ലോകകപ്പ് നേട്ടത്തിന് പിന്നാലെ അർജന്റീനയെ തേടി മറ്റൊരു സന്തോഷ വാർത്ത
Football
ലോകകപ്പ് നേട്ടത്തിന് പിന്നാലെ അർജന്റീനയെ തേടി മറ്റൊരു സന്തോഷ വാർത്ത
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 8th January 2023, 7:27 pm

ഖത്തർ ലോകകപ്പിൽ ടീം അർജന്റീന വിശ്വകിരീടം ഉയർത്തിയതിന് പിന്നാലെ ആരാധകരെ തേടി മറ്റൊരു സന്തോഷ വാർത്ത കൂടി എത്തിയിരിക്കുകയാണ്. ഖത്തറിലെ ആദ്യ മത്സരത്തിൽ സൗദിയോട് തോൽവി വഴങ്ങിയ അർജന്റീനയെ പുതിയ തന്ത്രങ്ങൾ മെനഞ്ഞ് കിരീടത്തിലേക്ക് നയിച്ച സൂപ്പർ കോച്ച് ലയണൽ സ്കലോണി ദീർഘ കാലത്തേക്ക് ടീമിൽ തുടരുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

സ്‌കലോണി അർജന്റീന ടീമിന്റെ പരിശീലകനായതിന് ശേഷം അവർ തുടർച്ചയായി നേടുന്ന മൂന്നാമത്തെ കിരീടമാണ് ഖത്തർ ലോകകപ്പ്. നേരത്തെ 2021 കോപ്പ അമേരിക്കയും 2022 ജൂണിൽ നടന്ന ഫൈനലിസിമയും അർജന്റീന ഉയർത്തിയിരുന്നു.

അർജന്റീനയുടെ 36 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിച്ച സ്‌കലോണി തികച്ച തന്ത്രജ്ഞനാണ് എന്നതിനാൽ തന്നെ താരത്തെ യൂറോപ്പിലെ വമ്പൻ ക്ലബുകൾ സ്വന്തമാക്കുമോ എന്ന ആശങ്കയിലായിരുന്നു ആരാധകർ. ഏതാനും ക്ലബ്ബുകളുമായി സ്കലോണി കരാറിലേർപ്പെട്ടിട്ടുണ്ടെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.

എന്നാൽ അദ്ദേഹം അർജന്റീന ദേശീയ ടീമിൽ വളരെക്കാലം തുടരുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. അർജന്റീനയുമായുള്ള സ്കലോണിയുടെ കരാർ ജനുവരിയിൽ അവസാനിച്ചിരുന്നു. എന്നാൽ 2026 ലോകകപ്പ് വരെ ടീമിൽ തുടരാമെന്ന് സ്കലോണി വാക്കാൽ സമ്മതം നൽകുകയും ഇപ്പോൾ കുറച്ച് കൂടുതൽ കാലത്തേക്ക് ടീമിനൊപ്പം ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയെന്നുമാണ് റിപ്പോർട്ട്.

മുൻ കോച്ച്‌ ഹോർജെ സാമ്പവോളിയുടെ സംഘത്തിലെ പ്രധാനിയായിരുന്നു സ്‌കലോണി. 2018 ലോകകപ്പിൽ ഫ്രാൻസിനോട്‌ പ്രീക്വാർട്ടറിൽ തോറ്റതോടെ സാമ്പവോളി പുറത്തായി. സഹപരിശീലകരായ സ്‌കലോണിയെയും പാബ്ലോ ഐമറെയും താൽക്കാലിക ചുമതലയേൽപ്പിച്ചു. സ്‌കലോണിയുടെ തുടക്കം നന്നായില്ല.

എന്നാൽ, 2018ൽ തകർന്നടിഞ്ഞ ടീമിനെ മികച്ച ടീമുകളിലൊന്നായി വാർത്തെടുക്കാൻ സ്‌കലോണിക്കായി. മനോവീര്യം തകർന്ന മെസി ഉൾപ്പെടെയുള്ള താരങ്ങളുടെ ആത്മവിശ്വാസം  വീണ്ടെടുക്കുന്നതിലും സ്കലോണി നിർണായക പങ്കുവഹിച്ചു.

Content Highlights: Lionel Scaloni will continue with team Argentina