മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ലുക്മാൻ അവറാൻ. ക്യാരക്ടർ റോളിലൂടെ സിനിമയിലേക്കെത്തി കേന്ദ്ര കഥാപാത്രമായ നടനാണ് ലുക്മാൻ. 2013ല്‍ പുറത്തിറങ്ങിയ ദയോം പന്ത്രണ്ടും എന്ന സിനിമയായിരുന്നു താരത്തിന്റെ കരിയറിലെ ആദ്യത്തെ തിയേറ്റര്‍ റിലീസ് ചിത്രം. 2021ല്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് ഓപ്പറേഷന്‍ ജാവയില്‍ ലുക്മാന്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചു.
ഓപ്പറേഷൻ ജാവയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം. താൻ തരുണുമായി സംസാരിച്ചിരുന്നെന്നും ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് എഴുതി കഴിഞ്ഞിട്ടുണ്ടെന്നും ലുക്മാൻ പറയുന്നുണ്ട്. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘തരുണുമായി ഇപ്പോൾ അടുത്ത് സംസാരിച്ചപ്പോൾ പോലും ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് എഴുതിക്കഴിഞ്ഞു എന്നാണ് പറഞ്ഞത്. പിന്നെ അവൻ അതിലോട്ട് ഇൻ ആയിട്ടില്ല. പിന്നെ വേറൊരു സിനിമ ചെയ്യാൻ പോകുന്നുണ്ട്. അതൊക്കെ കഴിഞ്ഞിട്ടേ ഇനി ഇത് ഉണ്ടാവുകയുള്ളൂ. നമ്മൾ വിചാരിക്കുന്ന പോലെയല്ലല്ലോ സിനിമ ഉണ്ടാകുന്നത്. സിനിമ തീരുമാനിക്കുന്നത് പോലെയാണ്. നമ്മൾ അതിന്റെ കൂടെ നിൽക്കുക അത്രയേ ഉള്ളു,’ ലുക്മാൻ പറഞ്ഞു.
താൻ തല്ലുമാലയുടെ രണ്ടാം ഭാഗത്തിനെക്കുറിച്ച് ഖാലിദ് റഹ്മാനോടും മുഹ്‌സിൻ പരാരിയോടും ചോദിക്കാറുണ്ടെന്നും ലുക്മാൻ അഭിമുഖത്തിൽ പറയുന്നുണ്ട്. ‘ഞാന്‍ എപ്പോഴും റഹ്‌മാനോടും (ഖാലിദ് റഹ്‌മാന്‍) മുഹ്സിനോടും (മുഹ്‌സിന്‍ പരാരി) തല്ലുമാല റ്റൂ എന്നാണ് ചെയ്യുന്നതെന്ന് ചോദിക്കാറുണ്ട്. തല്ലുമാലയുടെ അടുത്ത ഭാഗമുണ്ടോയെന്ന് ചോദിച്ചാല്‍ ഒന്നും തീരുമാനമായിട്ടില്ല,’ ലുക്മാന്‍ പറഞ്ഞു.
ചെമ്പന്‍ വിനോദ് ജോസ് നിര്‍മിക്കുന്ന പുതിയ ചിത്രമായ അഞ്ചക്കള്ളക്കോക്കാനാണ് ലുക്മാന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ചെമ്പന്‍ വിനോദ്, ലുക്മാന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മാര്‍ച്ച് 15 ന് തീയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചെമ്പന്‍ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായാണ് ഉല്ലാസ് സിനിമാ രംഗത്തെത്തുന്നത്.
Content Highlight: Lukman Avaran about operation java movie’s second part