കോണ്‍ഗ്രസ് ബന്ധത്തിനപ്പുറം ഹൈദരാബാദ് ബാക്കിവെച്ചത്
Opinion
കോണ്‍ഗ്രസ് ബന്ധത്തിനപ്പുറം ഹൈദരാബാദ് ബാക്കിവെച്ചത്
വി.വി. ശ്രീജിത്ത്
Tuesday, 24th April 2018, 5:07 pm

ബഹുജന സ്വാധീനം തിരികെപ്പിടിക്കാനുള്ള ക്രിയാത്മക പദ്ധതികള്‍ സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചയായിട്ടുണ്ടാകാമെങ്കിലും കോണ്‍ഗ്രസ് ബന്ധത്തിനാണ് നേതാക്കള്‍ പോലും ഊന്നല്‍ നല്‍കിയതെന്ന സംശയം സ്വാഭാവികം

1998 ഒക്ടോബര്‍ 11 ഞായര്‍. സി.പി.ഐ.എം പതിനാറാം പാര്‍ട്ടി കോണ്‍ഗ്രസ് കൊല്‍ക്കത്തയില്‍ സമാപിച്ച ദിനം. ജനറല്‍ സെക്രട്ടറിയായി ഹര്‍കിഷന്‍ സിങ് സുര്‍ജിത് മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാം ബദലിനായി യത്‌നിക്കുന്നതിനോടൊപ്പം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ശക്തമായ അടിത്തറയുണ്ടാക്കേണ്ടതിന്റെ ആവശ്യകത സമാപന പൊതുസമ്മേളനത്തില്‍ സുര്‍ജിത് ഊന്നിപ്പറഞ്ഞ കാര്യം അന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പത്തുവര്‍ഷം നീണ്ട ജയില്‍വാസവും എട്ടുവര്‍ഷത്തെ ഒളിവ് ജീവിതവുമെല്ലാം നല്‍കിയ കരുത്തായിരുന്നു സി.പി.ഐ.എം ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ വെല്ലുവിളികളെ നേരിടാന്‍ സുര്‍ജിത്തിന് സഹായകമായത്. മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം കാര്യമായ സ്വാധീനമുള്ള ഒരു പാര്‍ട്ടിയുടെ നേതാവായിരുന്നിട്ടും ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന കിങ്‌മേക്കര്‍ എന്ന നിലയില്‍ അദ്ദേഹം ശ്രദ്ധ നേടി. ഐക്യമുന്നണി സര്‍ക്കാറുകളും യു.പി.എ സര്‍ക്കാറുമെല്ലാം അതിന് സാക്ഷ്യം.

 

20 വര്‍ഷങ്ങള്‍ക്കുശേഷം രാജ്യത്തെ സി.പി.ഐ.എമ്മിന്റെ പ്രധാന നേതാക്കളെല്ലാം ഒത്തുചേര്‍ന്ന ഒരു ഞായര്‍ കൂടി കടന്നുപോയി. 2018 ഏപ്രില്‍ 22. 22ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഹൈദരാബാദില്‍ സമാപനം കുറിച്ച അന്ന് സീതാറാം യെച്ചൂരി രണ്ടാമതും ജനറല്‍ സെക്രട്ടറിയായി.

ലക്ഷ്യം ബി.ജെ.പിയെ താഴെയിറക്കുകയെന്നതാണ്, എന്നാല്‍ കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമില്ല എന്ന പ്രഖ്യാപനമാണ് സി.പി.ഐ.എം നടത്തിയതെങ്കിലും വീണ്ടുമൊരു കിങ് മേക്കര്‍ പാര്‍ട്ടിയില്‍ നിന്നുയര്‍ന്ന് വരുമോയെന്നതാണ് ചോദ്യം. സുര്‍ജിത്തിന് ശേഷം ആ കടമ യെച്ചൂരി നിര്‍വഹിക്കുമോയെന്നതാണ് അറിയാനുള്ളത്.

