ബാബരി മസ്ജിദ് തകര്‍ക്കല്‍; അദ്വാനിയോട് നൂറിലേറെ ചോദ്യങ്ങളുമായി കോടതി, മൊഴിയെടുപ്പ് നീണ്ടത് നാലര മണിക്കൂര്‍
Babri Masjid Demolition
ബാബരി മസ്ജിദ് തകര്‍ക്കല്‍; അദ്വാനിയോട് നൂറിലേറെ ചോദ്യങ്ങളുമായി കോടതി, മൊഴിയെടുപ്പ് നീണ്ടത് നാലര മണിക്കൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th July 2020, 7:55 am

ലക്‌നൗ: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതിയായ മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ എല്‍.കെ അദ്വാനിയുടെ മൊഴിയെടുപ്പ് നീണ്ടുനിന്നത് നാലരമണിക്കൂര്‍. വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് തുടങ്ങിയ പ്രത്യേക സി.ബി.ഐ കോടതിയുടെ മൊഴിയെടുപ്പ് വൈകീട്ട് 3.30 വരെ നീണ്ടു.

നൂറിലേറെ ചോദ്യങ്ങള്‍ ബാബരി മസ്ജിദ് തകര്‍ക്കലുമായി ബന്ധപ്പെട്ട് അദ്വാനിയോട് ചോദിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അദ്വാനിയ്ക്ക് മേല്‍ ചുമത്തിയ എല്ലാ കുറ്റങ്ങളും അദ്ദേഹം നിഷേധിച്ചതായി അഭിഭാഷകന്‍ പറഞ്ഞു.

1992 ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് ഹിന്ദുത്വവാദികള്‍ തകര്‍ത്തത്. അദ്വാനിയെക്കൂടാതെ മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ കേസില്‍ പ്രതികളാണ്.

മുരളി മനോഹര്‍ ജോഷിയുടെ മൊഴി വ്യാഴാഴ്ച രേഖപ്പെടുത്തിയിരുന്നു.

അയോധ്യയിലെ ഭൂമിതര്‍ക്ക കേസില്‍ ഹിന്ദുത്വവാദികള്‍ക്ക് അനുകൂലമായി സുപ്രീംകോടതി വിധി വന്നത് കഴിഞ്ഞ വര്‍ഷമായിരുന്നു. ഈ വര്‍ഷം ആഗസ്റ്റ് 5 ന് അയോധ്യയില്‍ രാമക്ഷേത്രത്തിനായി ഭൂമി പൂജ നടക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥി. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ എല്ലാവരേയും ചടങ്ങില്‍ വിളിക്കണമെന്ന് ഹിന്ദുത്വസംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക