 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ലഖ്നൗ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
Content Highlight: M.S Dhoni create a new record in IPL