കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെന്ന് റിപ്പോര്‍ട്ട്. ദിലീപും ലോക്‌നാഥ് ബെഹ്‌റയും നിരന്തരം ഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടര്‍ ചാനല്‍ അവകാശപ്പെടുന്നു.
അന്നത്തെ ക്രൈംബ്രാഞ്ച് ഐ.ജി വഴിയാണ് ബെഹ്‌റ കേസില്‍ ഇടപെട്ടത്. ദിലീപിനെ രക്ഷപ്പെടുത്താന്‍ അന്വേഷണ സംഘത്തെ ബെഹ്‌റ നിരന്തരം സമ്മര്‍ദം ചെലുത്തിയതായാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദിലീപിനെതിരെ അന്വേഷണം പോകാതിരിക്കാനുള്ള ഓരോ ഇടപെടലും ലോക്‌നാഥ് ബെഹ്‌റ നടത്തിയിരുന്നു. അഭിഭാഷകന്റെ ഓഫീസില്‍ റെയ്ഡ് നടത്താന്‍ കോടതി നല്‍കിയ അനുമതി വൈകിപ്പിക്കാന്‍ പോലും കാരണമായത് ലോക്‌നാഥ് ബെഹ്‌റയുടെ ഇടപെടലാണെന്നാണ് അറിയുന്നത്.
നടന്‍ ദിലീപിന്റെ അറസ്റ്റു നടക്കുന്നതിന് മുന്‍പുള്ള നിര്‍ണായക ദിവസങ്ങളില്‍ ലോക്‌നാഥ് ബെഹ്‌റയും ദിലീപുമായി 22 തവണയാണ് ഫോണില്‍ സംസാരിച്ചത്. കേസിലെ സുപ്രധാന വിവരങ്ങള്‍ ദിലീപിന് ചോര്‍ത്തി നല്‍കിയെന്ന വിവരങ്ങള്‍ ഉള്‍പ്പെടെയാണ് പുറത്തുവരുന്നത്.
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടിട്ടുണ്ടെന്ന് കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബാബു കുമാര്‍ വെളിപ്പെടുത്തിയിരുന്നു.
നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് ആലുവയിലെ അഭിഭാഷകന്റെ വീട്ടിലുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടും ഉന്നത ഉദ്യോര്‍സ്ഥര്‍ അന്വേഷണം വൈകിപ്പിച്ചെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
കോടതിയില്‍ നിന്ന് അഭിഭാഷകന്റെ വീട്ടില്‍ പരിശോധന നടത്താന്‍ അനുമതി വാങ്ങിച്ചിരുന്നെന്നും എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇത് വൈകിപ്പിച്ചെന്നും ബാബു കുമാര്‍ പറഞ്ഞു.
‘അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരുടെ ഒരു ലീഡിങ് ഉണ്ടായിരുന്നല്ലോ. ലീഡിങ് എന്ന് പറയുമ്പോള്‍ ഐ.ജി ഉള്‍പ്പെടെ എല്ലാവരും കൂടെ ക്യാമ്പ് ചെയ്തല്ലേ സൂപ്പര്‍വൈസ് ചെയ്തത്. അവരുടെ ഭാഗത്ത് നിന്നും മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും അഭിപ്രായങ്ങള്‍ വന്നിരുന്നു. ഇതാണ് കാര്യങ്ങള്‍ വൈകാന്‍ ഇടയായത്,’ അദ്ദേഹം പറഞ്ഞു.
താന്‍ ആദ്യത്തെ ചാര്‍ജ് ഷീറ്റ് കൊടുത്തിട്ട് പിന്നെ ഒരു മാസമേ അന്വേഷിച്ചുള്ളുവെന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു റിപ്പോര്‍ട്ട് കോടതിക്ക് കൊടുത്തിരുന്നെന്നും ബാബു കുമാര്‍ പറഞ്ഞു.