മലപ്പുറം: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ ഏഴ് മണ്ഡലങ്ങള്‍ പിടിക്കാനുള്ള തയ്യാറെടുപ്പുകളുമായി നീങ്ങുകയാണ് എല്‍.ഡി.എഫ്. നിലവില്‍ ഇടതുപക്ഷം ഭരിക്കുന്ന നാല് മണ്ഡലങ്ങള്‍ക്ക് പുറമെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ച മൂന്ന് മണ്ഡലങ്ങള്‍ കൂടിയാണ് എല്‍.ഡി.എഫ് ലക്ഷ്യം വെക്കുന്നത്.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ജില്ലയില്‍ ലഭിച്ച വോട്ടുകളേക്കാള്‍ മൂന്നര ലക്ഷത്തിലധികം വോട്ടുകള്‍ ഇത്തവണ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ലഭിച്ചിരുന്നു. ഇത് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ നില മെച്ചപ്പെടുത്തുമെന്നാണ് സി.പി.ഐ.എം നേതൃത്വം കണക്കുകൂട്ടുന്നത്.
നിലവില്‍ എല്‍.ഡി.എഫ് വിജയിച്ച നിലമ്പൂര്‍, പൊന്നാനി, തവനൂര്‍, താനൂര്‍ എന്നീ നാല് മണ്ഡലങ്ങള്‍ക്ക് പുറമെ എല്‍.ഡി.എഫിന് വിജയസാധ്യതയുള്ള പെരിന്തല്‍മണ്ണ, മങ്കട, തിരൂര്‍ എന്നീ മണ്ഡലങ്ങളില്‍ കൂടി വിജയമുറപ്പിക്കാനാണ് എല്‍.ഡി.എഫ് നീക്കം. കൂടാതെ മറ്റ് മണ്ഡലങ്ങളില്‍ ശക്തമായ പോരാട്ടം നടത്താനും എല്‍.ഡി.എഫ് പദ്ധതിയിടുന്നുണ്ട്.
കൊണ്ടോട്ടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പൊന്നാനി എന്നീ 16 മണ്ഡലങ്ങളാണ് മലപ്പുറം ജില്ലയിലുള്ളത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ താരതമ്യേന കുറഞ്ഞ വോട്ടുകള്‍ക്ക് പരാജയപ്പെട്ടതും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചതുമായ പെരിന്തല്‍മണ്ണ, മങ്കട, തിരൂര്‍ എന്നീ മണ്ഡലങ്ങളാണ് ഇത്തവണ ഉറപ്പായും പിടിച്ചെടുക്കാമെന്ന് ഇടതുപക്ഷം കരുതുന്നത്. നിലവില്‍ കൈവശമുള്ള മണ്ഡലങ്ങളില്‍ സിറ്റിംഗ് എം.എല്‍.എമാരെ തന്നെ മത്സരരംഗത്തിറക്കാനാണ് എല്‍.ഡി.എഫ് പദ്ധതിയിടുന്നത്. 579 വോട്ടുകള്‍ക്ക് മാത്രമാണ് കഴിഞ്ഞ തവണ പെരിന്തല്‍മണ്ണ മണ്ഡലം എല്‍.ഡി.എഫിന് നഷ്ടമായത്.
മുസ്‌ലിം വോട്ടുകള്‍ വിധി നിര്‍ണയിക്കുന്ന മലപ്പുറം ജില്ലയില്‍ മുസ്‌ലിം ലീഗിനുള്ള വലിയ സ്വാധീനത്തിന് പുറമെ വെല്‍ഫെയര്‍ പാര്‍ട്ടിയും യു.ഡി.എഫിനോടൊപ്പം ചേര്‍ന്നിട്ടും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചത് എല്‍.ഡി.എഫിന് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കിയിട്ടുണ്ട്.
അതേ സമയം ദേശീയ രാഷ്ട്രീയ രംഗത്തുണ്ടായിരുന്ന മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റിയതും തെരഞ്ഞെടുപ്പില്‍ ലീഗിനെ അദ്ദേഹം നയിക്കാന്‍ പോകുന്നതും ജില്ലയില്‍ മുസ്‌ലിം ലീഗിന് വലിയ ആവേശം സൃഷ്ടിക്കുമെന്നും തെരഞ്ഞെടുപ്പില്‍ വിജയം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നുമാണ് ലീഗ് വൃത്തങ്ങള്‍ പറയുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക