കണ്ണൂര്‍: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുഴുവന്‍ കേസുകളിലും ജാമ്യം നേടി മഞ്ചേശ്വരം എം.എല്‍.എയും മുസ്‌ലിം ലീഗ് നേതാവുമായ എം.സി.കമറുദ്ദീന്‍ ജയില്‍മോചിതനായി.
93 ദിവസത്തിന് ശേഷമാണ് കമറുദ്ദീന് ജാമ്യം ലഭിച്ചത്. അദ്ദേഹത്തെ സ്വീകരിക്കാന്‍ അണികളും ബന്ധുക്കളും ജയിലില്‍ എത്തിയിരുന്നു. ജയിലില്‍ നിന്നിറങ്ങി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കമറുദ്ദീന്‍ വികാരാധീനനായി പൊട്ടിക്കരയുകയും ചെയ്തു.
തനിക്കെതിരെ വലിയ ഗൂഢാലോചനയുണ്ടായെന്നും തന്നെ മൂന്ന് മാസമാണ് ജയിലില്‍ പൂട്ടിയിട്ടതെന്നും കമറുദ്ദീന്‍ പറഞ്ഞു. ഇതിലൊന്നും ആരോടും തനിക്ക് പരിഭവമില്ലെന്നും ജയിലില്‍ കയറാനും ഇറങ്ങാനും വിധിക്കപ്പെട്ടവരാണ് രാഷ്ട്രീയക്കാരെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘റസാഖ് മാസ്റ്ററുടെ മരണത്തിന് ശേഷം മഞ്ചേശ്വരത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചത് കൂടിയ ഭൂരിപക്ഷത്തിനാണ്. അപ്പോള്‍ മുതലാണ് തനിക്കെതിരെയുള്ള ഗൂഢാലോചന തുടങ്ങിയത്. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ വരെ അതിന്റെ ഭാഗമാണ്’, കമറുദ്ദീന്‍ പറഞ്ഞു.
കമറുദ്ദീനെതിരെ ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന 6 കേസുകളില്‍ കൂടി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത 148 കേസുകളിലും ജാമ്യം ലഭിച്ചിരുന്നു.
ഇതോടെയാണ് മൂന്ന് മാസങ്ങള്‍ക്ക് ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും അദ്ദേഹം പുറത്തിറങ്ങിയത്.
2020 നവംബര്‍ ഏഴിനാണ് ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ എം.എല്‍.എയും ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനുമായ എം.സി കമറുദ്ദീന്‍ അറസ്റ്റിലായത്. ചന്ദേര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത നാല് കേസുകളിലാണ് അറസ്റ്റ്. 420, 43 വകുപ്പുകള്‍ പ്രകാരമാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്. കേസില്‍ കൂട്ടുപ്രതിയും ജ്വല്ലറി എം.ഡിയുമായ പൂക്കോയ തങ്ങള്‍ ഇപ്പോഴും ഒളിവിലാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക