മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ സെലക്ഷന്‍ കമ്മിറ്റി തലപ്പത്തേക്ക്? മത്സരത്തിന് നെഹ്‌റയും വെങ്കടേഷ് പ്രസാദും അടക്കമുള്ളവര്‍
Cricket
മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ സെലക്ഷന്‍ കമ്മിറ്റി തലപ്പത്തേക്ക്? മത്സരത്തിന് നെഹ്‌റയും വെങ്കടേഷ് പ്രസാദും അടക്കമുള്ളവര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 19th November 2019, 7:56 pm

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ സംബന്ധിച്ച വിവാദങ്ങള്‍ കൊഴുക്കവെ, എം.എസ്.കെ പ്രസാദിനു പകരം സെലക്ഷന്‍ കമ്മിറ്റിയുടെ തലപ്പത്തേക്ക് പുതിയ നിയമനം വരുന്നു. ആരാണെന്ന കാര്യം ഡിസംബര്‍ ഒന്നിനു നടക്കുന്ന വാര്‍ഷിക ജനറല്‍ യോഗത്തിലേ തീരുമാനമാകൂ. എന്നാല്‍ മുന്‍ ഇന്ത്യന്‍ സ്പിന്നറും പ്രശസ്ത കമന്റേറ്ററുമായ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്റെ പേരാണ് ഈ സ്ഥാനത്തേക്കു പ്രധാനമായും കേള്‍ക്കുന്നത്.

തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ പിന്തുണയാണ് ശിവരാമകൃഷ്ണന് അനുകൂലമാവുകയെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹൈദരാബാദില്‍ നിന്നും അര്‍ഷാദ് അയ്യൂബ്, കര്‍ണാടകത്തില്‍ നിന്നുള്ള മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കടേഷ് പ്രസാദ് എന്നിവരുടെ പേരുകളും സജീവമായി നില്‍ക്കുന്നുണ്ട്. മറ്റൊരാള്‍ ജ്ഞാനേന്ദ്ര പാണ്ഡെയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അയ്യൂബും പ്രസാദും ദക്ഷിണമേഖലയെ പ്രതിനിധീകരിക്കുമ്പോള്‍, പാണ്ഡെ മധ്യമേഖലയെയാണു പ്രതിനിധീകരിക്കുക. മുന്‍ ഇന്ത്യന്‍ താരവും യു.പി സ്വദേശിയുമാണ്.

ഉത്തരമേഖലയില്‍ നിന്ന് മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റയുടെ പേരും കിഴക്കന്‍ മേഖലയില്‍ നിന്ന് ദീപ് ദാസ്ഗുപ്തയുടെയും സുനില്‍ ഗവാസ്‌കറുടെ മകനും മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറുമായ രോഹന്‍ ഗവാസ്‌കറുടെ പേരുമാണു കേള്‍ക്കുന്നത്.

സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷസ്ഥാനത്തു നിന്നിറങ്ങിയാല്‍ പ്രസാദ് തെലുഗു ക്രിക്കറ്റില്‍ കമന്റേറ്ററായി പുതിയ ചുമതലയേറ്റെടുക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തേ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ ടീമില്‍ നിലനിര്‍ത്തിയതിനെച്ചൊല്ലി സെലക്ഷന്‍ കമ്മിറ്റി ഏറെ പഴികേട്ടിരുന്നു. മോശം ഫോം തുടരുന്ന പന്തിന് ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ നിരന്തരമായി സ്ഥാനം കൊടുക്കുന്നതാണു വിമര്‍ശകരെ ചൊടിപ്പിച്ചത്.

പന്തിനു പകരം ടീമിലുള്ള മലയാളിതാരം സഞ്ജു വി. സാംസണ് അവസരം നല്‍കാത്തത് എന്താണെന്നാണു മുതിര്‍ന്ന താരങ്ങളടക്കം ചോദിക്കുന്നത്.