കോഴിക്കോട്: പൗരത്വ നിയമം നടപ്പിലാക്കാതിരിക്കാന്‍ ഇടതുപക്ഷം എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പൗരത്വ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിയേറ്റക്കാരെ മുസ്‌ലിങ്ങളെന്നും അമുസ്‌ലിങ്ങളെന്നും വിഭജിക്കുന്ന പൗരത്വ നയമം ഇന്ത്യ എന്ന ആശയത്തിനെതിരായ വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘സംഘപരിവാറിന്റേത് വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ്. മതപരമായ വിവേചനത്തെ നിയമപരമാക്കുക എന്നതാണ് സംഘപരിവാറിന്റെ അജണ്ട. ഇത് നടപ്പിലാക്കാനാണ് അവര്‍ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്. ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മാത്രമല്ല, ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും തുല്യതയും പരിരക്ഷയും ഉറപ്പുവരുത്തുന്നതാണ് ഇന്ത്യന്‍ ഭരണഘടന.
കുടിയേറ്റക്കാരിലെ മുസ്‌ലിങ്ങളുടെ മാത്രം പൗരത്വം റദ്ദ് ചെയ്യലാണ് പൗരത്വ നിയമ ഭേദഗതിയുടെ ലക്ഷ്യം. ഇത്തരത്തിലുള്ള മതപരമായ വിവേചനം ഭരണഘടന അംഗീകരിക്കുന്നില്ല. സഘപരിവാര്‍ ഭരണകൂടത്തിന്റെ ഇത്തരത്തിലുള്ള നടപടികളുടെ ഭാഗമായി പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത ഒരു രാജ്യമായിട്ടാണ് ഇന്ത്യയെ ഇപ്പോള്‍ അന്താരാഷ്ട്ര സമൂഹം കണുന്നത്’ മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് കടപ്പുറത്ത് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ പ്രതികരിക്കാതിരുന്ന കോണ്‍ഗ്രസ് എം.പിമാരെയും മുഖ്യമന്ത്രി യോഗത്തില്‍ വിമര്‍ശിച്ചു. രാജ്യത്ത് പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം നടക്കുമ്പോള്‍ കോണ്‍ഗ്രസ് എം.പിമാര്‍ നേതാവിന്റെ വീട്ടില്‍ വിരുന്നുണ്ണുകയായിരുന്നു എന്നും അവരുടെ ദേശീയ നേതാവ് വിദേശത്തായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള എ.എം. ആരിഫ് എം.പി മാത്രമാണ് വിഷയത്തില്‍ പാര്‍ലമെന്റില്‍ ശബ്ദയമുയര്‍ത്തിയതെന്നും ബാക്കിയുള്ളവരെല്ലാം ഓടിയൊളിക്കുകയായിരുന്നു എന്നും പിണറായി വിജയന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്രയില്‍ പൗരത്വ നിയമത്തെ കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.