Advertisement
Football
സെവന്‍ സ്റ്റാര്‍ ഹോട്ടലുകള്‍ ഒഴിവാക്കി ക്യാമ്പസുകളില്‍ അന്തിയുറക്കം; 900 കിലോ ബീഫുമായെത്തി അര്‍ജന്റീനയുടെ ആഘോഷം
സ്പോര്‍ട്സ് ഡെസ്‌ക്
2022 Nov 20, 06:43 am
Sunday, 20th November 2022, 12:13 pm

ഖത്തര്‍ ലോകകപ്പ് നാളുകള്‍ ആഘോഷഭരിതമാക്കാനൊരുങ്ങി ടീം അര്‍ജന്റീന. സെവന്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് പകരം ഖത്തര്‍ യൂണിവേഴ്‌സിറ്റി ഹാളാണ് താമസത്തിനായി ടീം അര്‍ജന്റീന തിരഞ്ഞെടുത്തത്.

പൊതുവേ ബീഫ് പ്രിയരായ ലാറ്റിന്‍ അമേരിക്കക്കാര്‍ തങ്ങളുടെ ഇഷ്ടാനുസരം ഭക്ഷണം പാകം ചെയ്ത് കഴിക്കാന്‍ കൂടിയാണ് ലക്ഷ്വറി ഹോട്ടലുകള്‍ ഉപേക്ഷിച്ച് യൂണിവേഴ്‌സി ഹാളില്‍ തമ്പടിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അര്‍ജന്റീനക്കാരുടെ ഇഷ്ട വിഭവമാണ് ബീഫ് ബാര്‍ബിക്യൂവും ബീഫ് അസാഡോയും. ഇതിനായി 900 കിലോയോളം ബീഫാണ് അര്‍ജന്റീനയില്‍ നിന്നെത്തിച്ചത്. നാട്ടിലെ വിഭവങ്ങള്‍ ഖത്തറിലും ആസ്വദിക്കാന്‍ മറ്റ് സജ്ജീകരണങ്ങളും ടീം മാനേജ്‌മെന്റ് ഒരുക്കിയിട്ടുണ്ട്.

മെസിയടക്കമുള്ള താരങ്ങള്‍ തന്നെയാണ് ഖത്തറില്‍ ബാര്‍ബിക്യൂ പാകം ചെയ്യുന്നത്. വിശാലമായ യൂണിവേഴ്‌സിറ്റി കെട്ടിടവും പരിസരവും മെസിക്ക് ഏറെ ഇഷ്ട്‌പ്പെട്ടുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റുകളില്‍ നിന്ന് മനസിലാക്കാനാകുന്നത്.

അതേസമയം യൂണിവേഴ്‌സിറ്റി ക്യാമ്പസ് തിരഞ്ഞെടുത്തത് മികച്ച സൗകര്യങ്ങള്‍ ഉള്ളതുകൊണ്ട് മാത്രമല്ലെന്നും അസാഡോ പാകം ചെയ്യാനുള്ള വിശാലമായ ഓപ്പണ്‍ എയര്‍ സപേസ് ഉള്ളതുകൊണ്ടുമാണെന്നാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പറയുന്നത്.

ചിക്കന്‍, പോര്‍ക്ക്, ബീഫ് എന്നിവ കനലില്‍ ചുട്ടെടുത്ത് പാകം ചെയ്യുന്ന വിഭവമാണ് അസാഡോ. അര്‍ജന്റീനക്കൊപ്പം പ്രൊഫഷണല്‍ പാചകക്കാരുണ്ടെങ്കിലും സ്വന്തമായി പാചകം ചെയ്ത് മത്സരത്തിന് മുമ്പുള്ള നാളുകള്‍ ആഘോഷമാക്കുകയാണ് താരങ്ങള്‍.

ഇന്ന് രാത്രി 9.30നാണ് ഖത്തര്‍ ലോകപ്പിന്റെ കിക്കോഫ്. ഇക്വഡോറാണ് ആതിഥേയരുമായി ഏറ്റുമുട്ടുന്നത്. അതേസമയം, നവംബര്‍ 26ന് സൗദി അറേബ്യയുമായാണ് അര്‍ജന്റീനയുടെ അരങ്ങേറ്റ മത്സരം.

മെക്സിക്കോയും പോളണ്ടുമാണ് അര്‍ജന്റീനക്കൊപ്പം ഗ്രൂപ്പ് സിയിലുള്ള മറ്റ് ടീമുകള്‍. ഇതില്‍ മെക്സിക്കോയെ നവംബര്‍ 27നും പോളണ്ടിനെ ഡിസംബര്‍ ഒന്നിനുമാണ് അര്‍ജന്റീന നേരിടുക.

Content Highlights: Lionel Messi cooks Barbeque at qatar