അടുത്തിടെ തിയേറ്ററുകളില്‍ ശ്രദ്ധ നേടിയ ചിത്രമാണ് സുലൈഖ മന്‍സില്‍. ലുക്മാന്‍ അവറാന്‍, അനാര്‍ക്കലി മരിക്കാര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം സംവിധാനം ചെയ്തത് അഷ്‌റഫ് ഹംസയാണ്. ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു. ഇതില്‍ തന്നെ പഴയ ആല്‍ബം പാട്ടായ എത്ര നാള് കാത്തിരുന്നുവുമുണ്ടായിരുന്നു. റീമേക്ക് ചെയ്യപ്പെട്ട ഈ പാട്ടിലെ ലുക്മാന്റെ ഡാന്‍സും വലിയ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി.
നേരത്തെ തല്ലുമാലയില്‍ ഡാന്‍സ് കളിച്ചത് പോലെയല്ല സുലൈഖയിലെ ഡാന്‍സ് എന്ന് പറയുകയാണ് ലുക്മാന്‍. തല്ലുമാലയില്‍ മുന്നില്‍ നിക്കുന്ന ആളെ നോക്കി കളിക്കാമെന്നും എന്നാല്‍ സുലൈഖയില്‍ താന്‍ തന്നെ കളിക്കണമായിരുന്നു എന്നും ലുക്മാന്‍ പറഞ്ഞു. എന്നാല്‍ ലൊക്കേഷനിലെ കംഫര്‍ട്ട് സോണ്‍ തന്നെ വളരെയധികം സഹായിച്ചു എന്നും ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ലുക്മാന്‍ പറഞ്ഞു.
‘തല്ലുമാലയിലേയും സുലൈഖയിലേയും ഡാന്‍സ് തമ്മില്‍ നല്ല വ്യത്യാസമുണ്ട്. തല്ലുമാലയില്‍ ഒരു കൂട്ടത്തില്‍ നിന്നാണല്ലോ ഡാന്‍സ് കളിക്കുന്നത്. മുമ്പിലേക്ക് നോക്കിയൊക്കെ കളിക്കാം. ഇവിടെ നമ്മള്‍ തന്നെ കളിക്കണം. എല്ലാവരും എന്നെ നോക്കിനിക്കുകയാണല്ലോ. നമ്മളാണ് സെന്‍ട്രല്‍ പോയിന്റ്. പക്ഷേ അത് വേറെ ഒരു എക്‌സ്പീരിയന്‍സ് ആയിരുന്നു.
എല്ലാവരും കൂടി സെറ്റായി ഒരു ഫ്രെണ്ട്‌ലി പരിപാടിയായിരുന്നു. അഷ്‌റഫിക്കയെ നേരത്തെ അറിയാം. ചെമ്പന്‍ ചേട്ടനേയും നേരത്തെ അറിയാം. അദ്ദേഹം ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ കൂടിയാണ്. പിന്നെ അനാര്‍ക്കലി, എല്ലാവരും ഫുള്‍ ഓണ്‍ വൈബിലായിരുന്നു. അതുകൊണ്ട് എളുപ്പമായിരുന്നു.
പിന്നെ എന്തായാലും കംഫര്‍ട്ട് സോണുണ്ടാക്കുമല്ലോ. ഓരോരുത്തരും ഓരോ രീതിയിലായിരിക്കും ഉണ്ടാക്കുക. ചിലര്‍ നല്ല ഫ്രെണ്ട്‌ലിയായിരിക്കും. ചിലര്‍ ദേഷ്യപ്പെട്ടായിരിക്കും,’ ലുക്മാന്‍ പറഞ്ഞു.
ജാക്‌സണ്‍ ബസാര്‍ യൂത്താണ് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ലുക്മാന്റെ ചിത്രം. ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 19നാണ് റിലീസ് ചെയ്യുന്നത്.
Content Highlight: lukman avaran talks about the dance in sulaikha manzil