മതം വേറെ, സര്‍ക്കാര്‍ വേറെ; നിര്‍ണായക നിര്‍ദ്ദേശവുമായി ലെബനന്‍ പ്രസിഡന്റ്
World
മതം വേറെ, സര്‍ക്കാര്‍ വേറെ; നിര്‍ണായക നിര്‍ദ്ദേശവുമായി ലെബനന്‍ പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st November 2019, 7:32 pm

ബെയ്‌റൂട്ട്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം മൂലം പ്രധാനമന്ത്രി രാജിവെച്ചതിനെ തുടര്‍ന്ന് ഭരണപ്രതിസന്ധിയിലായ ലെബനനില്‍ സര്‍ക്കാരിന്റെ ഘടനാ മാറ്റത്തിന് ആഹ്വാനം ചെയ്ത് ലെബനന്‍ പ്രസിഡന്റ് മൈക്കല്‍ ഔണ്‍.

രാജ്യത്തെ എല്ലാ മതവിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും, കഴിവും ഭരണമികവും പുലര്‍ത്താന്‍ സാധിക്കുന്നവരെ ഉള്‍പ്പെടുത്തി പുതിയ മന്ത്രി സഭ നിര്‍മിക്കണമെന്നുമാണ് പ്രസിഡന്റിന്റെ ആവശ്യം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിലവില്‍ ലെബനന്‍ സര്‍ക്കാരില്‍ രാജ്യത്തെ മതവിഭാഗങ്ങളെ പ്രതിനിധാനം ചെയ്ത് അധികാരസ്ഥാനങ്ങള്‍ പങ്കിടുന്ന രീതിയാണുള്ളത്. ഇതു പ്രകാരം ലെബനന്‍ പ്രധാനമന്ത്രി ഒരു സുന്നി മുസ്‌ലിം ആയിരിക്കണം. പ്രസിഡന്റ് ഒരു ക്രിസ്ത്യന്‍ മതവിശ്വാസിയും പാര്‍ലമെന്റ് സ്പീക്കര്‍ ഒരു ഷിയ മുസ്‌ലിമും ആയിരിക്കണം. 1943 ല്‍ ഉടമ്പടിയായ കരാറാണിത്.

വിഭാഗീയത രാജ്യത്തെ നശിപ്പിക്കുന്ന രോഗമാണെന്നാണ് പ്രസിഡന്റിന്റെ വാദം. പ്രസിഡന്റ് സ്ഥാനമേറ്റെടുത്തതിന്റെ മൂന്നാം വാര്‍ഷികദിനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ഇദ്ദേഹത്തിന്റ ആഹ്വാനം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്തെ തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും ചൂണ്ടിക്കാട്ടി ലെബനന്‍ ജനത നടത്തിയ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി സാദ് അല്‍ ഹരീരി കഴിഞ്ഞ ദിവസം പ്രസിഡന്റിന് രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പുതിയ മന്ത്രിസഭ ഉണ്ടാക്കുന്നതുവരെ സംരക്ഷക സ്ഥാനത്തു നില്‍ക്കാന്‍ പ്രസിഡന്റ് ഹരീരിയോട് ആവശ്യപ്പെടുകയായിരുന്നു. പ്രസിഡന്റിന്റെ ഇപ്പോഴത്തെ ആഹ്വാനത്തോട് പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള ഹിസ്‌ബൊള്ള സംഘം ഇതു വരെയും പ്രതികരിച്ചിട്ടില്ല.