Football
'പി.എസ്.ജിയിലെത്തുമ്പോള്‍ രണ്ട് ബാഴ്‌സലോണ താരങ്ങള്‍ ക്ലബ്ബിലുണ്ടായിരിക്കണം'; ആവശ്യം ഉന്നയിച്ച് ലൂയിസ് എന്റിക്വ്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jul 06, 03:41 am
Thursday, 6th July 2023, 9:11 am

സൂപ്പര്‍ കോച്ച് ലൂയിസ് എന്റിക്വിന് കീഴില്‍ പുതിയ യുഗം ആരംഭിക്കാനിരിക്കുകയാണ് ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജി. കഴിഞ്ഞ ദിവസമാണ് എന്റിക്വ് പാരീസിയന്‍ ക്ലബ്ബിന്റെ പരിശീലകനായി ചുമതലയേല്‍ക്കുന്നുവെന്ന ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

പുതിയ ക്ലബ്ബില്‍ ജോയിന്‍ ചെയ്യുമ്പോള്‍ രണ്ട് ബാഴ്‌സലോണ താരങ്ങളെ ക്ലബ്ബിലെത്തിക്കണമെന്ന് എന്റിക്വ് പി.എസ്.ജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എല്‍ നാഷണലിന്റെ റിപ്പോര്‍ട്ട് പ്രകാരം ജൂള്‍സ് കോണ്ടെ, ഉസ്മാന്‍ ഡെംബലെ എന്നീ രണ്ട് ബാഴ്‌സ താരങ്ങളാണ് എന്‍ റിക്വിന്റെ ട്രാന്‍സ്ഫര്‍ വിഷ്‌ലിസ്റ്റിലുള്ളത്. ഇരു താരങ്ങളെയും ക്ലബ്ബിലെത്തിക്കാനായാല്‍ പി.എസ്.ജിയുടെ നിലവിലെ സ്‌ക്വാഡിനെ ശക്തിപ്പെടുത്താനാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഈ സീസണിന്റെ അവസാനത്തോടെ മുന്‍ കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍ പി.എസ്.ജിയുമായി പിരിഞ്ഞതോടെയാണ് എന്‍ റിക്വ് പുതിയ പരിശീലകനായി പാരീസിലെത്തുന്നത്. ഗാള്‍ട്ടിയറിന് പകരക്കാരനായി മുന്‍ ബയേണ്‍ മ്യൂണിക്ക് കോച്ച് ജൂലിയന്‍ നഗല്‍സ്മാനെ ക്ലബ്ബിലെത്തിക്കാന്‍ പി.എസ്.ജി ശ്രമം നടത്തിയിരുന്നെങ്കിലും സാധ്യമായില്ല. തുടര്‍ന്നാണ് എന്റിക്വിനെ പാരീസിയന്‍ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്തേക്ക് ക്ഷണിച്ചത്.

2014 മുതല്‍ 2017 വരെ ബാഴ്‌സലോണക്കായി മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിഞ്ഞതോടെയാണ് എന്റിക്വിനെ സ്‌പെയ്ന്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ കൊണ്ട് വരുന്നത്. കഴിഞ്ഞ ലോക കപ്പില്‍ സ്പെയിന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായോടെ എന്റിക്വ് സ്പെയിന്‍ പരിശീലക സ്ഥാനമൊഴിയുകയായിരുന്നു. സൂപ്പര്‍ കോച്ചിനായി നിരവധി ക്ലബ്ബുകള്‍ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Luis Enrique wants Ousmane Dembele and Jules Konde to sign with PSG