രാഹുലിന് നേരെ വിരല്‍ചൂണ്ടിയാല്‍ പരിഹാരമാവില്ല; പാര്‍ട്ടിക്കെതിരെ വിമര്‍ശനമുന്നയിക്കുന്നവര്‍ ആത്മപരിശോധന നടത്തണം: അധിര്‍ രഞ്ജന്‍
India
രാഹുലിന് നേരെ വിരല്‍ചൂണ്ടിയാല്‍ പരിഹാരമാവില്ല; പാര്‍ട്ടിക്കെതിരെ വിമര്‍ശനമുന്നയിക്കുന്നവര്‍ ആത്മപരിശോധന നടത്തണം: അധിര്‍ രഞ്ജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd November 2020, 3:40 pm

ന്യൂദല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിലുടലെടുത്ത അഭിപ്രായവ്യാത്യാസങ്ങള്‍ അവസാനിക്കുന്നില്ല. ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കള്‍ വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ്.

പാര്‍ട്ടിക്കുള്ളില്‍ പരിഷ്‌കാരങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെടുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കണ്ണാടിയില്‍ നോക്കി ആത്മപരിശോധന നടത്തണമെന്നാണ് പാര്‍ട്ടിയുടെ ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞത്. ഇത് രണ്ടാം തവണയാണ് പാര്‍ട്ടിയെ വിമര്‍ശിച്ച നേതാക്കള്‍ക്കെതിരെ പരസ്യ വിമര്‍ശനവുമായി അധിര്‍ രഞ്ജന്‍ രംഗത്തെത്തുന്നത്.

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പാര്‍ട്ടി ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞെന്നും ബി.ജെ.പിക്ക് കോണ്‍ഗ്രസ് ഒരു ബദലാവില്ലെന്നും കപില്‍ സിബല്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് വിമര്‍ശനമുന്നയിച്ചവര്‍ തന്നെ ആത്മപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് അധിര്‍ രഞ്ജന്‍ ചൗധരി എത്തിയത്.

കപില്‍ സിബലിന് പുറമെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഗുലാം നബി ആസാദും പാര്‍ട്ടിയുടെ തകര്‍ച്ചയില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ പുനരുജ്ജീവനത്തിന് ആഴത്തിലുള്ള ഘടനാപരമായ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഒരു കലാപവുമില്ലെന്ന് പറഞ്ഞ അദ്ദേഹം താഴെതട്ടുമുതല്‍ മുകള്‍തട്ടു വരെ നില്‍ക്കുന്ന പാര്‍ട്ടിയിലെ ഓരോ അംഗങ്ങളും അവരുടെ ഉത്തരവാദിത്തങ്ങള്‍ മനസിലാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ പറയാതെ അത് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വിളിച്ചുപറയുകയാണെന്നായിരുന്നു അധിര്‍ രഞ്ജന്‍ വിമര്‍ശിച്ചത്.

‘അവര്‍ക്ക് ബീഹാറിലെ തോല്‍വിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ഉണ്ടെങ്കില്‍, അവര്‍ അതിനുള്ള ശരിയായ സമയത്തിനായി കാത്തിരിക്കണം. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഴം കൂട്ടുന്ന തരത്തിലുള്ള ഇടപെടല്‍ ഒരു തരത്തില്‍ അവസരവാദമാണ്. ചിലര്‍ ഇത് ആസ്വദിച്ചേക്കാം’, അധിര്‍ രഞ്ജന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു സംസ്‌കാരമുണ്ടെന്നും നേതാക്കള്‍ അവരുടെ നിലപാടുകള്‍ പറഞ്ഞ് പാര്‍ട്ടിയുടെ സംസ്‌ക്കാരം ഇല്ലാതാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികളുമായി നമ്മള്‍ സഖ്യത്തിലായിരുന്നു. അന്ന് അവരുടെ മറ്റ് സഖ്യകക്ഷികളേക്കാന്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ നമുക്കായി. എന്നാല്‍ ബീഹാറുമായോ മറ്റേതെങ്കിലും സംസ്ഥാനങ്ങളുമായോ ഇതിനെ താരതമ്യം ചെയ്യാന്‍ കഴിയില്ല. ഓരോ തോല്‍വിയിലും രാഹുല്‍ ഗാന്ധിക്ക് നേരെ വിരല്‍ ചൂണ്ടുന്നതും അദ്ദേഹത്തെ മാത്രം കുറ്റപ്പെടുത്തുന്നതും പരിഹാരമല്ലെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

നേരത്തെയും കപില്‍ സിബലിനെതിരെ രൂക്ഷ വിമര്‍ശനവുമായി അധിര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തിയിരുന്നു. ‘ബീഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹത്തെ ഞങ്ങളാരും കണ്ടിട്ടില്ല’, എന്നായിരുന്നു അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞത്.

ഇതിന് മറുപടിയുമായി കപില്‍ സിബല്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. താരപ്രചാരകരുടെ ലിസ്റ്റില്‍ താനില്ലായിരുന്നെന്നും പിന്നെങ്ങനെയാണ് തനിക്ക് പ്രചരണത്തിനെത്താനാകുകയെന്നുമായിരുന്നു അദ്ദേഹം ചോദിച്ചത്.

‘അധിര്‍ തീര്‍ച്ചയായും മനസിലാക്കേണ്ടത് താരപ്രചാരകരുടെ ലിസ്റ്റ് എന്നൊന്നുണ്ട് എന്നതാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് വേണ്ടി പ്രചരണം നടത്താന്‍ എനിക്ക് ആഗ്രഹമുണ്ടെങ്കിലും ലിസ്റ്റില്‍ പേരില്ലാതെ അതെങ്ങനെ സാധിക്കും. കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷിനേതാവിന് ഈ അടിസ്ഥാനകാര്യം പോലും അറിയില്ലേ?’, എന്നായിരുന്നു സിബലിന്റെ ചോദ്യം.

ഒരു വര്‍ഷത്തോളം നയിക്കാന്‍ ഒരു നേതാവില്ലാതെ ഒരു പാര്‍ട്ടിക്ക് എങ്ങിനെയാണ് പ്രവര്‍ത്തിക്കാന്‍ കഴിയുകയെന്നും എവിടെയാണ് പോകേണ്ടതെന്ന് അറിയാത്ത സ്ഥിതിയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നും സിബല്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് നേരത്തെ കത്തെഴുതിയ നേതാക്കളിലും കപില്‍ സിബല്‍ ഉണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Adhir Ranjan Chowdhury tells Congress leaders calling for reform within party