കമല തുറന്ന കഥ
details
കമല തുറന്ന കഥ
ശ്രീഷ്മ കെ
Wednesday, 31st March 2021, 6:03 pm

വര്‍ഷം 1972. കൊല്ലത്തു നിന്നും പ്രസിദ്ധീകരിക്കുന്ന അന്നത്തെ പ്രമുഖ വാരികയായിരുന്ന മലയാള നാടിന്റെ പത്രാധിപര്‍  എസ്.കെനായരുടെ വിലാസത്തില്‍ ഒരു കൈയെഴുത്തു പ്രതി തപാലിലെത്തി. മേശപ്പുറത്തിരുന്ന ആ കടലാസ്സുകെട്ട് പതിവു ജോലിക്കിടെ ഓടിച്ചുവായിച്ചു പരിശോധിച്ച എസ്.കെ നായര്‍ ഒന്നു ഞെട്ടി. വീണ്ടും വീണ്ടും വരികളിലൂടെ ഇരുത്തി കണ്ണോടിച്ചു. മലയാള സാഹിത്യത്തില്‍ ചെറുതല്ലാത്ത സംഭാവനകള്‍ ചെയ്തിട്ടുള്ള, അതീവ പ്രതിഭാശാലിയായ ഒരു എഴുത്തുകാരിയുടെ പേരിലുള്ള രചനയായിരുന്നു അത്. പല കാരണങ്ങള്‍ കൊണ്ട് പലരും പ്രസിദ്ധീകരിക്കാന്‍ മടിച്ച ഒരു കൃതി.

എസ്.കെ. നായര്‍ ഉടന്‍ തന്നെ പത്രാധിപസമിതിയുടെ യോഗം വിളിച്ചുചേര്‍ത്തു. തന്റെ മുന്നിലിരിക്കുന്ന രചന എന്താണെന്നും, അതിന്റെ പ്രാധാന്യമെന്തെന്നും സമിതിയോട് വെളിപ്പെടുത്തി. കുടുംബവാരികകള്‍ ഒരിക്കലും പ്രസിദ്ധീകരിക്കാന്‍ സാധ്യതയില്ലാത്ത ആ രചന, മലയാളനാട് പ്രസിദ്ധീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു സമിതിയുടെ അന്നത്തെ ചര്‍ച്ച. ഈ രചന പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് സമിതിയില്‍ ചിലര്‍ ശക്തമായി വാദിച്ചു. മറ്റു ചിലരാകട്ടെ, മലയാളത്തില്‍ എന്നും ഓര്‍മിക്കപ്പെടാന്‍ പോകുന്ന കാലാതിവര്‍ത്തിയായ ഒരു കൃതിയായിരിക്കുമിതെന്ന് വിലയിരുത്തി. ഒടുവില്‍, മലയാളനാട് വാരിക ആ സാഹിത്യസൃഷ്ടി പ്രസിദ്ധീകരിക്കാന്‍ തന്നെ തീരുമാനിച്ചു.

ആ രചനയുടെ ആദ്യ ലക്കവുമായി, വലിയ ആശങ്കകളോടെ അടുത്ത വാരം മലയാളനാട് പുറത്തിറങ്ങി. പത്രാധിപസമിതി മുന്‍കൂട്ടിക്കണ്ടതുപോലെത്തന്നെ, വലിയ കോളിളക്കങ്ങളുണ്ടായി. ഒരു എഴുത്തുകാരിയില്‍ നിന്നും വായനക്കാര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത സത്യസന്ധതയായിരുന്നു കൃതിയുടെ ഏറ്റവും വലിയ പ്രത്യേകത. സ്ത്രീ ശരീരത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും ഒരു സ്ത്രീ സ്വയം തുറന്നെഴുതാമോ എന്ന് വിമര്‍ശകര്‍ ചോദിച്ചു. യാഥാസ്ഥിതിക വായനക്കാര്‍ മലയാളനാടിനു നേരെ മുഖം തിരിച്ചു. നിരൂപകര്‍ അതിക്രൂരമായിത്തന്നെ എഴുത്തിനെയും എഴുത്തുകാരിയെയും ആക്രമിച്ചു.

എന്നാല്‍, മലയാളനാടിന്റെ സര്‍ക്കുലേഷന്‍ ആ വാരം മുതല്‍ കുതിച്ചുയര്‍ന്നു തുടങ്ങി. ഓരോ പതിപ്പും ലക്ഷക്കണക്കിനു കോപ്പികളാണ് വിറ്റുപോയത്. വിവാദം പ്രസിദ്ധിയാര്‍ജ്ജിച്ചതോടെ, ഒളിഞ്ഞുനോട്ടക്കാരന്റെ കൗതുകത്തോടെ ഒരു വലിയ വിഭാഗമാളുകള്‍ മലയാളനാടിന്റെ പുതിയ ലക്കങ്ങള്‍ക്കായി കാത്തിരുന്നു. എന്നാല്‍, സാഹിത്യാസ്വാദകരായ സ്ത്രീകള്‍ മറ്റൊരു തരത്തിലാണ് ഈ കൃതിയെ കണ്ടത്. അന്നോളം മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച്, തങ്ങളുടെ അനുഭവങ്ങളോടും അഭിനിവേശങ്ങളോടും ഏറ്റവും സത്യസന്ധമായി ചേര്‍ന്നു നില്‍ക്കുന്ന കൃതിയായിരുന്നു അവര്‍ക്കത്. ധീരമായ ഈ ഉദ്യമം അവര്‍ക്ക് എഴുത്തുകാരിയോടുള്ള ആദരവായി മാറുകയായിരുന്നു.

എന്നാല്‍, വീണ്ടും പല പ്രശ്‌നങ്ങളുമുണ്ടായി. നിരൂപകരും വായനക്കാരില്‍ ഒരു വിഭാഗവും എഴുത്തുകാരിയുടെ അടുത്ത ബന്ധുക്കളും കൃതിയ്‌ക്കെതിരായി രംഗത്തുവന്നു. ഇത് അശ്ലീല സാഹിത്യമാണെന്നും വായനക്കാരില്‍ തെറ്റായ സ്വാധീനമുണ്ടാക്കുന്നുവെന്നുമായിരുന്നു പരാതി. മലയാളനാടിന് ഇടക്കാലത്ത് കൃതിയുടെ പ്രസിദ്ധീകരണം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. എഴുത്തുകാരിയെ തേജോവധം ചെയ്യുന്ന രീതിയില്‍, അന്നത്തെ പ്രമുഖ സാഹിത്യകാരനായ പമ്മന്‍ ഒരു മറുപടി നോവലെഴുതി അതേ വാരികയ്ക്ക് അയച്ചുകൊടുക്കുക പോലുമുണ്ടായി.

ഇത്രയൊക്കെ സംഭവിച്ചിട്ടും, ഒരടി പിന്നോട്ടുവയ്ക്കാന്‍ ആ എഴുത്തുകാരി തയ്യാറായിരുന്നില്ല. തന്റെ എഴുത്ത് തന്റെ സ്വാതന്ത്ര്യമാണെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചു. താന്‍ ഭാവനയില്‍ നിന്നും എഴുതുന്നത് തന്റെ സ്വകാര്യ ജീവിതമാണെന്ന് ധരിച്ച് വിമര്‍ശിച്ചവരെ അവര്‍ മുഖവിലയ്‌ക്കെടുത്തില്ല. ‘എന്റെ കഥ’ എന്ന പേരില്‍ ആ കൃതി അവര്‍ മലയാളനാടില്‍ പൂര്‍ണമായും പ്രസിദ്ധീകരിച്ചു തീര്‍ത്തു. പത്രാധിപര്‍ മുന്‍പേ മനസ്സിലാക്കിയതുപോലെ, മലയാളസാഹിത്യത്തില്‍ പകരം വയ്ക്കാനില്ലാത്ത വായനാനുഭവങ്ങളിലൊന്നായി എന്റെ കഥ മാറി. എന്റെ കഥയെഴുതിയ എഴുത്തുകാരി, മാധവിക്കുട്ടി എന്ന കമലാദാസ് എന്ന കമലാ സുരയ്യ, മലയാളത്തിലെ പെണ്ണെഴുത്തുകാരുടെ രാജ്ഞിയായി.

കമലാ സുരയ്യയുടെ കുട്ടിക്കാലവും യൗവനവും തുടങ്ങി ജീവിതത്തിലെ ഓരോ ഘട്ടങ്ങളും വായനക്കാരന് ചിരപരിചിതമാണ്. നീര്‍മാതളം പൂത്തകാലം, ബാല്യകാലസ്മരണകള്‍ എന്നിങ്ങനെ പല നോവലുകളിലും ഓര്‍മക്കുറിപ്പുകളിലുമായി കമല തന്റെ ജീവിതം കുറിച്ചിട്ടിട്ടുണ്ട്. 1934 മാര്‍ച്ച് 31 നാണ് കമലയുടെ ജനനം. ബ്രിട്ടീഷ് ഇന്ത്യയിലെ മലബാര്‍ ജില്ലയില്‍, ഇന്നത്തെ തൃശ്ശൂരിലെ പുന്നയൂര്‍ക്കുളത്ത്, നാലപ്പാട് കുടുംബത്തിലാണ് കമല ജനിച്ചു വളര്‍ന്നത്.

മാതൃഭൂമിയുടെ മാനേജിംഗ് എഡിറ്ററായിരുന്ന വി.എം. നായരാണ് അച്ഛന്‍. അമ്മ കവയിത്രി ബാലാമണിയമ്മ. കവി നാലപ്പാട്ട് നാരായണമേനോന്‍ കമലയുടെ അമ്മാവനായിരുന്നു. പ്രഗത്ഭരും പ്രതിഭാശാലികളും നിറഞ്ഞ കുടുംബത്തില്‍ ജനിച്ച കമല, കല്‍ക്കട്ടയിലും പുന്നയൂര്‍ക്കുളത്തുമായി ബാല്യകാലം ചെലവഴിച്ചു. കല്‍ക്കട്ടയിലെ കോണ്‍വെന്റ് സ്‌കൂള്‍, തിരക്കേറിയ തെരുവുകള്‍, ജോലിത്തിരക്കില്‍ മുഴുകിയ മാതാപിതാക്കള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോയ കുട്ടിക്കാലം, പുന്നയൂര്‍ക്കുളത്തേക്കുള്ള അവധിയാത്രകള്‍, തറവാട്ടില്‍ അമ്മമ്മയോടൊപ്പം ചെലവഴിച്ച ദിവസങ്ങള്‍ ഇങ്ങനെ ഓര്‍മയിലുള്ള ഓരോ അനുഭവവും കമലയ്ക്ക് എഴുതാന്‍ പ്രചോദനമായി. അല്പം യാഥാര്‍ത്ഥ്യവും അതിലേറെ ഭാവനയും കലര്‍ത്തിയ കമലയുടെ എഴുത്തുകളിലൂടെ, പുന്നയൂര്‍ക്കുളത്തെ വീടും നീര്‍മാതളവും കളിക്കൂട്ടുകാരും ജാനുവമ്മയുമെല്ലാം മലയാളികള്‍ക്കു മുഴുവന്‍ സ്വന്തമായി.

പതിനഞ്ചാം വയസ്സിലെ വിവാഹമായിരുന്നു കമലയുടെ ജീവിതത്തിലെ മറ്റൊരു പ്രധാന അധ്യായം. റിസര്‍വ് ബാങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഭര്‍ത്താവ് മാധവദാസിന് കമലയേക്കാള്‍ ഏറെ പ്രായക്കൂടുതലുണ്ടായിരുന്നു. വിവാഹശേഷം ബോംബെയിലേക്ക് കുടിയേറിയ കമല, കൂടുതല്‍ കൂടുതല്‍ എഴുതാനാരംഭിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമായി കഥകളും കവിതകളുമെഴുതി, മാസികകളില്‍ കോളങ്ങള്‍ കൈകാര്യം ചെയ്തുതുടങ്ങി. ‘നല്ല കുടുംബിനി’യായി ജീവിക്കാനാരംഭിച്ച കമല, രാത്രികാലങ്ങളില്‍ ഉറക്കമളച്ച് എഴുതി.