1996ലെ ഐക്യമുന്നണി സര്‍ക്കാറിന് വേണ്ടി പൊതുമിനിമം പരിപാടി തയാറാക്കുന്നതില്‍ പി. ചിദംബരത്തോടൊപ്പം പങ്ക് വഹിച്ച വ്യക്തിയാണ് യെച്ചൂരി. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്കുശേഷം പാര്‍ട്ടി രേഖകള്‍ തയാറാക്കുന്നതിലും മറ്റും സുര്‍ജിത്തിനെ ഏറെ സഹായിച്ച യെച്ചൂരി എന്നും സുര്‍ജിത് “പക്ഷ”ക്കാരനായിരുന്നു.

 

 

ആണവകരാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും ഇടതുകക്ഷികളും തമ്മിലുണ്ടാക്കിയ ഏകോപനസമിതിയില്‍ യെച്ചൂരിയും അംഗമായിരുന്നു. ഇതെല്ലാമടക്കം തന്ത്രങ്ങള്‍ക്ക് പഞ്ഞമില്ലെങ്കിലും രണ്ടാമൂഴം അദ്ദേഹത്തിനും പാര്‍ട്ടിക്കും ഏറെ നിര്‍ണായകമാണ്.

“നടപ്പായ” ലക്ഷ്യങ്ങള്‍ വീണ്ടും മുന്നില്‍

നാല് ദിനത്തെ ചര്‍ച്ചകള്‍ക്കും മറുപടികള്‍ക്കും ശേഷം, പുതിയ വെല്ലുവിളികള്‍ നേരിടാന്‍ നേതൃത്വത്തിന്റെ പക്കല്‍ ഹൈദരാബാദ് നല്‍കിയ ആയുധങ്ങള്‍ വല്ലതുമുണ്ടോയെന്നാണ് ഇനി അറിയാനുള്ളത്. കാരണം 2018ലെ രാജസ്ഥാന്‍, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകള്‍, 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് എന്നിവ ജനറല്‍ സെക്രട്ടറിക്കും സി.പി.ഐ.എമ്മിനും ശക്തി തെളിയിക്കേണ്ട സന്ദര്‍ഭങ്ങളാണ്. അതിനാല്‍ തന്നെ 22ാം പാര്‍ട്ടി കോണ്‍ഗ്രസിന് കൊടിയിറങ്ങിയപ്പോള്‍ ചില ചോദ്യങ്ങള്‍ തീര്‍ച്ചയായും ബാക്കിയാണ്.

അതായത്, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനോട് എന്ത് നിലപാട് സ്വീകരിക്കണമെന്ന ഒറ്റ അജണ്ട മാത്രമാണ് സി.പി.ഐ.എം ഗൗരവമായി ചര്‍ച്ച ചെയ്തതെന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കുന്നതില്‍ നേതാക്കളുടെ പ്രതികരണവും ഒരളവ് വരെ കാരണമായില്ലേയെന്നത് തന്നെയാണ് അതില്‍ പ്രധാനം.

ത്രിപുര കൂടി നഷ്ടപ്പെട്ട ശേഷം നടന്ന ആദ്യ കോണ്‍ഗ്രസ് എന്ന നിലയില്‍ ബഹുജന സ്വാധീനം തിരികെപ്പിടിക്കാന്‍ എന്ത് ക്രിയാത്മക പദ്ധതികളാണ് മുന്നോട്ടുവെക്കുന്നത് എന്ന ചോദ്യം പ്രതിനിധികളുടെ ചര്‍ച്ചകളില്‍ വന്നിട്ടുണ്ടാകാമെങ്കിലും അവയുടെ മറുപടികളൊന്നും വേണ്ടവിധം ജനസമൂഹത്തിലേക്കത്തെിയില്ല. കേന്ദ്രനേതൃത്വം ഫലപ്രദമായി പല പ്രശ്‌നങ്ങളിലും ഇടപെടുന്നില്ലെന്ന് കേരള പ്രതിനിധികളടക്കം പലരും ചര്‍ച്ചയില്‍ ഉന്നയിച്ചതും ഇവിടെ പ്രസക്തമാണ്.

