Football
റൊണാള്‍ഡോയെ പരിശീലിപ്പിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ച് അല്‍ നസര്‍ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jan 05, 10:28 am
Friday, 5th January 2024, 3:58 pm

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചിരിക്കുകയാണ് അല്‍ നസര്‍ പരിശീലകന്‍ ലൂയിസ് കാസ്‌ട്രോ.

റൊണാള്‍ഡോയെ ഒരു കോച്ച് എന്ന രീതിയില്‍ പരിശീലിപ്പിച്ചതിന്റെ അനുഭവം പങ്കുവെക്കുകയായിരുന്നു ലൂയിസ് കാസ്‌ട്രോ. പോര്‍ച്ചുഗീസ് ഔട്ട്ലെറ്റ് ഒ ജോഗോയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അല്‍ നസര്‍ പരിശീലകന്‍.

‘ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ എന്നതിനുഉപരി അവന്‍ മികച്ച മാനസികാവസ്ഥയുള്ള ഒരു താരമാണ്. മറ്റുള്ളവരെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോകുന്നതിന് സഹായിക്കുകയും അവന്റെ ടീമിനെ കൃത്യമായ ശ്രദ്ധ നല്‍കുകയും ചെയ്യുന്നു. വന്‍ കളിക്കളത്തില്‍ എപ്പോഴും മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. റൊണാള്‍ഡോക്ക് ജീവിതത്തില്‍ ഒരുപാട് ആഗ്രഹങ്ങളുണ്ട് അത് അവന്റെ നിത്യജീവിതത്തില്‍ നമുക്ക് കാണാന്‍ സാധിക്കും,’ ലൂയിസ് കാസ്‌ട്രൊ പറഞ്ഞു.

2023-24 സീസണിന്റെ തുടക്കത്തിലാണ് ലൂയിസ് കാസ്‌ട്രോ സൗദി വമ്പന്‍മാരുടെ പരിശീലകനായി ചുമതല ഏല്‍ക്കുന്നത്. അതേസമയം റൊണാള്‍ഡോ 2023ലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും അല്‍ നസറില്‍ എത്തുന്നത്.

അല്‍ നസറിനായി ഈ സീസണില്‍ മിന്നും ഫോമിലാണ് റൊണാള്‍ഡോ കളിച്ചത്. ഈ സീസണില്‍ 25 മത്സരങ്ങളില്‍ അല്‍ നസറിനായി ബൂട്ട് കെട്ടിയ റോണോ 24 ഗോളുകളും 11 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

2023ല്‍ മറ്റൊരു അവിസ്മരണീയ നേട്ടവും ഈ 38കാരന്‍ സ്വന്തമാക്കിയിരുന്നു. 2023 കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകൾ നേടുന്ന താരമായി മാറാനും പോര്‍ച്ചുഗീസ് ഇതിഹാസത്തിന് സാധിച്ചു. ക്ലബ്ബിനും ദേശീയ ടീമിനുമായി 54 ഗോളുകളാണ് റൊണാള്‍ഡോ എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയത്.

ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍, പാരീസിന്റെ ഫ്രഞ്ച് സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ എന്നിവരെ മറികടന്നു കൊണ്ടായിരുന്നു റൊണാള്‍ഡോ ഈ നേട്ടം സ്വന്തമാക്കിയത്. എംബാപ്പയും കെയ്നും 52 ഗോളുകളായിരുന്നു നേടിയത്.

നിലവില്‍ സൗദി പ്രോ ലീഗില്‍ 19 മത്സരങ്ങളില്‍ നിന്നും 15 വിജയവും ഒരു സമനിലയും തോല്‍വിയും അടക്കം 46 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോയും കൂട്ടരും.

Content Highlight: Luis castro praises Cristaino Ronaldo.