വീട്ടുജോലികള്‍ തീര്‍ത്ത് ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണം നല്‍കിയ ശേഷം പുലരും വരെ എഴുന്നേറ്റിരുന്ന് നിര്‍ത്താതെ എഴുതിയിരുന്നു കമല. അത്രയേറെ തീവ്രമായിരുന്നു അവര്‍ക്ക് വാക്കുകളോടുള്ള വിധേയത്വം. ഇംഗ്ലീഷിലും മലയാളത്തിലും കമല എഴുതിയിരുന്നത് സ്ത്രീകളെക്കുറിച്ചായിരുന്നു. അന്നേവരെ ഇന്ത്യന്‍ സാഹിത്യം പുരുഷ ദൃഷ്ടിയിലൂടെ മാത്രം വീക്ഷിച്ചിരുന്ന സ്ത്രീശരീരത്തെയും സ്ത്രീയുടെ ആഗ്രഹങ്ങളെയും യാഥാര്‍ത്ഥ്യത്തിലേക്ക് അടുപ്പിച്ചത് കമലയുടെ എഴുത്താണെന്നു പറയാം. The Sirens, Summer in Calcutta, The Descendants എന്നിങ്ങനെ ധാരാളം കവിതാസമാഹാരങ്ങള്‍ അറുപതുകളില്‍ കമലയുടേതായി പുറത്തുവന്നു. ഇവയോരോന്നിലും സ്‌നേഹത്തിന്റെ തീവ്രമായ പല ഭാവങ്ങളെക്കുറിച്ച് കമല പറഞ്ഞുകൊണ്ടിരുന്നു.

ഇംഗ്ലീഷിലെഴുതുന്ന അന്നത്തെ ഇന്ത്യന്‍ എഴുത്തുകാരുടെ സ്ഥിരം ഭാഷാപ്രയോഗമോ ശൈലിയോ ആയിരുന്നില്ല കമലയുടേത്. അലങ്കാരങ്ങളില്ലാതെ, പച്ചയായ ഭാഷയില്‍ വായനക്കാരനോട് നേരിട്ടു സംവദിക്കുന്ന കമലയുടെ രീതി തന്നെയാവണം അവരെ യാഥാസ്ഥിതിക നിരൂപകരുടെ കണ്ണിലെ കരടാക്കിയത്. സ്വന്തം അനുഭവങ്ങളെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും തുറന്ന ഭാഷയില്‍ എഴുതുന്ന ഒരു സ്ത്രീയെ ഉള്‍ക്കൊള്ളാന്‍ അന്നത്തെ അനുവാചകവൃന്ദം വളര്‍ന്നിട്ടില്ലായിരുന്നു. അടങ്ങാത്ത ലൈംഗികാസക്തിയാണ് കമലയെക്കൊണ്ട് ഇതെഴുതിക്കുന്നത് എന്ന് വിധിയെഴുതുകയായിരുന്നു അവര്‍.

ഇംഗ്ലീഷിലെഴുതുമ്പോള്‍ കമലാ ദാസ് ആയിരുന്ന കമല, മലയാളത്തില്‍ എഴുതിയിരുന്നത് മാധവിക്കുട്ടി എന്ന പേരിലാണ്. ഈ രണ്ടു പേരുകള്‍ തമ്മിലുള്ള അതേ അന്തരം ഇരു ഭാഷകളിലെ കൃതികള്‍ തമ്മിലുമുണ്ട്. ഇംഗ്ലീഷില്‍ സ്വീകരിച്ചിരുന്ന ശൈലിയായിരുന്നില്ല കമല മലയാളത്തിലെഴുതുമ്പോള്‍ പിന്തുടര്‍ന്നിരുന്നത്. ഇരു ഭാഷകളിലും ഒരു പോലെ കമല സ്വീകരിച്ചത് സ്ത്രീ, സ്‌നേഹം, നിരാശ, ശരീരം എന്നീ തീമുകളാണെന്നു മാത്രം. മാധവിക്കുട്ടിയെന്ന പേരില്‍ വാരികകളില്‍ കോളമെഴുതുമ്പോള്‍ത്തന്നെ, ധാരാളം മലയാള ചെറുകഥകളും കമല എഴുതിത്തുടങ്ങിയിരുന്നു. പക്ഷിയുടെ മണം, നരിച്ചീറുകള്‍ പറക്കുമ്പോള്‍, തണുപ്പ് എന്നീ സമാഹാരങ്ങളെല്ലാം അറുപതുകളില്‍ പുറത്തുവന്നവയാണ്. ഇതിനു ശേഷമാണ് എന്റെ കഥ എന്ന ആത്മകഥാംശമുള്ള നോവല്‍ മലയാളനാടില്‍ പ്രസിദ്ധീകരണമാരംഭിക്കുന്നത്.

എന്റെ കഥ പുറത്തിറങ്ങിയതോടെ കമലയ്ക്ക് ധാരാളം വിമര്‍ശകരുണ്ടായി. ആത്മകഥ എന്നു തോന്നിപ്പിക്കുന്ന തരത്തില്‍ അവതരിപ്പിച്ചിരുന്ന എന്റെ കഥയില്‍, ഭൂരിഭാഗവും ഭാവനയായിരുന്നുവെന്ന് കമല തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, വായനക്കാരനോട് നേരിട്ടു സംസാരിക്കുന്ന തരത്തില്‍ ‘ഞാന്‍’ എന്ന വാക്കുപയോഗിച്ച് എഴുതിയിരുന്നതെല്ലാം കമലയുടെ സ്വന്തം അനുഭവങ്ങളായാണ് വിലയിരുത്തപ്പെട്ടത്.

കഥയ്ക്കകത്തുള്ള ‘ഞാന്‍’ കഥാകാരി തന്നെയെന്ന് വിശ്വസിക്കുകയായിരുന്നു മലയാളിക്കെളുപ്പം. ആര്‍ത്തവാനുഭവങ്ങള്‍, രതി, സ്വവര്‍ഗാനുരാഗം, വിവാഹേതരബന്ധങ്ങള്‍ എന്നിങ്ങനെ പല വിഷയങ്ങളും എന്റെ കഥയില്‍ ഉള്‍പ്പെട്ടിരുന്നു. എന്റെ കഥയിലെ മാത്രമല്ല, കമല എഴുതിയിട്ടുള്ള ഓരോ വരിയും കപടസദാചാരവാദികള്‍ക്കുള്ള അടിയായിരുന്നു. തന്റെ എഴുത്ത് മലയാളികളെ ഞെട്ടിക്കുകയല്ല ചെയ്തത്, മറിച്ച്, സ്വയം നിഷ്‌കളങ്കത പ്രകടിപ്പിക്കാനായി മലയാളി ഞെട്ടല്‍ അഭിനയിക്കുകയായിരുന്നുവെന്ന് കമല ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതു തന്നെയായിരുന്നു വാസ്തവവും.

എന്റെ കഥ ഉണ്ടാക്കിയ ഞെട്ടലിനു ശേഷമാണ് ബാല്യകാലസ്മരണകള്‍, നെയ്പ്പായസം, നീര്‍മാതളം പൂത്തകാലം എന്നീ മലയാളകൃതികളും The Old Playhouse, Only the Soul Knows How to Sing പോലുള്ള പ്രസിദ്ധ ഇംഗ്ലീഷ് കവിതാസമാഹാരങ്ങളും പുറത്തുവരുന്നത്. അതിനും ധാരാളം വര്‍ഷങ്ങള്‍ക്കു ശേഷം, അവസാനകാലത്താണ് കമല ചന്ദനമരങ്ങള്‍, വണ്ടിക്കാളകള്‍ എന്നീ നോവലുകളെഴുതുന്നത്.

മാധവിക്കുട്ടിയെ അശ്ലീല എഴുത്തുകാരിയായി ചാപ്പകുത്താന്‍ ആഗ്രഹിച്ചവര്‍ അവരുടെ കഥകളിലെ അസ്തിത്വപ്രശ്‌നങ്ങളെയും ലിംഗനീതിക്കായുള്ള ആഹ്വാനങ്ങളെയുമെല്ലാം ബോധപൂര്‍വം മറന്നുകളയുകയാണുണ്ടായത്. നെയ്പ്പായസത്തിലും കോലാടിലുമെല്ലാം ചര്‍ച്ച ചെയ്ത ഗാര്‍ഹികവിഷയങ്ങളും ലിംഗപദവിയുമായി ബന്ധപ്പെട്ട പ്രതിസന്ധികളും കമലയെ മലയാളത്തിലെ എണ്ണം പറഞ്ഞ ഫെമിനിസ്റ്റ് എഴുത്തുകാരിയാക്കി മാറ്റുകയായിരുന്നു. ഫെമിനിസം എന്ന രാഷ്ട്രീയ പ്രഖ്യാപനത്തോട് പരസ്യമായി ഐക്യപ്പെട്ടിട്ടില്ലെങ്കില്‍ക്കൂടി, ജീവിതം കൊണ്ടും എഴുത്തുകൊണ്ടും ഫെമിനിസ്റ്റ് തന്നെയായിരുന്നു അവര്‍.

മാധവിക്കുട്ടി എന്ന എഴുത്തുകാരിയെ പരിചയമില്ലാത്തവര്‍ക്കു പോലും കമലാദാസ് എന്ന ഇന്തോ-ഇംഗ്ലീഷ് കവയിത്രിയെ അടുത്തറിയാം. കണ്‍ഫെഷണല്‍ പോയറ്റുകളായ Anne Sextont\mSpw Sylvia Plathനോടുമാണ് ആഗോളതലത്തില്‍ കമലയുടെ കവിതകള്‍ താരതമ്യം ചെയ്യപ്പെടുന്നത്. 1984ല്‍, കമലയുടെ കവിതകള്‍ നോബല്‍ പുരസ്‌കാരത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഫ്രഞ്ചും ജര്‍മനുമടക്കം പല വിദേശഭാഷകളിലേക്ക് കമലയുടെ കവിതകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്.

കമലയെക്കുറിച്ചുള്ള ഏതു വാര്‍ത്തയും വിവാദമായിരുന്നു ഒരു കാലത്ത്. സ്വതന്ത്രമായ എഴുത്തില്‍ തുടങ്ങി, ചിത്രകലയിലേക്ക് തിരിഞ്ഞപ്പോള്‍ വരച്ച നഗ്നചിത്രങ്ങള്‍ വരെ അതില്‍ ഉള്‍പ്പെട്ടു. രാഷ്ട്രീയ പ്രവേശനമായിരുന്നു മറ്റൊരു വിവാദം. രാഷ്ട്രീയപ്പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച പരിചയമോ, വ്യക്തമായ രാഷ്ട്രീയ ചായ്വോ ഇല്ലാതിരുന്ന കമല, ലോക് സേവാ പാര്‍ട്ടി എന്ന പേരില്‍ ഒരു ദേശീയപ്പാര്‍ട്ടി രൂപീകരിച്ചിരുന്നു. മതേതരത്വം സംരക്ഷിക്കുക, അനാഥരായ അമ്മമാര്‍ക്ക് സുരക്ഷയൊരുക്കുക എന്നിവയായിരുന്നു കമലയുടെ പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. സ്‌നേഹം മതമായ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയായിരുന്നു ലക്ഷ്യം. ഇത് പിന്നീട് ഒരു ട്രസ്റ്റാക്കി മാറ്റി. 1984ല്‍ തിരുവനന്തപുരത്തു നിന്നും കമല ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. പക്ഷേ, വലിയ മാര്‍ജിനില്‍ പരാജയപ്പെട്ടു.

കമലയുടെ ജീവിതത്തിലെ ഏറ്റവും വലിയ വിവാദമുണ്ടാകുന്നത് 1999ലാണ്. 1999 ഡിസംബര്‍ 11ന്, തന്റെ അറുപത്തിയഞ്ചാം വയസ്സില്‍ കമല ഇസ്ലാം മതം സ്വീകരിച്ച് കമല സുരയ്യയായി മാറി. അല്ലാഹുവാണ് തന്റെ നാഥനെന്നും, താന്‍ അവന്റെ ദാസിയാണെന്നുമെഴുതി. കാമുകഭാവത്തിലുള്ള കൃഷ്ണസങ്കല്‍പ്പത്തെക്കുറിച്ച് ധാരാളം എഴുതിയിരുന്ന, യാഥാസ്ഥിതിക ഹിന്ദു കുടുംബത്തില്‍ ജനിച്ചു ജീവിച്ച കമല മറ്റൊരു മതം തെരഞ്ഞെടുത്തത് വലിയ ബഹളങ്ങള്‍ക്കു വഴിവച്ചു.