 

ഇക്കാര്യം ചൂണ്ടിക്കാണിക്കുമ്പോള്‍ ദല്‍ഹിയില്‍ നടന്ന 18 ാം പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം അന്നത്തെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞ ചില ലക്ഷ്യങ്ങളുടെ ഇന്നത്തെ അവസ്ഥ കൂടി പരിശോധിക്കേണ്ടി വരും. ഹൈദരാബാദില്‍ നടന്ന പതിനേഴാം പാര്‍ട്ടി കോണ്‍ഗ്രസ് മുന്നോട്ടുവെച്ച രാഷ്ട്രീയ നിലപാട് നടപ്പാക്കാന്‍ സാധിച്ചെന്നാണ് അന്ന് കാരാട്ട് ദല്‍ഹിയില്‍ പറഞ്ഞത്.

ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് ഒഴിവാക്കുക, പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ കരുത്ത് പരമാവധി വര്‍ധിപ്പിക്കുക തുടങ്ങിയവ നടപ്പാക്കാനായെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ, അന്ന് “നടപ്പായ” ആ രണ്ട് ലക്ഷ്യവും ഇപ്പോള്‍ വീണ്ടും മറ്റൊരു രീതിയില്‍ സി.പി.ഐ.എമ്മിന് മുന്നില്‍ വെല്ലുവിളി തീര്‍ക്കുകയാണ്. പാര്‍ട്ടി സ്വതന്ത്രമായ ശക്തി വര്‍ധിപ്പിക്കുന്നതിലൂടെ മാത്രമേ കോണ്‍ഗ്രസ്, ബി.ജെ.പി ഇതര ബദല്‍ സാധ്യമാകൂവെന്ന അന്നത്തെ ലക്ഷ്യത്തിനും തിരിച്ചടി നേരിട്ടു.

ഹിന്ദി ഇന്നും സ്വപ്നമാണ്

ഹിന്ദി മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കുകയെന്ന, ഏറെക്കാലമായി കൊണ്ടുനടക്കുന്ന ലക്ഷ്യവും ഈ പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷവും ബാക്കിയാവുകയാണ്. ഭൂപ്രശ്‌നവും സാമൂഹിക പ്രശ്‌നങ്ങളും ഉയര്‍ത്തി സമരങ്ങള്‍ കെട്ടഴിച്ചുവിടുകയെന്നതാണ് അതിന് കണ്ടത്തെിയിരുന്ന മാര്‍ഗം. പക്ഷേ, ദക്ഷിണേന്ത്യക്കപ്പുറം പാര്‍ട്ടിക്ക് ഇപ്പോഴും കാര്യമായ സ്വാധീനം ചെലുത്താനാകുന്നില്ല.

സുര്‍ജിത്തിന്റെ തലമുറയില്‍ നിന്ന് കാരാട്ടിന്റെയും യെച്ചൂരിയുടെയും കൈകളിലേക്ക് നേതൃത്വം എത്തിയപ്പോള്‍ ഇടത് മനസ്സുള്ളവരെല്ലാം പ്രതീക്ഷിച്ച ഒരു കാര്യം രാജ്യവ്യാപക സ്വാധീനത്തിലേക്ക്, പ്രത്യേകിച്ച് യുവാക്കളിലേക്ക് സി.പി.ഐ.എം കൂടുതല്‍ ഇറങ്ങിച്ചെല്ലുമെന്നതായിരുന്നു. ജെ.എന്‍.യു സമരത്തിന്റെയും മറ്റും തുടര്‍ച്ച പക്ഷേ, പൊതുരാഷ്ട്രീയ രംഗത്ത് അത്ര പ്രകടമായില്ല. തീവ്ര വലതുപക്ഷം കൂടുതല്‍ പിടിമുറുക്കി താനും.

 

“പ്രക്ഷോഭങ്ങളും പ്രചാരണപരിപാടികളും തുടര്‍ച്ചയായി നടത്തിയിട്ടും പ്രതീക്ഷിച്ച നേട്ടം തെരഞ്ഞെടുപ്പുകളിലുണ്ടാകുന്നില്ലെന്ന” കേന്ദ്രകമ്മറ്റി റിപ്പോര്‍ട്ടുകളിലെ പതിവ് പരിഭവത്തിന് ത്രിപുരക്ക് ശേഷം പ്രാധാന്യമേറെയാണ്. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ അംഗസംഖ്യ ഇടിയുന്നതായി പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പാകെ വെച്ച സംഘടനാരേഖ ഇത്തവണയും ചൂണ്ടിക്കാട്ടി.

