Advertisement
suicide attempt
സെക്രട്ടേറിയറ്റിന് മുന്നില്‍ എം.പാനല്‍ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Feb 19, 03:12 am
Tuesday, 19th February 2019, 8:42 am

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലുകള്‍ അര്‍ദ്ധരാത്രിയില്‍ പൊളിച്ചു മാറ്റിയതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആലപ്പുഴ സ്വദേശിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ മരത്തിന് മുകളില്‍ കയറി താഴെയിറക്കാന്‍ ശ്രമിക്കുകയാണ് ഫയര്‍ഫോഴ്‌സ്.

ഇന്നലെ അര്‍ധരാത്രിയോടെ സെക്രട്ടേറിയറ്റിന് മുന്നിലെ പത്തോളം സമരപന്തലുകളാണ് പൊലീസിന്റെ നേതൃത്വത്തില്‍ നഗരസഭ പൊളിച്ചുനീക്കിയത്. ആറ്റുകാല്‍ പൊങ്കാലയുടെ പശ്ചാത്തലത്തിലാണ് പന്തലുകള്‍ പൊളിക്കുന്നതെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ മുന്നറിയിപ്പില്ലാതെയുള്ള നടപടി പ്രതിഷേധത്തിന് കാരണമാവുകയായിരുന്നു.

എംപാനല്‍ സമരക്കാരുടെ പന്തല്‍ ഉള്‍പ്പെടെ സെക്രട്ടേറിയറ്റിന്റെ മുന്‍ഭാഗത്തെ എല്ലാ പന്തലുകളും നഗസഭയുടെ ആരോഗ്യവിഭാഗം ജീവനക്കാര്‍ പണിപ്പെട്ടാണ് നീക്കംചെയ്തത്.

സമരപ്പന്തലില്‍ നിന്ന് പിന്മാറാന്‍ വിസമ്മതിച്ചവരെ ബലം പ്രയോഗിച്ച് മാറ്റി. സഹോദരന്‍ ശ്രീജീവിന്റെ മരണത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു വര്‍ഷത്തോളമായി സമരം ചെയ്യുന്ന പാറശ്ശാല സ്വദേശി ശ്രീജിത്ത് പന്തല്‍ പൊളിച്ചിട്ടും റോഡരികില്‍ സമരം തുടരുകയാണ്. ഇയാള്‍ക്ക് പിന്തുണയുമായി എത്തിയവരെയും പൊലീസ് നീക്കം ചെയ്തു.