എഴുത്തിലെ സത്യസന്ധയുടെ പേരില്‍ ധാരാളം ഭീഷണികളും വിമര്‍ശനങ്ങളും നേരിടേണ്ടിവന്നിട്ടുള്ള കമലയ്ക്ക്, അതോടെ തീവ്രഹൈന്ദവ സംഘടനകളില്‍നിന്നും വധഭീഷണിയടക്കമുണ്ടായി. മതമൗലികവാദികളും സദാചാരവാദികളും കത്തുകളിലൂടെയും ഫോണിലൂടെയും അവരെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരുന്നു. സ്വന്തം നാട്ടില്‍ നിന്നും ഇത്തരം അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നതില്‍ അവര്‍ വളരെ വേദനിച്ചിരുന്നു. ഇനി കേരളത്തിലേക്ക് തിരികെയില്ലെന്ന് തീരുമാനിച്ച്, അവര്‍ മകനൊപ്പം പൂനെയിലേക്ക് താമസം മാറ്റി. പൂനെയില്‍ വച്ചാണ് 2009 മേയ് 31 ന് കമല അന്തരിക്കുന്നത്. കേരളത്തിലേക്ക് ഇനി മടക്കമില്ലെന്ന് തീരുമാനിച്ചിരുന്ന കമലയുടെ ഭൗതികശരീരം തിരുവനന്തപുരത്തെ പാളയം ജുമാ മസ്ജിദില്‍ മതപരമായ ചടങ്ങുകളോടെ ഖബറടക്കിയിരിക്കുന്നു.

Mother of Modern Indian English Poetry എന്നാണ് കമലയെ പല പഠനങ്ങളും വിശേഷിപ്പിക്കുന്നത്. സ്ത്രീലൈംഗികത മിത്താണ് എന്ന് വിശ്വസിച്ചിരുന്ന വായനക്കാര്‍ക്ക് സ്ത്രീശരീരത്തിന്റെ രാഷ്ട്രീയം പറഞ്ഞുകൊടുത്ത എഴുത്തുകാരിയായിക്കൂടിയാണ് കമലയെ അടയാളപ്പെടുത്തേണ്ടത്. കമല സ്ത്രീ സൗന്ദര്യത്തെ കണ്ടതും വര്‍ണിച്ചതും പുരുഷന്റെ സങ്കല്പങ്ങളിലൂടെയാണ് എന്നതാണ് നിരൂപകരുടെ പ്രധാന വിമര്‍ശനങ്ങളിലൊന്ന്.

സ്ത്രീസൗന്ദര്യം എന്ന കാലഹരണപ്പെട്ട സങ്കല്‍പത്തില്‍ ഊന്നിയ എഴുത്താണെങ്കില്‍പ്പോലും, സ്ത്രീയുടെ സ്‌നേഹം, തൃഷ്ണ, അഭിനിവേശം എന്നീ വിശാലതകള്‍ക്കു മുന്നില്‍ തീരെച്ചെറുതായി ദുര്‍ബലരായിപ്പോകുന്ന പുരുഷന്മാരെ ആദ്യമായി വരച്ചിട്ട കഥകളാണ് കമലയുടേത് എന്ന് മറന്നുകൂട. യാഥാര്‍ത്ഥ്യമേത്, ഭാവനയേതെന്ന് തിരിച്ചറിയാന്‍ പ്രയാസപ്പെടുന്ന വായനക്കാരന്, കമല എഴുതിയതെല്ലാം കമലയുടെ അനുഭവങ്ങളാണെന്ന് തോന്നിപ്പോയേക്കാം. അല്‍പം ഭാവനയില്ലെങ്കില്‍ ജീവിതം വിരസമായിപ്പോകും എന്നു പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന കമല, അവര്‍ക്കുള്ള മറുപടി നേരത്തേ കൊടുത്തു കഴിഞ്ഞിരിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Life story of Kamala Suraiyya