ഡി.വൈ.എഫ്.ഐ അംഗസംഖ്യ 2001 മുതല്‍ കുറയുന്നതായാണത്രെ പാര്‍ട്ടി റിപ്പോര്‍ട്ട് തന്നെ പറയുന്നത്. രാജ്യത്ത് യുവാക്കളുടെ ജീവിതം കൂടുതല്‍ അരക്ഷിതമാകുകയും ഇവരില്‍ വലിയൊരു വിഭാഗത്തെ തീവ്ര വര്‍ഗീയത ആകര്‍ഷിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ചില സംസ്ഥാനങ്ങളൊഴിച്ച് യുവജനസംഘടന തളരുന്നത് സി.പി.ഐ.എമ്മിന്റെ വളര്‍ച്ചയെക്കൂടിയാണ് ബാധിക്കുന്നത്.

തീരാതെ നയപര പ്രശ്‌നങ്ങള്‍

മുമ്പ് പാര്‍ട്ടി കോണ്‍ഗ്രസില്‍ “നയപരമായ പ്രശ്‌നങ്ങളെ”ക്കുറിച്ചുള്ള രേഖയില്‍ പറഞ്ഞ കാര്യങ്ങളിലും ഇപ്പോഴും അവ്യക്തത പൂര്‍ണമായി നീങ്ങിയിട്ടില്ലെന്നതാണ് മറ്റൊരു പോരായ്മ. പാര്‍ട്ടി നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാറുകള്‍ ആഗോളീകരണ നയങ്ങളോട് സ്വീകരിക്കേണ്ട നയം സംബന്ധിച്ചും വിദേശനിക്ഷേപം സംബന്ധിച്ചുമെല്ലാം കൃത്യമായ മാര്‍ഗനിര്‍ദേശമാണ് അന്ന് നയരേഖ കൊണ്ടുദ്ദേശിച്ചത്.

 

അതായത് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് വായ്പകള്‍ വാങ്ങാമെങ്കിലും നയപരമായ മാറ്റങ്ങള്‍ക്കുള്ള ശിപാര്‍ശകള്‍ അടങ്ങുന്ന വായ്പകള്‍ വാങ്ങരുത്. എന്നാല്‍, അതത് സാഹചര്യങ്ങള്‍ക്കനുസരിച്ച് വിട്ടുവീഴ്ച വേണ്ടിവരുന്ന സ്ഥിതിക്ക് ഇപ്പോഴും കാര്യമായ മാറ്റം വരുത്താനാകുന്നില്ല.

നവകേരളം എന്ന ലക്ഷ്യവുമായി അധികാരമേറ്റ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ എത്ര മാത്രം ബദല്‍ നയങ്ങള്‍ സാധ്യമായി എന്നതും ഇതില്‍ പ്രധാനമാണ്. യു.ഡി.എഫ് കാലത്ത് കേരളത്തില്‍ നടന്ന പരിസ്ഥിതി- ജനകീയ സമരങ്ങളും ഇടത് സര്‍ക്കാറുകളുടെ രൂപവത്കരണങ്ങളില്‍ വലിയ പങ്ക് വഹിച്ചെന്ന സത്യം ഭരണത്തിന് നേതൃത്വം നല്‍കുന്നവരെ ഓര്‍മിപ്പിക്കേണ്ട ചുമതലയും യെച്ചൂരി ഏറ്റെടുക്കേണ്ട അടിയന്തര കടമകളിലൊന്നായിത്തീരുന്നു.

“ലാല്‍സലാം, നീല്‍സലാം”

മറ്റൊന്ന് ദളിത് ധാരയോടുള്ള നിലപാടാണ്. ഇത്തവണ പാര്‍ട്ടി കോണ്‍ഗ്രസിന് പിറ്റേന്നിറങ്ങിയ “ദേശാഭിമാനി” യില്‍ യെച്ചൂരിയുടെ പ്രസംഗത്തിന് നല്‍കിയ തലക്കെട്ട് “ഇനി ഉയരുക ലാല്‍സലാം, നീല്‍സലാം” എന്നതായിരുന്നു. ദലിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യയും പടപ്പാട്ടുകാരന്‍ ഗദ്ദറുമെല്ലാം ഇത്തവണ സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിനത്തെിയതും ഇതോട് ചേര്‍ത്ത് വായിക്കാം.

