national news
ലൈംഗിക ഉദ്ദേശങ്ങളില്ലാതെ കുട്ടികളുടെ ചുണ്ടില്‍ സ്പര്‍ശിക്കുന്നതും കൂടെയുറങ്ങുന്നതും പോക്സോ പ്രകാരം കുറ്റകരമല്ല: ദല്‍ഹി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 08, 02:37 am
Saturday, 8th March 2025, 8:07 am

ന്യൂദല്‍ഹി: ലൈംഗികമായ നേട്ടങ്ങള്‍ ലക്ഷ്യംവെക്കാതെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ചുണ്ടില്‍ സ്പര്‍ശിക്കുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് ദല്‍ഹി ഹൈക്കോടതി.

ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ കുട്ടികളുടെ അടുത്ത് കിടന്ന് ഉറങ്ങുന്നതും കുറ്റകരമാകില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മയുടേതാണ് നിരീക്ഷണം.

ലൈംഗിക ഉദ്ദേശങ്ങളില്ലാതെ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പോക്സോ ചുമത്താന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ കൂട്ടികളുടെ അന്തസ്സിനെ കളങ്കം വരുത്തുന്നതാണെന്നും കോടതി പറഞ്ഞു.

പോക്സോ നിയമത്തിലെ സെക്ഷന്‍ 10 പ്രകാരം തന്നെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ അമ്മാവന്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ചെറിയ പ്രായത്തില്‍ തന്നെ അമ്മ മരിച്ചുപോയ പെണ്‍കുട്ടി സര്‍ക്കാര്‍ വക ശിശുസംരക്ഷണ കേന്ദ്രത്തിലാണ് കഴിയുന്നത്. ഇതിനിടെ കുട്ടി കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ പോയപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രിയില്‍ കിടന്നുറങ്ങിയിരുന്ന പെണ്‍കുട്ടിയോട് അമ്മാവന്‍ മോശമായ വിധത്തില്‍ പെരുമാറിയെന്നാണ് പരാതി.

പരാതിയെ തുടര്‍ന്ന് ഐ.പി.സി 354 പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ പരാതിയില്‍ പോക്സോ കേസ് എടുക്കാനാകില്ലെന്നാണ് കോടതി പറഞ്ഞത്. പ്രതിക്കെതിരെ ഐ.പി.സി സെക്ഷന്‍ 354 പ്രകാരം കുറ്റം ചുമത്തിയ നീക്കം ശരിവെച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.

അതേസമയം തന്നെ അമ്മാവന്‍ ലൈംഗികമായി ഉപദ്രവിച്ചെന്നോ മറ്റോ കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോടോ പൊലീസിനോടോ പറഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു. ഒരു പെണ്‍കുട്ടിയുടെ ചുണ്ടില്‍ സ്പര്‍ശിക്കുകയും അമര്‍ത്തുകയും ചെയ്യുന്ന പ്രവൃത്തി ഐ.പി.സി സെക്ഷന്‍ 350 പ്രകാരം ക്രിമിനല്‍ ബലപ്രയോഗത്തിന്റെ പരിധിയില്‍ വരുമെന്നും കോടതി വ്യക്തമാക്കി.

പ്രതിക്കെതിരെ കുറ്റം ചുമത്തിക്കൊണ്ട് വിചാരണ കോടതി പുറപ്പെടുവിച്ച ആക്ഷേപകരമായ ഉത്തരവ് പൂര്‍ണമായും അര്‍ത്ഥശൂന്യമാണെന്നും എങ്ങനെ ഈ നിഗമനത്തിലെത്തി എന്നതിന് ഒരു കാരണമോ വിശദീകരണമോ നല്‍കുന്നതില്‍ ജഡ്ജി പരാജയപ്പെട്ടുവെന്നും കോടതി പറഞ്ഞു.

Content Highlight: Lying Very Close To Minor Victim Amounts To ‘Outraging Modesty’ But Not ‘Aggravated Assault’ If No Overt abuse Intent: Delhi HC