തോപ്പില്‍ ഭാസി സംവിധാനം ചെയ്ത് പി. സ്റ്റാന്‍ലി നിര്‍മിച്ച് 1979ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ് മോചനം. ജയന്‍, സുകുമാരി, ജയഭാരതി, ഉണ്ണിമേരി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദേവരാജന്‍ മാഷാണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കിയത്.
മോചനം എന്ന ചിത്രത്തിലെ ഗാനത്തിനെ കുറിച്ച് സംസാരിക്കുകയാണ് ഗാനരചയിതാവ് എം.ഡി. രാജേന്ദ്രന്‍. ദേവരാജന്‍ മാഷാണ് ലോകത്തിലെ ഏറ്റവും വലിയ ഇറോട്ടിക് ഗാനം ഉണ്ടാക്കിയ ആളെന്ന് എം.ഡി. രാജേന്ദ്രന്‍ പറയുന്നു. മോചനത്തിലെ ‘നഗ്‌ന സൗഗന്ധികപ്പൂ’ എന്ന ഗാനമാണ് താന്‍ ആദ്യമായി എഴുതിയ പാട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സിനിമക്ക് ശേഷം സംവിധായകന്‍ ഭരതന്‍, പാര്‍വതി എന്ന സിനിമ ചെയ്യുമ്പോള്‍ തന്നോട് മോചനത്തിലെ പാട്ടുപോലെ ഒരു പാട്ടുവേണം എന്ന് പറഞ്ഞ് വിളിച്ചിരുന്നെന്നും രാജേന്ദ്രന്‍ പറഞ്ഞു. അമൃത ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എം.ഡി. രാജേന്ദ്രന്‍.
‘ദേവരാജന്‍ മാഷാണ് ലോകത്തിലെ ഏറ്റവും വലിയ ഇറോട്ടിക് പാട്ട് ഉണ്ടാക്കിയ ആള്‍. തൂവാന തുമ്പികള്‍ എന്ന ചിത്രം നിര്‍മിച്ച സ്റ്റാന്‍ലി തന്നെ പ്രൊഡ്യൂസ് ചെയ്ത ചിത്രമാണ് 1979 ല്‍ ഇറങ്ങിയ ‘മോചനം’. ഈ പടത്തിലെ ‘നഗ്‌ന സൗഗന്ധികപ്പൂ’ എന്ന് തുടങ്ങുന്ന പാട്ടാണ് ആദ്യമായി ഞാന്‍ എഴുതുന്നത്. ദേവരാജന്‍ മാഷാണ് അതിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ഇത് ഞാന്‍ പറയാനുള്ള കാരണം ഭരതന്റെ പാര്‍വതി എന്ന സിനിമയിലും മോചനം എന്ന സിനിമയിലെ ഇതേ സിറ്റുവേഷന്‍ വരുന്നുണ്ട്. കുറെ കൂടെ ഭീകരമായിട്ട്. അപ്പോള്‍ ഭരതന്‍ എന്റെ അടുത്ത് പറയുകയാണ് ‘എടാ നിന്റെ നഗ്‌ന സൗഗന്ധികപ്പൂ’ എന്നപോലത്തെ സാധനം വേണമെന്ന്. ദേവരാജന്‍ മാഷ് പോലും അംഗീകരിച്ച സെക്‌സ് ആണല്ലോ ആ പാട്ട്,’ എം.ഡി. രാജേന്ദ്രന്‍ പറയുന്നു.