Football
പാരീസില്‍ കാര്യങ്ങള്‍ വളരെ ബുദ്ധിമുട്ടായിരുന്നു; ബാഴ്‌സ വിടാന്‍ ആഗ്രഹിച്ചിരുന്നില്ല: മെസി
സ്പോര്‍ട്സ് ഡെസ്‌ക്
2023 Aug 18, 07:08 am
Friday, 18th August 2023, 12:38 pm

പി.എസ്.ജിയില്‍ ചേരുന്നതിന് വേണ്ടി ഒരിക്കലും ബാഴ്‌സലോണ വിടാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് ലയണല്‍ മെസി. ഒരു രാത്രി കൊണ്ടുണ്ടായ തീരുമാനമാണതെന്നും എന്നാല്‍ അവിടെ കാര്യങ്ങള്‍ തനിക്ക് പ്രതികൂലമായാണ് സംഭവിച്ചതെന്നും മെസി പറഞ്ഞു. ഇന്റര്‍ മയാമിയിലെത്തിയതിന് ശേഷമുള്ള ആദ്യ വാര്‍ത്താ സമ്മേളനത്തിലാണ് മെസി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ഞാന്‍ പി.എസ്.ജിയില്‍ പോകാന്‍ വേണ്ടി ബാഴ്‌സലോണ വിടാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അതൊരു രാത്രി കൊണ്ടുണ്ടായ തീരുമാനമായിരുന്നു. എനിക്ക് ബാഴ്‌സയില്‍ തന്നെ തുടരണമെന്നുണ്ടായിരുന്നു. പിന്നെ പോകേണ്ടതായി വന്നപ്പോള്‍ വ്യത്യസ്തമായതും ഞാന്‍ മുമ്പ് താമസിച്ചിട്ടില്ലാത്തതുമായ സിറ്റി തെരഞ്ഞെടുക്കുകയായിരുന്നു.

പക്ഷെ പാരീസില്‍ കാര്യങ്ങള്‍ സംഘര്‍ഷഭരിതമായിരുന്നു. എനിക്ക് വിപരീതമായിട്ടുള്ള കാര്യങ്ങളായിരുന്നു നടന്നുകൊണ്ടിരുന്നത്,’ മെസി പറഞ്ഞു.


അമേരിക്കന്‍ ലീഗായ ഇന്റര്‍ മയാമിയിലെത്തിയ ശേഷം തകര്‍പ്പന്‍ പ്രകടനമാണ് മെസി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മയാമി വിജയിച്ചിരുന്നു. ഫിലാഡല്‍ഫിയക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു മയാമിയുടെ ജയം.

മയാമിക്കായി ഇതുവരെ കളിച്ച ആറ് മത്സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളുകള്‍ മെസി അക്കൗണ്ടിലാക്കി കഴിഞ്ഞു. ഫൈനലിലെത്തിയതോടെ മയാമി 2024 കോണ്‍കകാഫ് ചാമ്പ്യന്‍സ് കപ്പിന് യോഗ്യത നേടി. ഇതാദ്യമായാണ് ഇന്റര്‍ മയാമി ചാമ്പ്യന്‍സ് കപ്പിന് യോഗ്യത നേടുന്നത്.

ലീഗ്സ് കപ്പിന്റെ ടോപ്പ് സ്‌കോറര്‍ നിലവില്‍ ലയണല്‍ മെസിയാണ്. ഒമ്പത് ഗോളുകളുമായി മെസി ഒന്നാം സ്ഥാനത്താണ്. അമേരിക്കന്‍ ലീഗില്‍ ലയണല്‍ മെസിയുടെ ആദ്യ ടൂര്‍ണമെന്റാണ് ലീഗ്സ് കപ്പ്. തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മെസി ഇന്റര്‍ മയാമിയെ ലീഗ്സ് കപ്പ് ജേതാക്കളാക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.

Content Highlights: Lionel Messi says he never wants to leave Barcelona for PSG