ലോസ്ക് ലില്ലിക്കെതിരെ നടന്ന മത്സരത്തിൽ പരിക്കേറ്റതോടെ ഈ സീസണിൽ ആകെ മൈതാനത്തിന് പുറത്തിരിക്കേണ്ട അവസ്ഥയിലാണ് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ.
ആങ്കിൾ ഇഞ്ച്വറിയെത്തുടർന്നാണ് താരത്തിന് സീസണിൽ ഉടനീളം നീണ്ട് നിൽക്കുന്ന വിശ്രമം അനുവദിക്കപ്പെട്ടത്.
എന്നാൽ പരിക്കേറ്റ് കളത്തിന് പുറത്തായ താരത്തിനെതിരെ വലിയ രീതിയിലുള്ള പരിഹാസങ്ങളും ആക്ഷേപങ്ങളുമാണ് സമൂഹ മാധ്യമങ്ങളിലൂടെയടക്കം പുറത്ത് വരുന്നത്. ഇപ്പോൾ ഇത്തരം പരിഹാസങ്ങൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഫ്രഞ്ച് താരമായ സമീർ നസ്രി.
പരിക്കിന് മുമ്പായി പാരിസ് ക്ലബ്ബിന് വേണ്ടി 29 മത്സരങ്ങളിൽ നിന്നും 18 ഗോളുകളും 17 അസിസ്റ്റുകളുമാണ് നെയ്മർ സ്വന്തമാക്കിയത്.
എന്നാൽ താരത്തിന് പരിക്ക് പറ്റിയതിന് പിന്നാലെ നെയ്മറുടെ ജീവിതരീതിയും ഒരു കായിക താരം പാലിക്കേണ്ട അച്ചടക്കമില്ലായ്മയുമാണ് താരത്തിന്റെ തുടരെയുള്ള പരിക്കിന് കാരണം എന്ന തരത്തിൽ നിരവധി വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു.
“നെയ്മറുടെ പരിക്ക് എന്നെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്. സീസണിന്റെ ആദ്യം അദ്ദേഹം നടത്തിയ മികച്ച പ്രകടനം വേഗം തന്നെ നമ്മളെല്ലാം മറന്നു. അദ്ദേഹം പോക്കർ കളിച്ചത് കൊണ്ടോ? മക്ക്ഡോണാൾഡ്സ് കഴിച്ചത് കൊണ്ടോ അല്ല നെയ്മറുടെ ആങ്കിളിന് പരിക്കേറ്റത്,’ സമീർ നസ്രി പറഞ്ഞു.
അതേസമയം ചൊവ്വാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ മത്സരത്തിൽ ബയേൺ മ്യൂണിക്ക് പി.എസ്.ജിയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയിരുന്നു. ഇതോടെ ഇരു പാദങ്ങളിലുമായി മൂന്ന് ഗോളുകൾക്കാണ് ബയേൺ പി.എസ്.ജി പരാജയപ്പെടുത്തിയത്.
നിലവിൽ ലീഗ് വണ്ണിൽ 26 മത്സരങ്ങളിൽ നിന്നും 20 വിജയങ്ങളോടെ 63 പോയിന്റുമായി ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.