 

തെലങ്കാനയില്‍ സി.പി.ഐ.എം നേതൃത്വത്തില്‍ ബഹുജന മുന്നണി രൂപവത്കരിച്ച് കഴിഞ്ഞെന്നത് ശ്രദ്ധേയം തന്നെയാണ്. ദളിത് സംഘടനകളും ഇതിന്റെ ഭാഗമാണ്. അംബേദ്കറിസ്റ്റുകളും മാര്‍ക്‌സിസ്റ്റുകളും ഒരുമിച്ച് അണിനിരക്കേണ്ട സമയം അതിക്രമിച്ചെന്നാണ് സമ്മേളനനഗരിയില്‍ കാഞ്ച ഐലയ്യ പറഞ്ഞത്. ഈ വാക്കുകള്‍ സി.പി.ഐ.എം എത്ര മാത്രം ഉള്‍ക്കൊള്ളുമെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇതിന്റെ ഭാവി.

“കാസ്റ്റ് ആന്‍ഡ് ക്‌ളാസ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്‌സ് ടുഡേ” എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് കൂടിയായ യെച്ചൂരി വീണ്ടും തലപ്പത്തത്തെിയിരിക്കെ ഈ വഴിയില്‍ ഇനി മുന്നോട്ടുപോകാതെ ഇടതുപാര്‍ട്ടികള്‍ക്ക് മറ്റ് മാര്‍ഗങ്ങള്‍ കുറവാണ്.

ലയനത്തിന് മുമ്പ് ഐക്യം

ഇടത് ഐക്യം എന്നതിന്റെ ആശയരൂപത്തിലെങ്കിലുമുള്ള പൂര്‍ത്തീകരണമാണ് മറ്റൊരു പ്രധാന കടമ. ദേശീയതലത്തില്‍ മറ്റ് ഇടതുപക്ഷ പാര്‍ട്ടികളോട് സി.പി.ഐ.എം സ്വീകരിക്കുന്ന നിലപാടുകള്‍ ഇടത് ഐക്യത്തിന് സഹായകരമായത് തന്നെയാണെന്നത് ഇത്തവണയും പാര്‍ട്ടി കോണ്‍ഗ്രസിനത്തെിയ ഇടത് നേതാക്കള്‍ തെളിയിച്ചു.

കാഞ്ച ഐലയ്യ, ഗദ്ദര്‍

വേദിയിലത്തെിയ സി.പി.ഐ (എം.എല്‍) നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞത് പാര്‍ലമെന്റേതര പോരാട്ടം ശക്തിപ്പെടുത്തുക മാത്രമേ മാര്‍ഗമുള്ളൂവെന്നതാണ്. ആള്‍ ഇന്ത്യ ഫോര്‍വേഡ് ബ്‌ളോക്ക് നേതാവ് ജി.ആര്‍. ശിവശങ്കര്‍, ആര്‍.എസ്.പി നേതാവ് മനോജ് ഭട്ടാചാര്യ, സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി, എസ്.യു.സി.ഐ.സി പൊളിറ്റ്ബ്യുറോ അംഗം അഷിത് ഭട്ടാചാര്യ എന്നിവരും ഹൈദരാബാദ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു.

പക്ഷേ, സംസ്ഥാന തലങ്ങളില്‍ ഈ ഐക്യം പ്രാവര്‍ത്തികമാക്കാന്‍ ജനറല്‍ സെക്രട്ടറി യെച്ചൂരിയും കേന്ദ്രനേതൃത്വവും ഏറെ പണിപ്പെടേണ്ടി വരും. ഭരണം അവശേഷിക്കുന്ന സംസ്ഥാനമെന്ന നിലയില്‍ കേരളത്തിലാകും ഇതിന്റെ പ്രതിഫലനമേറെ. ഏതായാലും തീവ്ര ഇടതുപക്ഷവുമായുള്ള ഐക്യമെങ്കിലും കേരളത്തില്‍ മരീചികയായി തുടരുമെന്നതില്‍ സംശയമില്ല.