ഫുട്‌ബോളില്‍ താന്‍ ഇപ്പോള്‍ നേരിടുന്ന വരള്‍ച്ചയെ മറികടക്കാന്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മാതൃകയാക്കുകയാണെന്ന് ലിവര്‍പൂള്‍ താരം ഡിയോഗോ ജോട്ട. ഈ സീസണില്‍ ക്ലബ്ബിന് വേണ്ടി ജോട്ടക്ക് ഗോളുകളൊന്നും നേടാന്‍ സാധിച്ചിട്ടില്ല. പരിക്കുകളെ തുടര്‍ന്ന് 19 മത്സരങ്ങളില്‍ മാത്രമാണ് ലിവര്‍പൂള്‍ ജേഴ്‌സിയില്‍ കളിച്ചത്.
ഈ സീസണില്‍ താന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ടോക്‌സ്‌പോര്‍ട്ടിനോട് സംസാരിക്കുകയായിരുന്നു താരം. റൊണാള്‍ഡോ കടന്നുപോയ സാഹചര്യങ്ങളിലൂടെയാണ് താനിപ്പോള്‍ കടന്നുപോകുന്നതെന്നും ഒരു ഗോള്‍ എങ്കിലും സ്‌കോര്‍ ചെയ്യാതെ ഈ സീസണ്‍ അവസാനിപ്പിക്കാന്‍ തനിക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഇത് ശരിക്കും അരോചകമാണ്. തീര്‍ച്ചയായും ഒരു ഗോള്‍ എങ്കിലും നേടാനാകാതെ ഈ സീസണ്‍ അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കളത്തില്‍ അതിനുവേണ്ടതെല്ലാം ഞാന്‍ ചെയ്യുന്നുണ്ട്. ഫുട്‌ബോള്‍ പെട്ടെന്ന് എല്ലാം മാറ്റി മറിക്കുന്ന ഗെയിം ആണെന്ന് എനിക്കറിയാം. റൊണാള്‍ഡോ പറഞ്ഞത് എനിക്കോര്‍മയുണ്ട്. അദ്ദേഹത്തിന് ഒരു ഗോള്‍ പോലും നേടാനാകാത്ത സാഹചര്യമുണ്ടായപ്പോള്‍ ആരാധകര്‍ അതിനെ ചോദ്യം ചെയ്തിട്ടുണ്ട്.
റൊണാള്‍ഡോ അതിനെ കെച്ചപ്പിനോടാണ് ഉപമിച്ചത്. അത് പരമാര്‍ത്ഥമാണ്. ആദ്യത്തെ തുള്ളി പുറത്തുവരുമ്പോള്‍ എല്ലാം പുറത്ത് വരും. എന്റെ കാര്യത്തിലും അങ്ങനെത്തന്നെയാണെന്നാണ് തോന്നിയത്,’ ജോട്ട പറഞ്ഞു.
നിലവില്‍ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിന് വേണ്ടിയാണ് കളിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് വമ്പന്‍ തുക മുടക്കി അല്‍ ആലാമി ക്ലബ്ബ് താരത്തെ സ്വന്തമാക്കിയത്. രണ്ട് വര്‍ഷത്തെ കരാറിലാണ് ക്ലബ്ബുമായി താരം ഒപ്പുവെച്ചിരിക്കുന്നത്. അല്‍ നസറില്‍ പ്രായത്തെ മറികടക്കുന്ന പ്രകടനം കാഴ്ചവെക്കുന്ന താരത്തെ പ്രശംസിച്ച് പലരും രംഗത്തെത്തിയിരുന്നു. അല്‍ നസറിനായി ഇതുവരെ 11 ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് താരം അക്കൗണ്ടിലാക്കിയിരിക്കുന്നത്.
അതേസമയം, പോര്‍ച്ചുഗല്‍ ക്ലബ്ബിനായി ഇതുവരെ കളിച്ച 196 മത്സരങ്ങളില്‍ നിന്ന് 118 ഗോളാണ് റൊണാള്‍ഡോ അക്കൗണ്ടിലാക്കിയത്. ദേശീയ ടീമിനായി ഒരു യൂറോ കപ്പ് കൂടി കളിച്ചുകൊണ്ട് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാനാണ് തന്റെ ആഗ്രഹമെന്ന് റൊണാള്‍ഡോ നേരത്തെ സൂചിപ്പിച്ചിരുന്നു.